വീറ്റോ പവറിന്റെ ദുർവിനിയോഗം; ഇസ്രഈലിനെതിരായ യു.എൻ പ്രമേയങ്ങൾ യു.എസ് വീറ്റോ ചെയ്തത് 49 തവണ
World News
വീറ്റോ പവറിന്റെ ദുർവിനിയോഗം; ഇസ്രഈലിനെതിരായ യു.എൻ പ്രമേയങ്ങൾ യു.എസ് വീറ്റോ ചെയ്തത് 49 തവണ
രാഗേന്ദു. പി.ആര്‍
Thursday, 21st November 2024, 1:00 pm

ന്യൂയോര്‍ക്ക്: ഇസ്രഈലിനെതിരായ ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ യു.എസ് വീറ്റോ ചെയ്തത് 49 തവണ. ഇന്നലെ (ബുധനാഴ്ച)യാണ് ഏറ്റവുമൊടുവില്‍ യു.എസ് ഇസ്രഈലിനെതിരായ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്തത്.

എന്നാല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ യു.എസ് ഒഴികെയുള്ള എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യു.എസിന്റെ നിലപാടും നീക്കവും സാധാരണമെന്ന് പറഞ്ഞ രാഷ്ട്രീയ നിരീക്ഷകര്‍, വീറ്റോ എന്ന അധികാരത്തെ അമേരിക്ക ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി.

സെക്യൂരിറ്റി കൗണ്‍സിലിലെ തെരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങളാണ് കരട് പ്രമേയം അവതരിപ്പിച്ചത്. 1970ലാണ് ഇസ്രഈലിനെതിരായ യു.എന്‍ സുരക്ഷാ സമിതിയുടെ പ്രമേയം ആദ്യമായി യു.എസ് വീറ്റോ ചെയ്യുന്നത്. ജൂത വിര്‍ച്വല്‍ ലൈബ്രറിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

S/10784 എന്ന പ്രമേയമാണ് യു.എസ് ആദ്യമായി വീറ്റോ ചെയ്തത്. ലെബനന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുള്ളതായിരുന്നു പ്രമേയം. ഗിനിയയും സൊമാലിയയും ചേര്‍ന്ന് തയ്യാറാക്കിയ പ്രമേയം വീറ്റോ ചെയ്ത ഏക രാജ്യം കൂടിയാണ് യു.എസ്. പനാമ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

1975ലും ഇസ്രഈലിനെതിരായ യു.എന്‍ പ്രമേയത്തെ യു.എസ് വീറ്റോ ചെയ്തിരുന്നു. ലെബനനിലെ ആഭ്യന്തര യുദ്ധം സംബന്ധിച്ച S/11898 എന്ന പ്രമേയമാണ് യു.എസ് വീറ്റോ ചെയ്തത്. ലെബനനെതിരായ എല്ലാ ആക്രമണങ്ങളില്‍ നിന്നും ഇസ്രഈല്‍ പിന്മാറണമെന്നായിരുന്നു പ്രമേയം.

The 49 times the US used veto power against UN resolutions on Israel

തുടര്‍ന്ന് 1982ല്‍ ഇസ്രഈലിനെതിരെ സ്പെയിന്‍ അവതരിപ്പിച്ച കരട് പ്രമേയവും യു.എസ് വീറ്റോ ചെയ്തു. ആറ് മണിക്കൂറിനുള്ളില്‍ ലെബനനന്റെ എല്ലാ മേഖലകളിൽ നിന്നും ഇസ്രഈല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് സ്‌പെയിന്‍ പ്രമേയം അവതരിപ്പിച്ചത്. ലെബനന് നേരെയുള്ള ഇസ്രഈലിന്റെ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു സ്‌പെയിന്‍ പ്രമേയം അവതരിപ്പിച്ചത്.

ഇതിനുപിന്നാലെ 1985, 1986, 1988 എന്നീ വര്‍ഷങ്ങളിലും ഇസ്രഈലിനെതിരായ യു.എന്‍ പ്രമേയങ്ങള്‍ യു.എസ് വീറ്റോ ചെയ്തിട്ടുണ്ട്. ലെബനനിലെ ആഭ്യന്തര യുദ്ധം സംബന്ധിച്ചായിരുന്നു ഈ മൂന്ന് പ്രമേയങ്ങളും. തുടര്‍ന്ന് 1990ല്‍ ഇസ്രഈല്‍-ലെബനന്‍ യുദ്ധം അവസാനിച്ചെങ്കിലും 2000ത്തിന്റെ അവസാനം വരെ ലെബനനില്‍ നിന്ന് ഇസ്രഈല്‍ പിന്മാറിയിരുന്നില്ല.

The 49 times the US used veto power against UN resolutions on Israel

ജെറുസലേം

ജെറുസലേമിന്റെ വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട് 1976ല്‍ അവതരിപ്പിച്ച S/12022 പ്രമേയവും യു.എസ് വീറ്റോ ചെയ്തിരുന്നു. അധിനിവേശ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ സ്ഥലങ്ങളെ സംരക്ഷിക്കണമെന്ന് ഇസ്രഈലിനോട് ആവശ്യപ്പെടുന്ന പ്രമേയമായിരുന്നു ഇത്.

ഇതേ വര്‍ഷം യു.കെ, ബ്രിട്ടന്‍, ഇറ്റലി, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഇസ്രഈലിനെതിരെ തയ്യാറാക്കിയ പ്രമേയവും യു.എസ് വീറ്റോ ചെയ്തു. ഫലസ്തീനില്‍ നിന്ന് ഇസ്രഈലിനോട് പിന്‍വാങ്ങാന്‍ ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.

The 49 times the US used veto power against UN resolutions on Israel

അല്‍-അഖ്സ

ജെറുസലേമിലെ അല്‍-അഖ്സ മസ്ജിദിനുള്ളില്‍ വെച്ച് വിശ്വാസികള്‍ക്ക് നേരെ ഇസ്രഈലി സൈനികര്‍ വെടിയുതിര്‍ത്തതിനെതിരെ 1982ല്‍ യു.എന്നില്‍ അവതരിപ്പിച്ച പ്രമേയവും യു.എസ് വീറ്റോ ചെയ്തിരുന്നു. ഇറാന്‍, ജോര്‍ദാന്‍, ഉഗാണ്ട, മൊറോക്കോ എന്നീ രാജ്യങ്ങളാണ് ഇസ്രഈലിനെതിരെ പ്രമേയം അവതരിപ്പിച്ചത്. ജനീവ കണ്‍വെന്‍ഷനിലെ വ്യവസ്ഥകള്‍ക്ക് വിലകൊടുക്കണമെന്നായിരുന്നു ഈ പ്രമേയം ഇസ്രഈലിനോട് ആവശ്യപ്പെട്ടത്.

സ്വതന്ത്രമായി ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി ടുണീഷ്യ 1980ല്‍ അവതരിപ്പിച്ച പ്രമേയവും യു.എസ് വീറ്റോ ചെയ്തു. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, നോര്‍വേ, യു.കെ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇസ്രഈലിന്റെ നിയമവിരുദ്ധ കുടിയേറ്റങ്ങളില്‍ പ്രതിഷേധിച്ച് 1983ല്‍ അവതരിപ്പിച്ച പ്രമേയത്തിനെതിരെയും യു.എസ് വീറ്റോ പ്രയോഗിച്ചു. സമാനമായി 1997, 2011 എന്നീ വര്‍ഷങ്ങളില്‍ അവതരിപ്പിച്ച പ്രമേയങ്ങളും വീറ്റോ അധികാരം ഉപയോഗിച്ച് യു.എസ് തള്ളി.

1986ല്‍ അധിനിവേശ പ്രദേശങ്ങളിലെ മുസ്‌ലിം ആരാധനാ കേന്ദ്രങ്ങളെ ബഹുമാനിക്കാന്‍ നിര്‍ദേശിച്ച് അവതരിപ്പിച്ച പ്രമേയവും യു.എസ് വീറ്റോ ചെയ്തിരുന്നു.

ഗസയിലെ നൂറുകണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രഈലിന്റെ സൈനിക നടപടിയെ ചോദ്യം ചെയ്യുന്നതിനായി തയ്യാറാക്കിയ പ്രമേയങ്ങള്‍ക്ക് നേരെയും 2004, 2006 വര്‍ഷങ്ങളില്‍ യു.എസ് വീറ്റോ പ്രയോഗിച്ചിരുന്നു.

തുടര്‍ന്ന് 2011ല്‍ ഫലസ്തീനിലെ ഇസ്രഈല്‍ സെറ്റില്‍മെന്റുകളുമായി ബന്ധപ്പെട്ട പ്രമേയവും യു.എസ് സര്‍ക്കാര്‍ വീറ്റോ ചെയ്തു. ഇത്തവണ ഡെമോക്രറ്റിക് പ്രസിഡന്റായ ബരാക്ക് ഒബാമ ഭരണത്തിലിരിക്കെയാണ് ഇസ്രഈലിനെതിരായ പ്രമേയം യു.എസ് വീറ്റോ ചെയ്തത്.

അതേസമയം ഒബാമ സര്‍ക്കാര്‍ ആദ്യമായും അവസാനമായും ഇസ്രഈലിനെതിരെ ഉപയോഗിച്ച വീറ്റോ ആയിരുന്നു 2011ലേത്. എന്നാല്‍ 2016ല്‍ സമാനമായ ഒരു പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഒബാമ സര്‍ക്കാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

The 49 times the US used veto power against UN resolutions on Israel

ബരാക്ക് ഒബാമ

ഇക്കാലയളവില്‍ ഒബാമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉയര്‍ത്തിയിരുന്നത്. യു.എസിന്റെ നിലപാട് ലജ്ജിപ്പിക്കുന്നതാണെന്നണ് നെതന്യാഹു പറഞ്ഞത്.

തുടര്‍ന്ന് റിപ്പബ്ലിക്കന്‍ നേതാവായ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ഇസ്രഈലിനെതിരായ ഒന്നിലധികം പ്രമേയങ്ങളാണ് യു.എസ് സര്‍ക്കാര്‍ വീറ്റോ ചെയ്തത്. ഭരണത്തിലേറിയതിന് പിന്നാലെ ജെറുസലേം ഇസ്രഈലിന്റെ തലസ്ഥാനമാക്കി മാറ്റാനുള്ള നീക്കത്തെ ട്രംപ് അനുകൂലിച്ചിരുന്നു.

എന്നാല്‍ ട്രംപിന്റെ നിലപാടിനെതിരായ യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ കരട് പ്രമേയവും യു.എസ് 2017 ഡിസംബര്‍ 19ന് വീറ്റോ ചെയ്തു.

The 49 times the US used veto power against UN resolutions on Israel

ഡൊണാള്‍ഡ് ട്രംപ്

ഇതിനുപിന്നാലെയാണ് ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുവൈത്ത് യു.എന്‍ പ്രമേയം അവതരിപ്പിക്കുന്നത്. ഈ പ്രമേയവും 2018 ജൂണില്‍ യു.എസ് വീറ്റോ ചെയ്തു. തുടര്‍ന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യു.എസ് പിന്മാറുകയും ചെയ്തു. ഇസ്രഈലിനോട് പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നീക്കം.

ആഗോള സമൂഹം അടിക്കടി ഇത്തരത്തില്‍ പ്രതികരിക്കുമ്പോഴും യു.എസ് നെതന്യാഹുവിനെയും ഇസ്രഈലിനെയും തോളിലേറ്റുകയാണ് ചെയ്യുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇസ്രഈല്‍ 40000ത്തിലധികം മനുഷ്യരുടെ ജീവനെടുത്തിട്ടും യു.എസ് നെതന്യാഹു സര്‍ക്കാരിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

നിലവില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടും ബന്ദികളുടെ കൈമാറ്റവും ലക്ഷ്യമിട്ട് മുന്നോട്ടുവെച്ച പ്രമേയമാണ് യു.എസ് വീറ്റോ ചെയ്തത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളഞ്ഞുവെന്ന് ആരോപിച്ചാണ് യു.എസ് വീണ്ടും ഇസ്രഈലിന് അനുകൂലമായി വീറ്റോ പ്രയോഗിച്ചത്.

Content Highlight: The 49 times the US used veto power against UN resolutions on Israel

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.