ലോക ചെസ് ചാംപ്യന്‍ മാഗ്നസ് കാള്‍സണെ തോല്‍പ്പിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് 16കാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു പ്രഗ്‌നാനന്ദ. ചെന്നൈയില്‍ നിന്നുള്ള ഈ യുവ ചെസ് ഗ്രാന്‍ഡ് മാസ്റ്ററുടെ വിജയം രാജ്യം വലിയ രീതിയില്‍ ആഘോഷിക്കുകയാണ്.
ഫെബ്രുവരി 20 ഞായറാഴ്ച രാവിലെയോടെയായിരുന്നു ഇന്ത്യക്കാര്‍ക്ക് അഭിമാനമായ ഈ വാര്‍ത്ത പുറത്തുവന്നത്.
എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ രാപിഡ് ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരമായ നോര്‍വീജിയക്കാരന്‍ കാള്‍സണെതിരെ പ്രഗ്‌നാനന്ദ അട്ടിമറി വിജയം നേടുകയായിരുന്നു.
കറുത്ത കരുക്കളുമായി കളിച്ച പ്രഗ്‌നാനന്ദ 39 നീക്കങ്ങള്‍ക്കൊടുവില്‍ 31കാരനായ കാള്‍സണെ പരാജയപ്പെടുത്തുകയായിരുന്നു.
എട്ട് റൗണ്ട് പൂര്‍ത്തിയായ ഘട്ടത്തില്‍ ടൂര്‍ണമെന്റില്‍ 12ാം സ്ഥാനത്താണ് പ്രഗ്‌നാനന്ദ ഇപ്പോള്‍. രണ്ട് ജയവും രണ്ട് സമനിലയുമാണ് ടൂര്‍ണമെന്റിലെ ഇതുവരെയുള്ള നേട്ടം.
ചരിത്രപരമായ വിജയത്തിന് പിന്നാലെ മുന്‍ ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേരുടെ അഭിനന്ദന പ്രവാഹമാണ് പ്രഗ്‌നാനന്ദയെ തേടിയെത്തുന്നത്.
തന്റെ 16ാം വയസില്‍ തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയതിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ഈ ചെന്നൈക്കാരന്‍. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചെസില്‍ ഇന്ത്യയുടെ യശസുയര്‍ത്താന്‍ ചെന്നൈയില്‍ നിന്നും ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍ വരുന്നു എന്ന പ്രതീക്ഷയും പ്രഗ്‌നാനന്ദയുടെ വിജയം സമ്മാനിക്കുന്നുണ്ട്.
ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനായി 2005 ആഗസ്റ്റ് 10ന് ജനിച്ച പ്രജ്ഞാനന്ദ, ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം നേടിയ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെയാളാണ്.
ആര്‍.ബി. രമേശിന് കീഴില്‍ ചെസ് പരിശീലനം ആരംഭിച്ച പ്രഗ്‌നാനന്ദ, വേള്‍ഡ് യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ 2013ല്‍, തന്റെ ഏഴാം വയസില്‍, അണ്ടര്‍ 8 ടൈറ്റിലും 2015ല്‍ അണ്ടര്‍ 10 ടൈറ്റിലും നേടിയിട്ടുണ്ട്.
ഏഴാം വയസ്സില്‍ ഫിഡെ മാസ്റ്റര്‍ പദവിയും താരം സ്വന്തമാക്കിയിട്ടുണ്ട്.
2016ല്‍ തന്റെ 10ാം വയസില്‍, ചെസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്ന നേട്ടവും പ്രഗ്‌നാനന്ദ സ്വന്തം പേരിലാക്കി. 2018ല്‍, റഷ്യന്‍ താരം സെര്‍ജി കര്‍ജകിന് ശേഷം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന നേട്ടവും സ്വന്തം പേരിലാക്കി.
പിന്നീടും തുടര്‍ച്ചയായി നിരവധി നേട്ടങ്ങള്‍ പ്രഗ്‌നാനന്ദയെ തേടിയെത്തി. റാപിഡ് ചെസ് ആണ് പ്രഗ്‌നാനന്ദയുടെ സ്‌ട്രോങ് പോയിന്റ്.
2021 ഏപ്രിലില്‍ മെല്‍റ്റ്വാട്ടര്‍ ചാംപ്യന്‍സ് ചെസ് ടൂറില്‍ പങ്കെടുത്ത പ്രഗ്‌നാനന്ദ ഒരു മത്സരത്തില്‍ മാഗ്നസ് കാള്‍സണുമായി സമനിലയിലാകുകയും ചെയ്തിരുന്നു. അന്നത്തെ സമനിലയുടെ സങ്കടമാണ് കഴിഞ്ഞദിവസം വിജയമാക്കി മാറ്റി പ്രഗ്‌നാനന്ദ ആഘോഷിച്ചിരിക്കുന്നത്.
ഇതോടെ മാഗ്നസ് കാള്‍സണെ ഒരു ഓണ്‍ലൈന്‍ റാപിഡ് ടൂര്‍ണമെന്റ് ഗെയിമില്‍ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ പ്ലെയര്‍ എന്ന നേട്ടത്തിലും എത്തിയിരിക്കുകയാണ് പ്രഗ്‌നാനന്ദ.
വിശ്വനാഥന്‍ ആനന്ദ്, പി. ഹരികൃഷ്ണ എന്നിവരാണ് മുമ്പ് കാള്‍സണെ തോല്‍പ്പിച്ചിട്ടുള്ളത്.
മറ്റൊരു ‘പ്രത്യേകത’ കൂടി പ്രഗ്‌നാനന്ദക്കുള്ളതായി ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുന്നു എന്നതാണ് അത്.
പരിശീലകന്‍ ആര്‍.ബി. രമേശിന്റെ നിര്‍ദേശപ്രകാരം, മത്സരങ്ങളില്‍ സമ്മര്‍ദ്ദം കുറക്കുന്നതിനാണ് ഈ തീരുമാനം.
ചെസ് മാസ്റ്റര്‍ തന്നെയായ വൈശാലി രമേഷ്ബാബുവിന്റെ സഹോദരന്‍ കൂടിയാണ് പ്രഗ്‌നാനന്ദ.
അണ്ടര്‍ 14, അണ്ടര്‍ 12 വിഭാഗങ്ങളില്‍ ഗേള്‍സ് വേള്‍ഡ് യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുള്ളയാളാണ് വൈശാലി. 2016ല്‍ വിമന്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ടൈറ്റിലും കരസ്ഥമാക്കിയിട്ടുണ്ട്.
Content Highlight: the 16-year-old Rameshbabu Praggnanandhaa, who beat world champion Magnus Carlsen in Chess