ലോകത്ത് വിവിധ കാലങ്ങളില്‍ വിവാദങ്ങള്‍ വരാറുണ്ട്. വിവിധ വഴികളിലൂടെ. വിവാദങ്ങള്‍ പലപ്പോഴും കെട്ടിച്ചമയ്ക്കപ്പെട്ട് രൂപം കൊള്ളുന്നതോ എല്ലെങ്കില്‍ ചരിത്ര സന്ദര്‍ഭങ്ങളില്‍ നിന്ന് രൂപം കൊള്ളുന്നതോ ആകാമല്ലോ. അത് തിരിച്ചറിയുക പ്രയാസമാണെങ്കിലും അതില്‍ കൗതുകമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ലെന്ന് തീര്‍ച്ച.
ഒരു മാഗസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഫോക്കസ് ആണ് കവര്‍. അതില്‍ വരിക പലപ്പോഴും കാലികമായ ചര്‍ച്ചകളാകും. അത്തരം കവറുകള്‍ പലപ്പോഴും ചരിത്രത്തില്‍ വിവാദങ്ങളായിത്തീരാറുണ്ട്. അടുത്തകാലത്ത് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജയലളിതയെ മോദിക്ക് കത്തെഴുതുന്ന പ്രണയിനിയായി ചിത്രീകരിച്ചത് വിവാദമായിത്തീര്‍ന്നിരുന്നു എന്നതാണ് സമീപകാല വിവാദ ചരിത്രം. അത്തരത്തിലുള്ള ഇരുപത്തിയൊന്ന് വിവാദ മാഗസിന്‍ കവറുകളിലൂടെ യുള്ള ഒരു യാത്രയാണ് ഇത്. സന്തോഷത്തിന്റെയും ദുഖത്തിന്റെയും, അടിച്ചമര്‍ത്തപ്പെടലിന്റെയും അംഗീകരിക്കപ്പെടലിന്റെയും വര്‍ണവിവേചനത്തിന്റെയും വംശീയ വെറിയുടെയുമൊക്കെ ഓര്‍മകള്‍ ഒരു ഞെട്ടലോടെ പകര്‍ന്ന് തരുന്നു എന്നതാണ് ഇനിയുള്ള കവര്‍ ചിത്രങ്ങളെ ഇങ്ങനെ കോര്‍ത്തിണക്കാന്‍ കാരണം. ഒരു ചരിത്രയാത്രകൂടിയാണ് ഈ ചിത്രയാത്ര എന്ന ഓര്‍മ്മപ്പെടുത്തലോടെ നമുക്ക് ആരംഭിക്കാം…
അടുത്ത പേജില്‍ തുടരുന്നു
1. “ഹിറ്റ്‌ലര്‍” – മാന്‍ ഓഫ്ദ ഇയര്‍, 1938
ഇത് 1939 ജനുവരി രണ്ടിന് ഇറങ്ങിയ “ടൈം മാഗസിന്റെ” കവര്‍ ചിത്രമാണ്. ചരിത്രത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച കവര്‍. അന്നത്തെ ജര്‍മനിയിലെ ഫ്യൂററെ, ഹിറ്റലറെ മാസിക 1938ലെ “മാന്‍ ഓഫ് ദി ഈയര്‍” ആയി തിരഞ്ഞെടുത്തു. ഹിറ്റലറെ അന്ന് ഇത്തരത്തില്‍ തിരഞ്ഞെടുത്തത് തുടര്‍ന്നുവന്ന വര്‍ഷത്തില്‍ വലിയ സ്വാധീനമുളവാക്കി എന്നാണ് ടൈം മാസികയുടെ സ്ഥാപകനായ ഹെണ്‍ട്രി ലൂസ് അഭിപ്രായപ്പെട്ടത്.
ചിത്രത്തില്‍, വെറുപ്പിന്റെ പള്ളിയിലിരുന്ന് ഹിറ്റ്‌ലര്‍ സ്തുതിഗീതം മീട്ടുന്നു. പരിശുദ്ധ “കാതറിന്റെ വീലി”ല്‍ ഇരകളെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നു. നാസി അധികാരശ്രേണി അവയിലേയ്ക്ക് നോക്കിക്കൊണ്ടിരിക്കുന്നു. ഗസയില്‍ വംശീയ കുരുതികള്‍ അരങ്ങേറുന്ന ഈ കാലഘട്ടത്തില്‍ അനുസ്മരിക്കപ്പെടേണ്ട ചിത്രമാണിത്.
ഹിറ്റലറുടെ ജര്‍മനിയില്‍ നിന്നും രക്ഷപ്പെട്ട ചിത്രകാരന്‍ ബാരണ്‍ റുഡോള്‍ഫ് ചാള്‍സ് വോണ്‍ റിപ്പറിന്റെതാണ് ചിത്രം. 1927 മുതലാണ് ടൈംസ് മാന്‍ ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചു തുടങ്ങിയത്.
അന്ന് ടൈംസ് മാഗസിന്‍ നല്‍കിയ ലേഖനം:
Man of the Year, 1938
അടുത്ത പേജില്‍ തുടരുന്നു
2. ഗഭിണിയായ നഗ്നസുന്ദരി
1991ലെ “വാനിറ്റി ഫെയര്‍” മാഗസിന്റെ കവര്‍ഫോട്ടോയാണ് ഇത്. 7 മാസം ഗര്‍ഭിണിയായ പ്രശസ്ത സിനിമാ താരം ഡെമി മൂര്‍ മാഗസിനുവേണ്ടി പോസ് ചെയ്തു. ആനി ലീബോവിറ്റ്‌സ് ആണ് ഫോട്ടോഗ്രാഫര്‍. വന്‍ വിമര്‍ശനം തന്നെ മാസിക വാങ്ങിക്കൂട്ടി എന്നു പറയേണ്ടതില്ലല്ലോ. കപട സദാചാര ബോധത്തിനേറ്റ പ്രഹരമായിരുന്നു ഈ കവര്‍. ഈ ചിത്രത്തിലും ഹസ്തബ്രായും നഗ്നനാരിയും ഇപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
അടുത്ത പേജില്‍ തുടരുന്നു
3. ചത്ത ദൈവം? അഥവാ ദൈവത്തിന്റെ നിലനില്‍പ്പിനെ സംശയിച്ചു തുടങ്ങിയ കാലം.
ടൈംസ് മാഗസിന്‍ 1966 ഏപ്രില്‍ 8 ലക്കത്തിന്റെ കവറാണ് ഇത്. ദൈവം മരിച്ചോ എന്നാണ് ടൈംസ് ചോദിക്കുന്നത്. 1960കളില്‍ ദൈവത്തെ കുറിച്ച് തിയോളജിയന്‍മാര്‍ തുടരെത്തുടരെ എഴുതേണ്ടിവന്ന പ്രവണതയെ കുറിച്ച് ടൈംസ് മുമ്പ് എഴുതിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇത്തരമൊരു കവര്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
ഒരു മതേതര സമൂഹത്തിന്റെ ഉയര്‍ച്ചയെ കുറിക്കുന്ന ഈ കവര്‍. പ്രകൃതി പ്രതിഭാസങ്ങളെ വിശദീകരിക്കാന്‍ ദൈവസഹായമില്ലാതെ ശാസ്ത്രത്തിന്, മനുഷ്യന് കഴിയുന്ന ഒരു കാലത്ത് ദൈവത്തെ കുറിച്ചുള്ള എഴുത്തുകളിലെ വൈരുദ്ധ്യങ്ങളെയായിരുന്നു മാഗസിന്‍ കൈകാര്യം ചെയ്തത്.
“ദൈവം മരിച്ചോ? ഈചോദ്യം വിശ്വാസികളുടെ ഇടയില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്നു. അവര്‍ തന്നെ സംശയങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുന്നു. “Is God Dead” എന്ന മൂന്ന് വാചകങ്ങള്‍… ദൈവത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തുതുടങ്ങിയതിന്റെ പ്രതിഫലനമാണ്.” അന്ന് ടൈംസ് അതിന്റെ കവര്‍ സ്റ്റോറിയില്‍ എഴുതി.
അടുത്ത പേജില്‍ തുടരുന്നു
4. ദീപ്തമീ ബന്ധം
എത്ര ഗാഢമാണ് ഈ ചുംബനം ഇല്ലേ? ഇത്രയും തൂവല്‍സ്പര്‍ശം പോലെ ചുംബിക്കാന്‍ ഇവരുടെ പ്രണയത്തിന് എത്ര ആഴം വേണം!!
1981 ജനുവരിയില്‍ റോളിങ് സ്റ്റോണ്‍ മാഗസിന്റെ കവറാണ് ഇത്. ഭാര്യാഭര്‍ത്താക്കന്‍മാരായ രണ്ടുപേരുടെ ഈ ചിത്രത്തിന് ഇന്നും വളരെ പ്രസക്തിയുണ്ട്. അവരുടെ ഗാഢ പ്രേമമാണ് ഇത്.
ആനി ലീബോവിറ്റ്‌സ് റോളിങ് സ്റ്റോണിനുവേണ്ടി പ്രശസ്ത സംഗീതജ്ഞനായ ജോണ്‍ ലെനണെ മോഡലാക്കി ചിത്രമെടുക്കാന്‍ തീരുമാനിച്ചു. അതും ഒരു ഫോട്ടോഗ്രാഫറുടെ താല്‍പര്യം. ലെനന്റെയും ഭാര്യ യോക്കോ ഓനോയുടെയും നഗ്നചിത്രങ്ങള്‍ എടുക്കാനാണ് പോയതെങ്കിലും യോക്കോ ഓനെ നഗ്നയാവാന്‍ വിസമ്മതിക്കുകയായിരുന്നു. ലീബോവിറ്റ്‌സിന് ആകെ നിരാശയായി. അപ്പോള്‍ ദമ്പതികള്‍ ആവശ്യപ്പെട്ടത്, ഞങ്ങളുടെ യഥാര്‍ത്ഥ ബന്ധത്തെ നിങ്ങള്‍ ചിത്രീകരിക്കൂ എന്നാണ്.
ചിത്രം എടുക്കുകയും നിരാശയോടെയാണെങ്കിലും മാഗസിന്റെ കവറാക്കുകയും ചെയ്തു. നഗ്നത വന്നത് ചില വിവാദങ്ങള്‍ ഉണ്ടാക്കിയെന്നതിനേക്കാള്‍ ഈ കവര്‍ ചിത്രത്തിന്റെ പ്രാധാന്യം അതെടുത്ത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം 2005 ലോകത്തിലെ ഏറ്റവും നല്ല ഫോട്ടോയായി അമേരിക്കന്‍ സൊസൈറ്റി ഓഫ് മാഗസിന്‍ എഡിറ്റേഴ്‌സ് തിരഞ്ഞെടുത്തു എന്നതാണ്.
അടുത്ത പേജില്‍ തുടരുന്നു
5. കറുമ്പി പ്ലേബോയ് കവറാകുന്നു
ഈ ചിത്രത്തിന്റെ പ്രത്യേകത അതു തന്നെയാണ്. ആദ്യമായി കറുമ്പി പ്ലേബോയ് മാഗസിന്റെ കവറാകുന്നു. നീണ്ടു നിന്ന, ഇപ്പോഴും നിലനില്‍ക്കുന്ന അപ്പാര്‍ത്തീഡിന്റെ (വര്‍ണവെറിയുടെ) കഥയാണ് ഈ കവറിനു പറയാനുള്ളത്. പ്ലേബോയ് എന്ന മാസികയുടെ കവറായി ആദ്യമായി ഒരു അമേരിക്കന്‍ ആഫ്രിക്കന്‍ വംശജ ചിത്രീകരിക്കപ്പെട്ടു എന്നതാണ് ഈ കവറിന്റെ ചരിത്രം. അങ്ങനെ ഡീനി സ്റ്റേണ്‍ പ്ലേബോയ് മാഗസിന്റെ കവര്‍ചിത്രത്തിന് മോഡലാകുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയാവുകയും ചെയ്തു. 1971 ഒക്ടോബറിലാണ് ഈ കവറോടുകൂടി പ്ലേബോയ് ഇറങ്ങിയത്.
അടുത്ത പേജില്‍ തുടരുന്നു
6. ടൈമിന്റെ വംശീയത
ഈ കവര്‍ ചിത്രത്തിന് ടൈം മാഗസിന്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു; അതിന്റെ വംശീയ സ്വഭാവത്തിന്. മുന്‍ ഫുട്‌ബോള്‍ താരമായ ഒ.ജെ. സിംസണായിരുന്നു ടൈമിന്റെ, 1994 ജൂണ്‍ ലക്കത്തിന്റെ കവര്‍ ചിത്രത്തില്‍. ചിത്രം കറുപ്പ് തേച്ച് മാറ്റം വരുത്തിയിരുന്നു.
തന്റെ മുന്‍ഭാര്യയെ കൊന്നു എന്ന കേസില്‍ സ്സണ്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത് കാണിക്കാനായിരുന്നു കവര്‍ മാറ്റങ്ങള്‍ വരുത്തിയത് എന്നാണ് ടൈം അറിയിച്ചത്.
മാഗസിന്റെ വംശീയമുഖമാണിതെന്നായിരുന്നു വിമര്‍ശകരുടെ ആക്ഷേപം. ടൈം മാസികയുടെ കഷ്ടകാലത്തിന് അന്ന് മറ്റൊരു സംഭവവുമുണ്ടായി. ടൈം മാഗസിന്റെ പ്രതിയോഗികളായിരുന്ന “ന്യൂസ് വീക്കും” സിംസണിന്റെ യഥാര്‍ത്ഥ ചിത്രം കവര്‍ ചിത്രമാക്കി. കടകളില്‍ രണ്ട് കവറുകളും അടുത്തടുത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ ടൈം മാഗസിന്റെ കള്ളി വെളിച്ചത്തായി. സംഭവം കാട്ടുതീയുമായി. വിവാദത്തെ തുടര്‍ന്ന് മാഗസിന്‍ മാപ്പ് പറഞ്ഞിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
7. ക്ലിന്റനെന്താ കൊമ്പുണ്ടോ?
അതെ, ടൈം മാഗസിന്‍ അന്ന് ചോദിച്ചതാണ് ഇത്, മോണിക്ക ലവിന്‍സ്‌കി പണികൊടുത്തപ്പോള്‍. 1998 ഡിസംബര്‍ 21 ലിറങ്ങിയ ടൈം ഒരു ഗുട്ടന്‍സ് അതിന്റെ കവറില്‍ ഒപ്പിച്ചു. തന്ത്രപരമായി ടൈം എന്ന് എഴുതിയിരിക്കുന്നതിലെ “M” ന്റെ മുകളിലേയ്ക്കുള്ള കൂര്‍ത്ത ഭാഗങ്ങള്‍ പിശാചിന്റെ കൊമ്പുകളായി വരത്തക്കവണ്ണമാണ് ക്ലിന്റനെ പ്ലെയ്‌സ് ചെയ്തത്.
അടുത്ത പേജില്‍ തുടരുന്നു
8. ഒബാമാ ബിന്‍ലാദന്‍
നിരവധി വിമര്‍ശനങ്ങള്‍ വാങ്ങിക്കൂട്ടിയ കവറാണിത്. 2008 ജൂലയ് 21 ന് പുറത്തിറങ്ങിയ “ദി ന്യൂയോര്‍ക്കറി”ന്റേത്. ഒബാമ അന്ന് പ്രസിഡന്റ്‌സ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വേള. ഒബാമ മുസ്‌ലീം തൊപ്പിധരിച്ചതൊക്കെ വിവാദമായ കാലം കൂടിയായിരുന്നു അത്. കവറില്‍ ഒബാമയെ പരമ്പരാഗത മുസ്‌ലീം വേശധാരിയായും ഭാര്യ മിഷേലി ഓബാമയെ കറുത്തവര്‍ഗക്കാരിയായ ആയുധധാരിയായുമാണ് ചിത്രീകരിച്ചിരുന്നത്. ബാരി ബ്ലിറ്റിന്റെതായിരുന്നു ഈ കാര്‍ട്ടൂണ്‍. ചിത്രം വംശീയപരവും മുന്‍വിധിയോടുകൂടിയതുമെന്നാണ് വിമര്‍ശനമുയര്‍ന്നത്.
അടുത്ത പേജില്‍ തുടരുന്നു
9. മരണത്തിനും ജീവിതത്തിനുമിടയ്ക്ക്
ഇത് ഞെട്ടിക്കുന്ന ചിത്രമായിരുന്നു. ചരിത്രത്തില്‍ വളരെ പ്രാധാന്യമൂള്ള ഒന്നാണ് ഈ ചിത്രം. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക പിടിച്ച ഒരു യുദ്ധത്തടവുകാരനാണ് കവറില്‍.
പോള്‍ ഷൂറ്റ്‌സേറുടെ ഏറ്റവും മികച്ച ഫോട്ടോകളിലൊന്ന്.
1965 നവംബര്‍ 26ല്‍ ഇറങ്ങിയ ലൈഫ് മാഗസിന്റെ കവര്‍ ചിത്രമായിരുന്നു ഇത്. “വിയറ്റനാം യുദ്ധത്തിന്റെ മരവിച്ച യാഥാര്‍ത്ഥ്യം” എന്നാണ് മാസിക കവര്‍സ്‌റ്റോറി ചെയ്തത്. അമേരിക്കക്കെതിരെയും വിയറ്റ്‌നാമിനനുകൂലമായും അമേരിക്കന്‍ ജനതയുടെ തന്നെ മനസാക്ഷിയെ മാറ്റിയെടുക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. 1967ല്‍ ഇസ്രഈല്‍ ഈജിപ്തിനും ജോര്‍ദാനും സിറിയക്കുമെതിരായി യുദ്ധം നടത്തിയപ്പോള്‍ അത് ചിത്രീകരിക്കുനന്തിനിടെ വെടിയേറ്റ് മരിക്കുകയായിരുന്നു ഷൂറ്റസേര്‍.
അടുത്ത പേജില്‍ തുടരുന്നു
10. ഒന്നാവുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍
ഈ ചിത്രം ബിസിനസ് സ്ഥാപനങ്ങളുടെ ഒന്നായിത്തീരലുകളിലെ പ്രശ്‌നങ്ങള്‍ ചിത്രീകരിക്കാനായാണ് ഉപയോഗിക്കപ്പെട്ടതെങ്കിലും വന്‍ വിവാദത്തേലേയ്ക്ക് ചെന്നെത്തുകയായിരുന്നു. മൃഗങ്ങളുടെ അവകാശത്തെ പറ്റിയുള്ള ചര്‍ച്ചകളാണ് നടന്നത്. രണ്ട് ഒട്ടകങ്ങള്‍ തമ്മിലുള്ള ഇണചേരലിനെ ഇത്തരത്തില്‍ ചിത്രീകരിക്കപ്പെട്ടത് ചോദ്യം ചെയ്യപ്പെട്ടു. 1994 സെപ്റ്റംബര്‍ 10ന് ഇറങ്ങിയ ദി ഇക്കണോമിസ്റ്റ് മാസികയുടെ കവറാണ് ഇത്. നോര്‍ത്തമേരിക്കയില്‍ മാത്രമാണ് ഈ ചിത്രം വെച്ച് മാഗസിന്‍ ഇറക്കിയിരുന്നത്.
അടുത്ത പേജില്‍ തുടരുന്നു
11. എ പാഷന്‍ ഓഫ് അലി
പ്രശസ്ത ബോക്‌സിങ് താരം മുഹമദലിയാണ് ചിത്രത്തില്‍. 1968 ഏപ്രില്‍ ലക്കം “ഈസ്‌ക്വിറി”ന്റെ കവറാണ് ചിത്രം. 1967ല്‍ വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ ക്ഷണിച്ചതിനെ മതപരമായ കാരണത്താല്‍ മുഹമ്മദലി നിരസിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം അനുഭവിച്ച വിവേചനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ഈ കവര്‍.
കടുത്ത വര്‍ണവെറിയാണ് മുഹമ്മദലിക്ക് അമേരിക്കയില്‍ അനുഭവിച്ചിരുന്നത്. കാഷ്യസ് മാര്‍സെല്ലസ് ക്ലേ ജൂനിയര്‍ എന്ന അദ്ദേഹം വര്‍ണവെറിയെ തുടര്‍ന്ന് മുസ്‌ലീം മതം സ്വീകരിക്കുകയായിരുന്നു. “ആള്ളാഹുവോ അദ്ദേഹത്തിന്റെ തിരുദൂതരോ ആജ്ഞാപിച്ചാല്‍ മാത്രമേ ഞാന്‍ യുദ്ധത്തിലേര്‍പ്പെടു” എന്നായിരുന്നു വിവാദ പ്രസ്ഥാവന.
മൂന്ന് തവണയാണ് അമേരിക്കയുടെ ക്ഷണം അലി നിരസിക്കുന്നത്. ഈ സമീപനത്തെ തുടര്‍ന്ന് അലിയുടെ ഹെവിവെയിറ്റ് ചാമ്പ്യന്‍ എന്ന പദവി റദ്ദു ചെയ്യപ്പെട്ടു. തുടര്‍ന്നാണ് കാള്‍ ഫിഷേര്‍സ് എന്ന ഫോട്ടോഗ്രാഫര്‍ 1969ല്‍ എസ്‌ക്വീര്‍ മാഗസിനുവേണ്ടി ഫോട്ടോ എടുക്കുന്നത്.
ആണ്‍ഡ്രീ മന്തെഗ്നയുടെ വിശുദ്ധ സെബാസ്റ്റിയന്‍ എന്ന ചിത്രത്തിന്റെ മോഡലിലായിരുന്നു ഫോട്ടോ എടുത്തത്. അലിയെ വിശുദ്ധ സെബാസ്റ്റിയനാക്കുക എന്ന ആശയം പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് ലൂയിയുടേതാണ്.
അലിയുടെ കരുത്തുള്ള ശരീരവവും വേദനിക്കുന്ന മുഖവുമാണ് ചിത്രീകരിക്കപ്പെട്ടത്. ബോക്‌സിങ്ങില്‍ നിന്ന് അലിയെ വിലക്കിയിരിക്കുന്ന കാലത്ത് ഇത് കടുത്ത വിമര്‍ശനമായി നിലനിന്നു.
ജോര്‍ജ് ലൂയി ഈ കവര്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത് വായിക്കാന്‍:
Passion of Muhammed Ali
അടുത്ത പേജില്‍ തുടരുന്നു
12. സുപ്രീം കോടതിക്ക് അറിയില്ലെങ്കിലും അമേരിക്കക്കാര്‍ക്കറിയാം സ്വവര്‍ഗ വിവാഹം അമേരിക്കയില്‍ വിജയിച്ചുവെന്ന്
ഈ കവര്‍ ഒരു അവകാശ പ്രഖ്യാപനത്തിന്റെതാണ്. സ്വവര്‍ഗപ്രണയം, സ്വവര്‍ഗ വിവാഹം എന്ന അവകാശത്തിനുവേണ്ടിയുള്ള ഒരു രേഖ. 2013 ഏപ്രില്‍ മൂന്നിന് ഇറങ്ങിയ ടൈം മാഗസിന്‍ കവറാണിത്. അമേരിക്കന്‍ സുപ്രീകോടതി സ്വവര്‍ഗവിവാഹത്തെ കുറിച്ച് വിരുദ്ധമായ അഭിപ്രായപ്രകടനം നടത്തിയപ്പോള്‍ കോടതിയുടെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ടൈം ഈ കവര്‍ പുറത്തിറക്കിയത്.
അടുത്ത പേജില്‍ തുടരുന്നു
13. കോണ്ടം സിഗററ്റ്
ഏഴോളം രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട കവറാണിത്. “ഡെയ്‌സ്ഡ് ആന്റ് കണ്‍ഫ്യൂസ്ഡ്” എന്ന മാഗസിന്റെ 2010 സെപ്റ്റംബര്‍ ലക്കത്തിലാണ് ഈ ചിത്രം കവറായി വന്നത്.
അസീലിയ ബാങ്ക്‌സ് എന്ന ഗായിക ഒരു കോണ്ടം സിഗരറ്റുമാതിരി വലിക്കുന്നതാണ് വിവാദമായത്. അശ്ലീലമാണ് ഈ ചിത്രമെന്നായിരുന്നു നിരോധനത്തിന് കാരണം. സിങ്കപ്പൂര്‍, ദുബായ്, മാള്‍ട, സ്വിറ്റസര്‍ലാന്റ്, ഇന്ത്യ, തായ്‌ലന്റ്, മലേഷ്യ തുടങ്ങിയരാജ്യങ്ങളിലാണ് ഇത് നിരോധിക്കപ്പെട്ടിരി്കകുന്നത്.
റാങ്കിന്‍ എന്ന ഫോട്ടോഗ്രാഫറുടേതാണ് ചിത്രം. അബദ്ധത്തിലാണ് ഈ കവര്‍ നിരോധിച്ചത് എന്നാണ് പിന്നീട് ഈ രാജ്യങ്ങള്‍ അറിയിച്ചിരുന്നത്. “212” എന്ന സംഗീത വിസ്മയത്തിന്റെ ശില്പിയാണ് അസീലിയ ബാങ്ക്‌സ്.
അസീലിയ ബാങ്കിന്റെ “212 FT. LAZY JAY” എന്ന ഹിറ്റ് ആല്‍ബം:
അടുത്ത പേജില്‍ തുടരുന്നു
14. അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളിലെ അവസാനത്തെ ഫോട്ടോ
ഈ ചിത്രത്തിലുള്ള ആളെ പരിജയപ്പെടുത്തേണ്ടതില്ല. എന്നാല്‍ ഈ ചിത്രം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ നരമ്പുകളെ സംഗീതവും നൃത്തവും കൊണ്ട് ലഹരിപിടിപ്പിച്ച മൈക്കിളിന്റെ അവസാന ചിത്രങ്ങളില്‍ ഒന്നാണിത്.
“ഒ.കെ” മാഗസിന്‍ ഇത് പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ വായനക്കാര്‍ അമ്പരന്നുപോയി. മാധ്യമത്തിന്റെ എല്ലാ ധര്‍മ്മങ്ങളെയും കാറ്റില്‍ പറത്തുകയായിരുന്നു മാഗസിന്‍ അധികൃതരെന്ന് വിമര്‍ശനമുയര്‍ന്നു. മൈക്കിള്‍ മരിച്ച ആ ആഴ്ച്ചയില്‍ ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് മറുപടി കൊടുത്തുകൊണ്ട് അദ്ദേഹത്തിന് ഏറ്റവും നല്ല ഉപചാരമര്‍പ്പിക്കുകയായിരുന്നു തങ്ങളെന്ന് മാഗസിന്‍ എഡിറ്റോറിയലും മറുപടി പറഞ്ഞു.
2009 ജൂണ്‍ ലക്കത്തിലായിരുന്നു ഈ കവര്‍ പ്രത്യക്ഷപ്പെട്ടത്. 2009 ജൂണ്‍ 25നാണ് ജാക്‌സണ്‍ മരിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
15. മുലപ്പാല് കിനിയുന്ന കവര്‍
ഫേസ്ബുക്കില്‍ അടുത്ത കാലത്താണല്ലോ മുലയൂട്ടുന്ന ഫോട്ടോ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ഫേസ്ബുക്ക് അധികൃതര്‍ നല്‍കിയത്. ഈ കവറും അതുപോലെയുള്ള ഒരു കവര്‍ ആണ്.
മകനെ മുലയൂട്ടുന്ന അമ്മ. 2012 മെയ്മാസത്തില്‍ ടൈം മാസികയുടെ കവറായി ഇത് പ്രത്യക്ഷപ്പെട്ടു. സദാചാരത്തിന്റെ മുടിചൂടാമന്നന്‍മാര്‍ക്ക് ഈ കവര്‍ സഹിച്ചെന്നുവരില്ല.
“നിങ്ങള്‍ അമ്മ മാത്രമായാല്‍ മതിയോ?” ഇതായിരുന്നു കവര്‍ വാചകം. മാതൃത്വം എന്നതിനെ പ്രശ്‌നവല്‍ക്കരിച്ചതാണ് ഈ കവര്‍. മക്കളുമായി വൈകാരികബന്ധം കൂടിവരുന്ന പ്രവണതയെയും ബേബി ബുക്കിന്റെ എഴുത്തുകാരനായ ഡോ. ബില്‍ സീയര്‍ ഇത്തരം മാതാപിതാക്കളുടെ ഗുരുവായതിനെയും കവര്‍സ്റ്റോറിയില്‍ ടൈംസ് ചോദ്യം ചെയ്യുന്നു.
ഓണ്‍ലൈനില്‍ വളരെ വിമര്‍ശനങ്ങള്‍ ഈ കവര്‍ ഏറ്റുവാങ്ങുകയുണ്ടായി. 26 കാരിയായ അമ്മയും മൂന്ന് വയസ്സുകാരനായ മകനുമാണ് ചിത്രീകരിക്കപ്പെട്ടത്.
ബില്‍ സീയര്‍ മുലപ്പാല് നല്‍ക്കുന്നവതിയെയും കുഞ്ഞുങ്ങളുമായി ഒരുമിച്ചുറങ്ങുന്നതിനെയും ഒക്കെ തീവ്രമായി പ്രത്സാഹിപ്പിച്ചിരുന്നു. ഈ പ്രവണതയെയാണ് ഈ കവര്‍ വിമര്‍ശിച്ചിരുന്നത്.
ജമീ ലൈനെയും അവരുടെ മൂന്ന് വയസുകാരന്‍ മകനുമാണ് ചിത്രത്തില്‍ മോഡലുകളായിരിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
16 കറുത്ത കവര്‍.. അതില്‍ നേരിയ വരകള്‍കൊണ്ട്…
9/11 എന്ന അക്കം നമ്മുടെ മനസ്സില്‍ ഇടം പിടിച്ചിട്ട് ഏകദേശം 13 വര്‍ഷങ്ങളായിരിക്കുന്നു. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ രണ്ട് വ്യാപാര സമുച്ചയങ്ങളിലൂടെ രണ്ട് വിമാനങ്ങല്‍ തകര്‍ത്തുകൊണ്ട് കടന്നുപോയി. ലോകം ഞെട്ടിവിറച്ച് തരിച്ചിരുന്നുപോയ നിമിഷങ്ങള്‍. അതിന്റെ ഉത്തരവാദികളെ കുറിച്ച് ഇപ്പോഴും അഭ്യൂഹങ്ങളാണ്.
പത്ത് വര്‍ഷത്തോളം “ദി ന്യൂയോര്‍ക്കറി”ന്റെ ആര്‍ട്ടിസ്റ്റ് ആയിരുന്ന സ്പീഗിള്‍മാനാണ് ഇത് ഡിസൈന്‍ ചെയ്തത് . 2001 സെപ്റ്റംബറില്‍ ഇത് മാസികയുടെ കവറായി പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കകം തന്നെ സ്പീഗിള്‍ മാസികയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തു.
ഒറ്റ നോട്ടത്തില്‍ മൊത്തം കറുപ്പാണ് കവറെന്ന് തോന്നും. എന്നാല്‍ സൂക്ഷിച്ചു നോക്കിയല്‍ ചെറിയ നിറവ്യത്യസത്തില്‍ രണ്ട് ടവറുകള്‍ ചിത്രത്തില്‍ കാണാന്‍ കഴിയും. വരുന്ന നാല്‍പ്പതു വര്‍ഷങ്ങളിലെ ഏറ്റവും നല്ല കവറായി ഈ കവര്‍ അന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
17. “ബര്‍മീസ് ഹിറ്റ്‌ലര്‍”
വംശഹത്യയ്ക്ക് കുപ്രസിദ്ധനായ ആളാണ് ഈ ചിത്രത്തില്‍ ശാന്തഭാവത്തോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ബുദ്ധിസ്റ്റ് സംന്യാസി. മുസ്‌ലീം വിരുദ്ധ വംശീയ കുരുതികള്‍ക്കാണ് ഇദ്ദേഹം നേതൃത്വം നല്‍കിയത്. ഇദ്ദേഹത്തിന്റെ പേര് ആശിന്‍ വിരാഹ്ടു.
ഇദ്ദേഹത്തിന്റെ ചിത്രം ബര്‍മീസ് (റോഹിംഗ്യ) മുസ്‌ലീം വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ 2013 ജൂണില്‍ ടൈം മാഗസിന്റെ കവറായി വന്നു. ഒപ്പം “ബുദ്ധിസ്റ്റ് ഭീകരതയുടെ മുഖം” എന്ന കവര്‍ വാചകവും. ബുദ്ധമത വിശ്വാസികള്‍ക്കും ഇസ്‌ലാം മതവിശ്വാസികള്‍ക്കുമിടയില്‍ മതസ്പര്‍ദ്ധ ഇളക്കിവിടുകയും നൂറോളം മുസ്‌ലീങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു മ്യാന്‍മാറില്‍.
റോഹിംഗ്യ മുസ്‌ലീം കൂട്ടക്കുരുതിക്ക് കുപ്രസിദ്ധിയാര്‍ജിച്ച നാടാണ് മ്യാന്‍മാര്‍. എട്ട് ലക്ഷത്തോളം റോഹിംഗ്യക്കാര്‍ വംശീയ വിദ്വേഷത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
ശാന്തമതമെന്ന് പ്രസിദ്ധിയാര്‍ജിച്ച ബുദ്ധമതം രാഷ്ട്രീയമായ മറ്റൊരു പരിണതിയിലെത്തി നില്‍ക്കുന്ന കാഴ്ചയായിരുന്നു വാസ്തവത്തില്‍ ടൈം മാഗസിന്റെ ഈ കവറില്‍ പ്രതിഫലിക്കുന്നത്. മ്യാന്‍മാര്‍ സര്‍ക്കാര്‍ ടൈം മാഗസിന്റെ ഈ ലക്കം നിരോധിക്കുകയുമുണ്ടായി.
അടുത്ത പേജില്‍ തുടരുന്നു
18. എന്റെ ദുരിതം നിങ്ങള്‍ക്ക് സന്തോഷമാണ്
വര്‍ണവെറിയുടെ കഥപറയുന്ന മറ്റൊരു റോളിങ്‌സ്‌റ്റോണ്‍ കവറാണ് ഇത്. പ്രശസ്ത അമേരിക്കന്‍ താരം കെനീ വെസ്റ്റാണ് ഈ ചിത്രത്തിലെ ക്രിസ്തു.
അമേരിക്കയിലെ കറുത്തവര്‍ നേരിടുന്ന അവകാശ നിഷേധങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെയുള്ള ഒരു പ്രതിഷേധം. 2006 ഫെബ്രുവരി ലക്കത്തിലാണ് റോളിങ് സ്റ്റോണ്‍ ഈ കവര്‍ പ്രസിദ്ധീകരിക്കുന്നത്. “The Passion of Kanye West” എന്നാണ് കവര്‍ വാചകം.
അമേരിക്കയില്‍ വിമര്‍ശനങ്ങള്‍ വാങ്ങിക്കൂട്ടിയ ഈ കവര്‍ പക്ഷെ അമേരിക്കയില്‍ നിലനില്‍ക്കുന്ന അപ്പാര്‍ത്തീഡിന്റെ നേര്‍ സാക്ഷ്യം തന്നെയാണ്. വെളുത്തവന്റെ വെളുത്ത ബോധത്തിനെതിരായ കറുത്തവന്റെ, കീഴാളന്റെ അത്മപ്രകാശനമായിരുന്നു ഇത്.
“ഞാന്‍ ഇങ്ങനെയെ ചെയ്തില്ലെങ്കില്‍ അത് കേവലം ഹോളിവുഡ് ബുള്‍ഷിറ്റ് ലാളിത്യമായിപ്പോകുമായിരുന്നു, വെറും വിഡ്ഢിത്തമായിപ്പോകുമായിരുന്നു.”
“കറുത്തവരെ പറ്റി ജോര്‍ജ് ബുഷിന് ഒരു താല്‍പര്യവുമില്ല. വിട്ടുവീഴ്ച്ചകള്‍ ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു ഞാനെങ്കില്‍ എന്റെ ജീവിതം സ്വസ്ഥമായിരുന്നേനെ. നിങ്ങള്‍ക്കെല്ലാം അത് എന്റര്‍ടെയ്ന്‍മെന്റ് ആകുമായിരുന്നനു. അതെ, എന്റെ ദുരിതങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷകരമായിരിക്കും.” അദ്ദേഹം അന്ന് പ്രതികരിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്ത റാപ്പ് പാട്ടുകാരനാണ് അദ്ദേഹം. ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തിത്വങ്ങളില്‍ ഒരാളായി വെസ്റ്റിനെ ടൈം മാഗസിന്‍ തിരഞ്ഞെടുത്തിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
19. ട്രാന്‍സ്ജണ്ടര്‍ കവര്‍
ഉത്തരാധുനിക കാലത്തെ പൗരാവകാശത്തിന്റെ തെളിമയാര്‍ന്ന ചിത്രമാണ് ടൈമിന്റെ ഈ കവര്‍. ലാവേണ്‍ കോക്‌സ് എന്ന സുന്ദരിയായ ട്രാന്‍്‌സ്ജണ്ടറാണ് കവറില്‍. “അമേരിക്കയുടെ അടുത്ത പൗരാവകാശം” എന്നായിരുന്നു ടൈംമിന്റെ കവര്‍ സ്റ്റോറി.
“Ouange Is the New Black”എന്ന നാടകത്തിലൂടെ കോക്‌സ് ട്രാസ്ജണ്ടര്‍ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. കോക്‌സിന്റെ അഭിമുഖവും “The Transgender Tipping Point” എന്ന തലക്കെട്ടില്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
20. വോഗ് മാസികയുടെ കവറില്‍ ആദ്യമായി കറുത്തവള്‍
കറുത്തവരുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് വോഗ് മാസികയുടെ ഈ കവര്‍. ആദ്യമായി ഒരു അമേരിക്കന്‍-ആഫ്രിക്കക്കാരി വോഗിന്റെ കവര്‍ച്ചിത്രമാകുകയായിരുന്നു. ബിവെര്‍ലി ജോണ്‍സണായിരുന്നു മോഡലായത്.
ഈ ചിത്രം മാസികയില്‍ കവറിനായി എടുത്തതായിരുന്നില്ലെന്നും 1974ലെ മാഗസിന്റെ കവറില്‍ ഇത് പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നും ബിവെര്‍ലി പിന്നീട് പറഞ്ഞിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
21. കാതും മൂക്കും അറുത്തെടുക്കപ്പെട്ടവള്‍
ചുറ്റിലും നിരവധി സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, അടിച്ചമര്‍ത്തലിന്റെ ഉള്‍ച്ചുഴിയിലും കണ്ണും കാതും ചെവിയും പൂട്ടി നിസംഗമായി ഇരിക്കുന്നവരോടുള്ള സന്ദേശത്തോടെ കവര്‍ ചിത്രങ്ങളുടെ ഈ കുറിപ്പുകള്‍ അവസാനിപ്പിക്കാമെന്ന് തോന്നുന്നു.
ഇത് ടൈം മാഗസിന്റെ 2010 ഓഗസ്റ്റ് ലക്കത്തിന്റെ കവര്‍. സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണ് ഈ കവര്‍. ചിത്രത്തില്‍ ആയിശാ ബീബി എന്ന ഒരു അഫ്ഗാന്‍ വനിത. കാതുകളും മൂക്കും ഛേദിക്കപ്പെട്ടവള്‍.
ഇവളുടെ കഥ ആദ്യമായി പുറത്തുവരുന്നത് ഡെയ്‌ലി ബീസ്റ്റിലായിരുന്നു. തന്റെ കുടുംബത്തിലെ ഒരംഗം നടത്തിയ കൊലപാതകത്തിനു പകരമായി ആയിശയെ 12-ാമത്തെ വയസില്‍ അവളുടെ പിതാവ് ഒരു താലിബാനിക്ക് വിവാഹം ചെയ്തുകൊടുക്കാമെന്ന് സമ്മതിച്ചു. 14-ാമത്തെ വയസ്സില്‍ വിവാഹം.
18-ാമത്തെ വയസില്‍ ഭര്‍തൃഗൃഹത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങളെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഒിച്ചോടിയെങ്കിലും പോലീസ് പിടിച്ചു. കുടുംബത്തില്‍ തിരിച്ചെത്തി. പിതാവ് വീണ്ടു ഭര്‍ത്താവിന് അവളെ ഏല്‍പ്പിച്ചു. ഒളിച്ചോടിയതിന്റെ പ്രതികാരമെന്നോണം ഭര്‍തൃവീട്ടുകാര്‍ ഇവളുടെ കാതുകളും മൂക്കും മുറിച്ചുകളഞ്ഞ് മലനിരകളില്‍ ഉപേക്ഷിച്ചു.
ടൈം മാഗസിന്റെ ഈ കവര്‍ മറ്റൊരു തരത്തില്‍ ഒരു തന്ത്രമായിരുന്നുവെന്നുള്ള വിമര്‍ശനവുമുണ്ട്. അമേരിക്ക നടത്തിയ അഫ്ഗാന്‍ യുദ്ധത്തെ ന്യായീകരിക്കാനുള്ള സാമ്രാജ്യത്വ അജണ്ടയാണെന്നും പറയപ്പെടുന്നു. എന്നിരുന്നാലും സ്ത്രീകള്‍ പൊതുവില്‍ എപ്പോഴും അനുഭവിക്കുന്ന ദുരിതക്കാഴ്ചകളുടെ ബഹിര്‍സ്ഫുരണമാണ് ഈ ചിത്രത്തിലെ ആയിഷ.