കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിംഗ് സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആംആദ്മി പാര്‍ട്ടി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള ശീതയുദ്ധം സിദ്ധു തുടരുന്നതിന് ഇടയ്ക്കാണ് ആംആദ്മി പാര്‍ട്ടിയുടെ ക്ഷണം.
സിദ്ധുവിന് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടി ആംആദ്മിയാണെന്ന് പഞ്ചാബ് നേതാവ് ഹര്‍പാല്‍ സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ ശുദ്ധവായു ശ്വസിക്കുവാനും പറയാനുള്ളത് പറയുവാനും പാര്‍ട്ടിയില്‍ കഴിയും. അദ്ദേഹത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അരവിന്ദ് കെജ്‌രിവാളും തയ്യാറാണെന്നും ഹര്‍പാല്‍ സിംഗ് പറഞ്ഞു.
രണ്ടുവര്‍ഷമായി അമരീന്ദറും സിദ്ദുവും സ്വരച്ചേര്‍ച്ചയിലല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പരസ്യപ്രസ്താവനകളിലൂടെ അത് മൂര്‍ച്ചിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള സിദ്ദുവിന്റെ ഉത്തരവാദിത്തമില്ലാത്ത നടപടികള്‍ കോണ്‍ഗ്രസിനു ദോഷം ചെയ്‌തെന്ന് അമരീന്ദര്‍ കുറ്റപ്പെടുത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 13 ല്‍ എട്ടു സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ നഗരമേഖലകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയം സിദ്ദുവിന്റെ മോശം പ്രവര്‍ത്തനം മൂലമാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു. സിദ്ദുവിന് മുഖ്യമന്ത്രിയാകാനുള്ള അത്യാഗ്രഹമാണെന്നും അദ്ദേഹം യഥാര്‍ഥ കോണ്‍ഗ്രസുകാരനല്ലെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.