| Tuesday, 1st June 2021, 7:33 am

സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്നുമുതല്‍; തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഓണ്‍ലൈനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്നു മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ച് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അധ്യയന വര്‍ഷം തുടങ്ങുന്നത്. 45 ലക്ഷത്തോളം കുട്ടികള്‍ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ വീടുകളിലിരുന്ന് പങ്കാളികളാകും. പ്രവേശനം പൂര്‍ത്തിയായില്ലെങ്കിലും മൂന്നരലക്ഷത്തോളം കുട്ടികള്‍ ഈ വര്‍ഷവും ഒന്നാം ക്ലാസില്‍ എത്തുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് ഡിജിറ്റല്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. കോട്ടണ്‍ഹില്‍ ഗവ. സ്‌കൂളില്‍ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

ഉദ്ഘാടന സമ്മേളനം കൈറ്റ് -വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്യും. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, പി.ടി ഉഷ എന്നിവര്‍ ആശംസയര്‍പ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും വെര്‍ച്വലായി ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രവേശനോത്സവം.

രാവിലെ 10.30ന് അങ്കണവാടി കുട്ടികള്‍ക്കുള്ള പുതിയ ‘കിളിക്കൊഞ്ചല്‍ ക്ലാസുകള്‍’ ആരംഭിക്കും. വിക്ടേഴ്സ് ചാനല്‍ വഴി ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്കുപുറമേ അതത് സ്‌കൂളുകളില്‍ നിന്നുകൂടി ക്ലാസ് എടുക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിട്ടുണ്ട്. പാഠപുസ്തക വിതരണം 15നകം പൂര്‍ത്തിയാക്കാനാണ് ശ്രമം.

We use cookies to give you the best possible experience. Learn more