ദല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ച് ആപ്പ്; ദല്‍ഹിയെ വൃത്തിയാക്കുമെന്ന് കെജ്‌രിവാള്‍
national news
ദല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ച് ആപ്പ്; ദല്‍ഹിയെ വൃത്തിയാക്കുമെന്ന് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th December 2022, 4:23 pm

ന്യദല്‍ഹി: ബി.ജെ.പിയെ പരാജയപ്പെടുത്തി ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ചരിത്ര വിജയം നേടി ആം ആദ്മി പാര്‍ട്ടി. 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷം നേടി.

വിജയം പ്രചോദനമാണെന്നും ദല്‍ഹിയിലെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് മുന്നേറാന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും ദല്‍ഹിയെ മെച്ചപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഫല പ്രഖ്യാപനം പുറത്തുവന്നതോടെ ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.

ആം ആദ്മി അഴിമതി അവസാനിപ്പിക്കാന്‍ പ്രതിജ്ഞബദ്ധരാണെന്നും ദല്‍ഹി വൃത്തിയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്തിമ ഫലം പുറത്തുവരുമ്പോള്‍ 104 സീറ്റുകളിലാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ഇതുവരെയുള്ള ട്രെന്‍ഡനുസരിച്ച് കോണ്‍ഗ്രസ് എട്ട് സീറ്റിലൊതുങ്ങും.
42.05 ശതമാനം വോട്ടാണ് ഭരണമുറപ്പിച്ച ആം ആദ്മി പാര്‍ട്ടി നേടിയത്. ബി.ജെ.പി 39.09 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ 11.68 ശതമാനത്തില്‍ ഒതുങ്ങി.

 

15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആം ആദ്മിയുടെ ഭരണത്തിന് കീഴില്‍വരുന്നത്. 2015ല്‍ 70ല്‍ 67 സീറ്റും നേടി എ.എ.പി ഭരണം പിടിച്ചപ്പോഴും അതുകഴിഞ്ഞുള്ള മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി വിജയിച്ചിരുന്നു.

മോദിയുടെ ‘ഡബിള്‍ എഞ്ചിന്‍’ തന്ത്രത്തിന്റെ മറ്റൊരു രൂപമാണ് ആം ആദ്മി ഇപ്രാവശ്യം തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ‘കെജ്‌രിവാളിന്റെ സര്‍ക്കാര്‍, കെജ്‌രിവാളിന്റെ കോര്‍പറേഷന്‍’ എന്നായിരുന്നു ആം ആദ്മിയുടെ മുദ്രാവാക്യം.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരിക്കുമ്പോള്‍ അത് ഡബിള്‍ എഞ്ചിനുള്ള സര്‍ക്കാരാകുമെന്നമോദിയുടെ പ്രസ്താവനയെയാണ് അരവിന്ദ് കെജ്‌രിവാള്‍ ഇവിടെ തിരിച്ചു പ്രയോഗിച്ചത്.

മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള വമ്പന്‍ പ്രചരണമാണ് ബി.ജെ.പി ഇപ്രാവശ്യവും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നടത്തിയത്. കുറച്ച് സീറ്റുകളെങ്കിലും തിരിച്ചുപിടിച്ച് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Content Highlight: The Aam Aadmi Party won the Delhi Municipal Corporation by defeating the BJP