| Thursday, 22nd June 2023, 5:05 pm

ഓര്‍ഡിനന്‍സ് വിഷയത്തില്‍ പിന്തുണച്ചില്ലെങ്കില്‍ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ല; കോണ്‍ഗ്രസിന് ആം ആദ്മിയുടെ മുന്നറിയിപ്പ്: റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ഓര്‍ഡിന്‍സിനെതിരായി നടത്തുന്ന പ്രചരണങ്ങളെ പിന്തുണച്ചില്ലെങ്കില്‍ വെള്ളിയാഴ്ച നടക്കുന്ന വിശാല പ്രതിപക്ഷ ഐക്യത്തിന് പങ്കെടുക്കില്ലെന്ന് ആം ആദ്മി മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ജൂണ്‍ 23ന് പട്‌നയില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ എല്ലാവരുടെയും മുന്നില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വിഷയത്തില്‍ കോണ്‍ഗ്രസിന് സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്.

‘ദല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് ഞങ്ങളെ പിന്തുണക്കണം. പിന്തുണച്ചില്ലെങ്കില്‍ നാളെ നടക്കുന്നതും ഇനി നടക്കാനിരിക്കുന്നതുമായ പ്രതിപക്ഷ യോഗങ്ങള്‍ ബഹിഷ്‌കരിക്കും,’ ആം ആദ്മി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ പഞ്ചാബില്‍ ആം ആദ്മിയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരിന് സമാനമായാണ് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭരണഘടനാ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തിയെന്ന് ഞങ്ങള്‍ പറയുമ്പോഴും പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയും ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും മോദി സര്‍ക്കാരിന് സമാനമായാണ് പെരുമാറുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് എങ്ങനെയൊക്കെ ബി.ജെ.പിക്ക് അനുകൂലമായി മാറിയെന്ന് മമതയെയും കെജ്‌രിവാളിനെയും ഓര്‍മിപ്പിക്കും. ആര്‍ട്ടിക്കിള്‍ 370, ഉപരാഷ്ട്രപതി തുടങ്ങി വിഷയങ്ങളില്‍ പ്രതിപക്ഷത്ത് നിന്ന് വ്യത്യസ്ത നിലപാടാണ് ഇരുവരും സ്വീകരിച്ചത്. ഇതൊക്കെയും ബി.ജെ.പി സര്‍ക്കാരിനെ സഹായിച്ചു.

ഇത്തരമൊരു സാഹചര്യത്തില്‍ ഓര്‍ഡിന്‍സിന് പിന്തുണ തേടുന്നതിന് മുമ്പ് ഈ വിഷയങ്ങളെല്ലാം പരിഹരിക്കപ്പെടണം,’ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ എല്ലാവര്‍ക്കും ചെറിയ പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും മോദി സര്‍ക്കാരിനെതിരെ ഒരുമിച്ച് നില്‍ക്കുകയെന്നതാകണം ഇപ്പോഴത്തെ ലക്ഷ്യമെന്ന് ബീഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു.

‘മോദി സര്‍ക്കാരിനെതിരെ ഒന്നിച്ച് നില്‍ക്കുകയെന്നതാകണം ഇപ്പോള്‍ എല്ലാവരുടെയും ലക്ഷ്യം. എല്ലാവര്‍ക്കും ചെറിയ പ്രശ്‌നങ്ങളുണ്ടാകും. കെജ്‌രിവാളിനും മമതക്കും കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും ജെ.ഡി.യുവിനുമെല്ലാം പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ ഒരുമിച്ചുള്ള പോരാട്ടമായിരിക്കണം എല്ലാവരുടെയും ലക്ഷ്യം,’ അദ്ദേഹം പറഞ്ഞു.

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ആദ്യ യോഗമാണ് പട്‌നയില്‍ വെച്ച് നടക്കുന്നത്.

content highlights: The aam admi will not attend the meeting if they do not support the ordinance issue; Aam Aadmi’s warning to Congress: Report

We use cookies to give you the best possible experience. Learn more