| Wednesday, 13th November 2024, 11:38 am

പാകിസ്ഥാനിലേക്കില്ല എന്ന ഇന്ത്യയുടെ തീരുമാനത്തില്‍ കയ്യടിക്കുന്നവര്‍ ഈ മത്സരം മറക്കരുത്

ആദര്‍ശ് എം.കെ.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തങ്ങള്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ല എന്ന നിലപാടാണ് ബി.സി.സി.ഐ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയായ ദുബായില്‍ നടത്തണമെന്നാണ് അപെക്‌സ് ബോര്‍ഡിന്റെ ആവശ്യം.

ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റിനില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും ധനികരായ, ഡിമാന്‍ഡിങ് പവറുള്ള ബി.സി.സി.ഐയുടെ നിലപാടിന് മുമ്പില്‍ ഐ.സി.സിയും മുട്ടുമടക്കിയിരിക്കുകയാണ്. കാരണം ഇന്ത്യ ടൂര്‍ണമെന്റ് കളിക്കാത്തത് പല കാരണങ്ങള്‍ കൊണ്ടും ഐ.സി.സിക്ക് വലിയ നഷ്ടമുണ്ടാക്കും.

ഒരു ടീമിന് വേണ്ടി ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മാതൃകയില്‍ നടത്താനാണ് ഐ.സി.സി ടൂര്‍ണമെന്റിന്റെ ആതിഥേയരായ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിക്കാത്ത പക്ഷം ടൂര്‍ണമെന്റ് സൗത്ത് ആഫ്രിക്കയിലേക്ക് മാറ്റുമെന്നും ഐ.സി.സി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയത്വം തങ്ങളില്‍ നിന്നും എടുത്തുമാറ്റിയാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുമെന്ന് പാകിസ്ഥാനും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ഈ നിലപാടില്‍ ആരാധകര്‍ രണ്ട് തട്ടിലാണ്. ഇന്ത്യയുടേത് പിടിവാശിയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ബി.സി.സി.ഐയുടെ തീരുമാനത്തില്‍ കയ്യടിക്കുന്നവരും കുറവല്ല.

ഈ വിഷയം ആരാധകര്‍ക്കിടയില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമ്പോള്‍ ഇവര്‍ ഓര്‍ക്കാതെ പോകുന്നതോ അല്ലെങ്കില്‍ മനപ്പൂര്‍വം മറക്കുന്നതോ ആയ ഒരു മത്സരമുണ്ട്. ക്രിക്കറ്റ് സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഒന്നുചേര്‍ന്ന് ഒരു ടീമായി കളിച്ച് ചരിത്രത്തില്‍ ഇടം നേടിയ മത്സരം. ഈ മത്സരം കളിച്ചതാകട്ടെ മറ്റൊരു ക്രിക്കറ്റ് പ്ലെയിങ് നേഷനായ ശ്രീലങ്കയെ രക്ഷിക്കാനും!

വര്‍ഷം 1996. ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും സംയുക്തമായി ഒരു ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിന് വേദിയാവുകയാണ്. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഒന്നടങ്കം ഞെട്ടിച്ച് അതേ വര്‍ഷം തന്നെ ശ്രീലങ്കന്‍ സര്‍ക്കാറും തമിഴ് പുലികളും തമ്മില്‍ ആഭ്യന്തര കലഹമുണ്ടാകുന്നു. കലഹമെന്നതിലുപരി അതൊരു ആഭ്യന്തര യുദ്ധത്തിലേക്ക് തന്നെ വഴിമാറി.

ലോകകപ്പ് ആരംഭിക്കാന്‍ വെറും 15 ദിവസം മാത്രം ശേഷിക്കെ തമിഴ് പുലികള്‍ കൊളംബോയില്‍ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 91 പേര്‍ കൊല്ലപ്പെടുകയും 1,400ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതോടെ ശ്രീലങ്കയുടെ ലോകകപ്പ് ആതിഥേയത്വവും അവിടെ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരങ്ങളുമെല്ലാം അനിശ്ചിതത്വത്തിലായി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും അടക്കമുള്ള ടീമുകള്‍ ശ്രീലങ്കയിലെത്തി ലീഗ് ഘട്ട മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചു.

ലോകകപ്പിനായി എല്ലാ തരത്തിലുള്ള സുരക്ഷയും തങ്ങള്‍ ഒരുക്കി നല്‍കാം എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും ഓസീസും വിന്‍ഡീസുമടക്കമുള്ള ടീമുകള്‍ തങ്ങള്‍ ശ്രീലങ്കയിലേക്കില്ല എന്ന തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു.

ഇവര്‍ ഇവിടെയെത്തി ലീഗ് മത്സരങ്ങള്‍ കളിക്കണമെങ്കില്‍ ശ്രീലങ്കയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണെന്ന് ലോകത്തിന് മുമ്പാകെ കാണിച്ചുകൊടുക്കുക മാത്രമായിരുന്നു ഏക പോംവഴി. എന്നാല്‍ അത് എങ്ങനെ സാധിക്കും എന്നതായി അടുത്ത ചോദ്യം.

ആ സമയം ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട്, ഒരേസമയം ശ്രീലങ്കയേയും ക്രിക്കറ്റിനേയും രക്ഷിക്കാനുള്ള ചുമതല ലോകകപ്പിന്റെ സഹ ആതിഥേയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് ഏറ്റെടുക്കുകയായിരുന്നു.

ലങ്കയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ടീമായി കളിക്കളത്തിലിറങ്ങാന്‍ തീരുമാനിച്ചു. 1989ന് ശേഷം ഒരു ബൈലാറ്ററല്‍ പരമ്പര പോലും കളിക്കാന്‍ കൂട്ടാക്കാത്ത ഇരുവരും ക്രിക്കറ്റ് സ്പിരിറ്റിനും ലങ്കയ്ക്കും വേണ്ടി കൈകോര്‍ത്തു.

തമിഴ് പുലികള്‍ ആക്രമണം നടത്തിയ അതേ കൊളംബോയില്‍ ശ്രീലങ്കന്‍ ദേശീയ ടീമിനെതിരെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച കമ്പൈന്‍ഡ് ഇലവന്‍ കളത്തിലിറങ്ങി.

അര്‍ജുന രണതുംഗയുടെ സിംഹളവീര്യത്തിനെതിരെ സച്ചിനും അസറുദ്ദീനും അനില്‍ കുംബ്ലെയും വസീം അക്രമും സയ്യിദ് അന്‍വറും എല്ലാം ഒരു ടീമില്‍! ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരു ആരാധകന് ഇതില്‍ക്കൂടുതല്‍ മറ്റെന്ത് വേണമായിരുന്നു. വില്‍സ് സോളിഡാരിറ്റി കപ്പ് എന്നായിരുന്നു ആ മത്സരത്തിന് പേര് നല്‍കിയത്.

മുഹമ്മദ് അസറുദ്ദീനെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ക്യാപ്റ്റനായി നിശ്ചയിച്ച് ടീം തയ്യാറാക്കി. അങ്ങനെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച് ശ്രീലങ്കയ്‌ക്കെതിരെ കളത്തിലിറങ്ങി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 40 ഓവറില്‍ 9 വിക്കറ്റിന് 168 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 169 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ഇന്ത്യ-പാക് ടീമിന് വേണ്ടി സച്ചിനും സയ്യിദ് അന്‍വറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ശ്രീലങ്ക വിക്കറ്റ് വീഴ്ത്തിയതോടെ എതിരാളികളുടെ നില പരുങ്ങലിലായി.

എന്നാല്‍ അജയ് ജഡേജയുടെയും റാഷീദ് ലത്തീഫിന്റെയും ചെറുത്തുനില്‍പ് അവരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ആ ചെറുത്ത് നില്‍പ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

8 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 4 ലങ്കന്‍ വിക്കറ്റുകള്‍ പിഴുതെറിഞ്ഞ അനില്‍ കുംബ്ലെയായിരുന്നു കളിയിലെ താരം.

മത്സരശേഷം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ ഇന്ത്യയ്ക്കും പാകിസ്ഥാനും നന്ദിയറിയിച്ച് സംസാരിച്ചു. ‘ശ്രീലങ്കയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണെന്ന് ഇന്ത്യയും പാകിസ്ഥാനും ലോകത്തിന് കാണിച്ചുകൊടുത്തു. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,’ എന്നായിരുന്നു രണതുംഗ പറഞ്ഞത്.

ഈ മത്സരത്തിന് പിന്നാലെ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും ശ്രീലങ്കയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണെന്നും മനസിലാക്കിയ സിംബാബ്‌വേയും കെനിയയും ഇവിടെയെത്തി തങ്ങളുടെ ലീഗ് മത്സരങ്ങള്‍ കളിച്ചു. എന്നാല്‍ ഇത്രയൊക്കെ നടന്നിട്ടും, തലപ്പൊക്കത്തില്‍ അന്നത്തെ കൊമ്പന്‍മാരായ ഓസീസും വിന്‍ഡീസും തങ്ങളുടെ പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു.

ഇവര്‍ മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ ലീഗ് ഘട്ടത്തില്‍ ശ്രീലങ്കയ്ക്ക് പോയിന്റ് ലഭിച്ചു. സെമിയില്‍ ഇന്ത്യയെ തോല്‍പിച്ച് ലങ്ക ഫൈനലിലും പ്രവേശിച്ചു.

രണ്ടാം സെമിയില്‍ മത്സരിക്കാനുണ്ടായിരുന്നത് ലങ്കയില്‍ വന്ന് കളിക്കില്ല എന്ന് ശാഠ്യം പിടിച്ച അതേ ഓസീസും വിന്‍ഡീസും. പഞ്ചാബിലെ മൊഹാലിയില്‍ വെച്ച് നടന്ന രണ്ടാം സെമിയില്‍ കരീബിയന്‍ പടയെ കെട്ടുകെട്ടിച്ച് കങ്കാരുക്കള്‍ ഫൈനലിലേക്ക് കുതിച്ചു.

കപ്പുറപ്പിച്ച് ഫൈനലിലെത്തിയ മൈറ്റി ഓസീസിന് കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജുന രണതുംഗയുടെയും സംഘത്തിന്റെയും പോരാട്ടവീര്യത്തിന് മുമ്പില്‍ അടിയറവ് പറയാനായിരുന്നു കങ്കാരുക്കൂട്ടത്തിന്റെ വിധി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ക്യാപ്റ്റന്‍ മാര്‍ക് ടെയ്ലറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ടെയ്ലറിന് പുറമെ 73 പന്തില്‍ 43 റണ്‍സ് നേടിയ റിക്കി പോണ്ടിങ്ങും 49 പന്തില്‍ 36 റണ്‍സടിച്ച മൈക്കല്‍ ബെവനുമാണ് ഓസീസ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

ലങ്കക്കായി അരവിന്ദ ഡി സില്‍വ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുത്തയ്യ മുരളീധരന്‍, കുമാര്‍ ധര്‍മസേന, ചാമിന്ദ വാസ്, സനത് ജയസൂര്യ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് തുടക്കം പിഴച്ചു. ഓപ്പണര്‍മാരായ സനത് ജയസൂര്യയും കലുവിതരാണയും ഒറ്റയക്കത്തിന് പുറത്തായി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ അരവിന്ദ ഡി സില്‍വ, അസാങ്ക ഗുരുസിന്‍ഹ എന്നീ അതികായരുടെ ചെറുത്തുനില്‍പ്പിന് മുമ്പില്‍ ഓസീസിന് ഉത്തരമുണ്ടായിരുന്നില്ല. 125 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 148ല്‍ നില്‍ക്കവെ 65 റണ്‍സ് നേടിയ ഗുരുസിന്‍ഹ പുറത്തായി. എന്നാല്‍ അഞ്ചാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ രണതുംഗയെ കൂട്ടുപിടിച്ച് ഡി സില്‍വ ലങ്കയെ ലോകകപ്പിലേക്ക് കൈപിടിച്ചു നടത്തി.

ഒടുവില്‍ 22 പന്ത് ബാക്കി നില്‍ക്കെ ലങ്കന്‍ ലയണ്‍സ് വിജയലക്ഷ്യം മറികടന്നു. 124 പന്തില്‍ 107 റണ്‍സുമായി ഡി സില്‍വയും 37 പന്തില്‍ 47 റണ്‍സുമായി രണതുംഗയും പുറത്താകാതെ നിന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തെ സാക്ഷിയാക്കി ലങ്ക തങ്ങളുടെ കന്നികിരീടം ഏറ്റുവാങ്ങി.

ആ ലോകകപ്പിലെ ജേതാക്കള്‍ കേവലം ശ്രീലങ്ക മാത്രമായിരുന്നില്ല. അന്ന് വിജയിച്ചത് ക്രിക്കറ്റ് കൂടിയായിരുന്നു. ക്രിക്കറ്റിനെയും ശ്രീലങ്കയെയും കൈപിടിച്ചുയര്‍ത്തിയ ഇന്ത്യയുടെയും പാകിസ്ഥാന്റെയും കൂടി വിജയമായിരുന്നു അത്.

അത്തരമൊരു സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ക്രിക്കറ്റിന്, സ്‌പോര്‍ട്‌സിന് വിദ്വേഷത്തെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് തങ്ങളുടെ പൂര്‍വികര്‍ ഇന്ത്യക്കും പാകിസ്ഥാനും കാണിച്ചുകൊടുത്തിട്ടുണ്ട്. പാകിസ്ഥാന്‍ സുരക്ഷയൊരുക്കി നല്‍കുകയും ഇന്ത്യ അവിടെയെത്തി ടൂര്‍ണമെന്റ് കളിക്കുകയും ചെയ്താല്‍ പുതിയ ചരിത്രത്തിന്റെ പിറവിക്ക് കൂടിയാകും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക. ഒരുപക്ഷേ ഇരു ടീമുകളുടെയും രണ്ടാം ഇന്നിങ്‌സിനും അവിടെ തുടക്കം കുറിച്ചേക്കും.

Content highlight: The 1996 Wills Solidarity Cup is being discussed again in the context of the 2025 Champions Trophy.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more