മെസിയെക്കാൾ മൂല്യമുള്ള 21കാരൻ അർജന്റൈൻ താരം ക്ലബ്ബിൽ ബെഞ്ചിൽ; വിശദീകരണവുമായി കോച്ച്
Fooball news
മെസിയെക്കാൾ മൂല്യമുള്ള 21കാരൻ അർജന്റൈൻ താരം ക്ലബ്ബിൽ ബെഞ്ചിൽ; വിശദീകരണവുമായി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th January 2023, 10:50 am

അർജന്റീനയുടെ ലോകകപ്പ് ടീമിൽ മികച്ച പ്രകടനം കൊണ്ട് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താരമായിരുന്നു എൻസോ ഫെർണാണ്ടസ്.

നിലവിൽ പോർച്ചുഗീസ് ക്ലബ്ബ് ബെൻഫിക്കയിൽ കളിക്കുന്ന താരത്തിന്റെ മൂല്യം ലോകകപ്പ് കഴിഞ്ഞതോടെ കുതിച്ചുയർന്നിരുന്നു.

ഏകദേശം 120മില്യൺ യൂറോയാണ് ജനുവരിയിൽ തുറന്ന ട്രാൻസ്ഫർ ജാലകത്തിൽ താരത്തിന് കണക്കാക്കപ്പെടുന്ന മൂല്യം. ചെൽസിയാണ് താരത്തെ സ്വന്തമാക്കാൻ മുൻപന്തിയിലുള്ള ക്ലബ്ബ്.

ബെൻഫിക്ക എൻസോക്കായി വെച്ചിരിക്കുന്ന 120മില്യൺ യൂറോയുടെ റിലീസ് ക്ലോസ് നൽകാൻ ചെൽസി തയാറാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും താരത്തിന് ക്ലബ്ബിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. ചെൽസി താരത്തെ നോട്ടമിട്ടതോടെ ബെൻഫിക്ക അധികൃതർ താരത്തെ മനപ്പൂർവം ബെഞ്ചിൽ ഇരുത്തുകയാണ് എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം ആരാധകർ ആക്ഷേപം ഉന്നയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ബെൻഫിക്കക്ക് എതിരെ എൻസോ ഫെർണാണ്ടസുമായി ഉയർന്ന് വരുന്ന വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബെൻഫിക്ക കോച്ച് റോജർ സ്കിമിഡ്ത്.

“എൻസോ ഞങ്ങളുടെ ക്ലബ്ബിന്റെ അഭിവാജ്യ ഘടകമാണ്. എന്നാൽ ക്ലബ്ബിൽ നിന്നും മാറാനായി എൻസോ നടത്തുന്ന ചില ശ്രമങ്ങൾ അംഗീകരിക്കാനാവില്ല അത് കൊണ്ടാണ് അവന് ബെഞ്ചിൽ ഇരിക്കേണ്ടി വന്നത്.

പക്ഷെ നിങ്ങൾക്ക് സന്തോഷം നൽകുന്ന ഒരു കാര്യം ഞാൻ പറയാം, എൻസോ ട്രെയിനിങ്ങിനിറങ്ങിയിട്ടുണ്ട്.
അവൻ ഞങ്ങളുടെ കളിക്കാരനാണ്, അവനെ ടീമിന് ആവശ്യമുണ്ട്. അത് കൊണ്ട് അവൻ ബെൻഫിക്കക്ക് വേണ്ടി കളിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,’ റോജർ പറഞ്ഞു.

കൂടാതെ എൻസോയെ വാങ്ങാൻ ചെൽസി നടത്തുന്ന ശ്രമങ്ങളെയും റോജർ വിമർശിച്ചു.
“എൻസോയെ വാങ്ങാൻ ഒരു ക്ലബ്ബ് ശ്രമം നടത്തുന്നുണ്ട്. പക്ഷെ അവനെ ഞങ്ങൾ വിൽക്കുന്നില്ലെന്ന് അവരോട് പറഞ്ഞതാണ്.എന്നിട്ടും എൻസോയെ സ്വന്തമാക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾ തീരെ മര്യാദയില്ലാത്തതാണ്,’ റോജർ പറഞ്ഞു.

എന്നാൽ ബെൻഫിക്കയുടെ അനുമതിയില്ലാതെ താരം അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കാനുള്ള വിക്ടറി പരേഡിലടക്കം പങ്കെടുത്തിരുന്നു. കൂടാതെ ഇതിനായി താരം ട്രെയിനിംഗ് മുടക്കിയിരുന്നു. ഇതൊക്കെ ബെൻഫിക്ക അധികൃതരെ ചൊടിപ്പിക്കുകയും, എൻസോക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു.

അതേസമയം ട്രാൻസ്ഫർ മാർക്കറ്റ് മൂല്യത്തിൽ മെസി അടക്കമുള്ള അർജന്റീനക്കാരെ മറികടന്ന് എൻസോ അടുത്തിടെ ഒന്നാമതെത്തിയിരുന്നു.ലോകകപ്പിലെ മികച്ച പ്രകടനമാണ് താരത്തിന്റെ മൂല്യം കുത്തനെ വർധിക്കാൻ കാരണമായത്.

 

Content Highlights:The 21-year-old Argentine is more valuable than Messi on the bench at the club; Coach with explanation