ഹാലണ്ടോ മെസിയോ? പുതിയ ബാലണ്‍ ഡി ഓര്‍ അവകാശിയെ ഇന്നറിയാം; ഫുട്‌ബോള്‍ ലോകം ആവേശത്തില്‍
Football
ഹാലണ്ടോ മെസിയോ? പുതിയ ബാലണ്‍ ഡി ഓര്‍ അവകാശിയെ ഇന്നറിയാം; ഫുട്‌ബോള്‍ ലോകം ആവേശത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th October 2023, 12:03 pm

ഓരോ വര്‍ഷത്തിലും ഫുട്‌ബോളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തിന് നല്‍കുന്ന അവാര്‍ഡാണ് ബാലണ്‍ ഡി ഓര്‍. ഫ്രാന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആണ് ഈ അവാര്‍ഡ് നല്‍കുക. 1956ല്‍ സ്ഥാപിതമായ ഈ അവാര്‍ഡ് 67 വര്‍ഷത്തിലേക്ക് എത്തിനില്‍ക്കുകയാണ്.

ഈ വര്‍ഷം അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മെസിക്ക് കടുത്ത പോരാട്ടം നല്‍കുന്നത് നോര്‍വീജിയന്‍ സ്ട്രൈക്കറായ ഏര്‍ലിങ് ഹാലണ്ടാണ്. പാരീസ് സെയ്ന്റ് ജെര്‍മെന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും തൊട്ടുപുറകിലുണ്ട്.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നോമിനേഷനില്‍ ഇടംനേടാന്‍ സാധിച്ചില്ല. റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സിമയാണ് നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവ്.

ഇന്ന് രാത്രി രാത്രി 11.30നാണ് അവാര്‍ഡ് ചടങ്ങുകള്‍ ആരംഭിക്കുക. പാരീസിലെ തീയേറ്റര്‍ ഡൂ ചാറ്റ്‌ലേറ്റിലാണ് പരിപാടി നടക്കുക.

പുരുഷന്‍മാരുടെ ബാലണ്‍ ഡി ഓര്‍ ഡി, സ്ത്രീകളുടെ ബാലണ്‍ ഡി ഓര്‍ ഡി, കോപ ട്രോഫി, യാഷിന്‍ ട്രോഫി എന്നീ പുരസ്‌കാരങ്ങളാണ് ചടങ്ങില്‍ കൈമാറുക.

ഓരോ അവാര്‍ഡുകളും വ്യത്യസ്തമായ രീതിയിലാണ് തെരഞ്ഞെടുക്കുന്നത്. ഫിഫ റാങ്കിങ് അനുസരിച്ച് ആദ്യ നൂറ് രാജ്യങ്ങളില്‍ നിന്നുള്ള ജേര്‍ണലിസ്റ്റുകളുടെ പാനല്‍, മുന്‍ താരങ്ങള്‍ എന്നിവരുടെ വോട്ടിങ്ങിലൂടെയും കഴിഞ്ഞവര്‍ഷം താരങ്ങള്‍ നടത്തിയ മികച്ച പ്രകടനവും കണക്കിലെടുത്താണ് അവാര്‍ഡ് വിജയിയെ പ്രഖ്യാപിക്കുക.

ആരാവും പുതിയ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടുക എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

 

ബാലണ്‍ ഡി ഓര്‍ 2023- ടോപ്പ് 10 താരങ്ങള്‍

ലയണല്‍ മെസ്സി – ഇന്റര്‍ മയാമി

എര്‍ലിങ് ഹാലണ്ട് – മാഞ്ചസ്റ്റര്‍ സിറ്റി

ജൂഡ് ബെല്ലിംഗ്ഹാം – റയല്‍ മാഡ്രിഡ്

റോഡ്രി – മാഞ്ചസ്റ്റര്‍ സിറ്റി
കെവിന്‍ ഡി ബ്രുയിന്‍ -മാഞ്ചസ്റ്റര്‍ സിറ്റി

കിലിയന്‍ എംബാപ്പെ – പാരീസ് സെയ്ന്റ് ജെര്‍മെന്‍

വിനീഷ്യസ് ജൂനിയര്‍ – റയല്‍ മാഡ്രിഡ്

കരിം ബെന്‍സെമ- അല്‍ ഇത്തിഹാദ്

Content Highlight: The 2023 Ballon d’Or award will be announced today.