| Tuesday, 21st December 2021, 1:24 pm

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാര്‍ ഇവരാണ്...

സ്പോര്‍ട്സ് ഡെസ്‌ക്

ഓപ്പണിംഗ് ജോഡികളെ ബാറ്റിംഗ് ഇന്നിംഗിസിന്റെ നട്ടെല്ലെന്നാണ് ക്രിക്കറ്റില്‍ വിശേഷിപ്പിക്കുന്നത്. ഓപ്പണര്‍മാര്‍ നല്ല തുടക്കം നല്‍കിയാല്‍ പിന്നീട് ക്രീസിലെത്തുന്നവര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാം.

അതുകൊണ്ട് തന്നെ ഓപ്പണിംഗ് സ്ഥാനം ഏതൊരു ടീമും കെട്ടുറപ്പുള്ളതാക്കാന്‍ ശ്രമിക്കാറുണ്ട്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുകള്‍ ഇവയാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-സൗരവ് ഗാംഗുലി

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരെന്നാണ് സച്ചിനേയും ഗാംഗുലിയേയും വിശേഷിപ്പിക്കുന്നത്. ഏകദിനത്തില്‍ 10000 ത്തിലധികം റണ്‍സ് നേടിയിട്ടുള്ള ഇരുവരുമാണ് ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളുടെ പട്ടികയില്‍ ഒന്നാമതുള്ളത്.

136 ഏകദിനങ്ങളില്‍ ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിട്ടുള്ള ഇരുവരും ചേര്‍ന്ന് 6609 റണ്‍സാണ് കൂട്ടിച്ചര്‍ത്തിട്ടുള്ളത്.

21 സെഞ്ച്വറി കൂട്ടുകെട്ടുകളും 23 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും ഇരുവരുടേയും പേരിലുണ്ട്. 2001 ല്‍ കെനിയയ്‌ക്കെതിരെ പുറത്താകാതെ 258 റണ്‍സെടുത്തതാണ് ഉയര്‍ന്ന കൂട്ടുകെട്ട്.

1996 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തിലാണ് ഇരുവരും ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്.

ആദം ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍

ഓസീസ് ഓപ്പണിംഗ് ജോഡികളായ ഗില്‍ക്രിസ്റ്റും ഹെയ്ഡനുമാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍. ഓസ്‌ട്രേലിയയുടെ അപരാജിത കുതിപ്പ് തുടങ്ങിയ 2000 ത്തിന് ശേഷം ടീമിന്റെ നട്ടെല്ലായിരുന്നു ഈ കൂട്ടുകെട്ട്.

114 ഏകദിനങ്ങളില്‍ ഓസീസിനായി ഒന്നിച്ചിറങ്ങിയ ഇരുവരും 5372 റണ്‍സാണ് അടിച്ചെടുത്തത്. 16 സെഞ്ച്വറി കൂട്ടുകെട്ടിലും 29 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടിലും ഇരുവരും പങ്കാളികളായി. 2001 മുതല്‍ 2008 വരെയായിരുന്നു ഇവര്‍ ഓപ്പണിംഗ് ജോഡികളായിരുന്നത്.

2007 ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 172 റണ്‍സ് നേടിയതാണ് ഉയര്‍ന്ന കൂട്ടുകെട്ട്.

ഗ്രീനിഡ്ജ്-ഹെയ്ന്‍സ്

വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതാപകാലത്തെ കുന്തമുനകളായിരുന്നു ഗ്രീനിഡ്ജ്-ഹെയ്ന്‍സ് സഖ്യം. 102 മത്സരങ്ങളില്‍ ഓപ്പണിംഗിനിറങ്ങിയ ഇരുവരും 5150 റണ്‍സാണ് നേടിയത്.

1979-91 വര്‍ഷങ്ങളില്‍ വിന്‍ഡീസ് വിജയക്കുതിപ്പില്‍ നിര്‍ണായപങ്കാണ് ഇരുവരും വഹിച്ചത്. 15 സെഞ്ച്വറി കൂട്ടുകെട്ടും 24 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമുള്ള ഇരുവരുടേയും ഉയര്‍ന്ന സ്‌കോര്‍ 1987 ല്‍ ന്യൂസിലാന്റിനെതിരെ നേടിയ 192 റണ്‍സാണ്.

ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ

സമകാലിക ക്രിക്കറ്റിലെ ഏറ്റവും സക്‌സസ്ഫുള്ളായ ഓപ്പണിംഗ് ജോഡികളാണ് രോഹിത്-ധവാന്‍ കൂട്ടുകെട്ട്. 2013 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇരുവരും ചേര്‍ന്ന് 4978 റണ്‍സാണ് അടിച്ചെടുത്തത്. 110 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം.

17 സെഞ്ച്വറി കൂട്ടുകെട്ടും 15 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും ഇരുവരുടേയും പേരിലുണ്ട്. പാകിസ്ഥാനെതിരെ 2018 ല്‍ നേടിയ 210 റണ്‍സാണ് ഉയര്‍ന്ന കൂട്ടുകെട്ട്.

ഹാഷിം അംല-ക്വിന്റണ്‍ ഡി കോക്ക്

ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന്റെ നട്ടെല്ലാണ് അംല-ഡി കോക്ക് ഓപ്പണിംഗ് സഖ്യം. 93 ഏകദിനങ്ങളില്‍ ഒന്നിച്ച് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഇരുവരും 4198 റണ്‍സ് നേടിയിട്ടുണ്ട്.

11 സെഞ്ച്വറി കൂട്ടുകെട്ടും 14 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും ഇരുവരുടേയും പേരിലായിട്ടുണ്ട്. 2017 ല്‍ ബംഗ്ലാദേശിനെതിരെ പുറത്താകാതെ 282 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ഉയര്‍ന്ന കൂട്ടുകെട്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- വീരേന്ദര്‍ സെവാഗ്

2000 ത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പരീക്ഷിച്ച് തുടങ്ങിയ മറ്റൊരു ഓപ്പണിംഗ് ജോഡിയായിരുന്നു സച്ചിന്‍-സെവാഗ് സഖ്യം. ഗാംഗുലി സ്വയം ഓര്‍ഡറില്‍ ഇറങ്ങി കളിക്കുകയും പിന്നീട് സ്ഥിര സാന്നിധ്യമാവാതിരിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ വിശ്വസ്തരായ ഓപ്പണിംഗ് കൂട്ടുകെട്ടായി സച്ചിനും സെവാഗും മാറി.

ഇരുവരുടേയും മികച്ച പ്രകടനം ഇന്ത്യയ്ക്ക് 2011ലെ ഏകദിന ലോകകപ്പ് നേടുന്നതിനും സഹായകമായി. 2002 മുതല്‍ 2012 വരെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്തുണ്ടായിരുന്ന ഇരുവരും 93 മത്സരങ്ങളില്‍ നിന്ന് 3919 റണ്‍സാണ് നേടിയത്.

12 സെഞ്ച്വറി കൂട്ടുകെട്ടിലും 18 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടിലും ഇരുവരും പങ്കാളികളായി. 2003 ല്‍ ന്യൂസിലാന്റിനെതിരെ നേടിയ 182 റണ്‍സാണ് ഉയര്‍ന്ന കൂട്ടുകെട്ട്.

ആദം ഗില്‍ക്രിസ്റ്റ്- മാര്‍ക്ക് വോ

മാത്യു ഹെയ്ഡന് മുന്‍പ് ഗില്‍ക്രിസ്റ്റിന്റെ ഓപ്പണിംഗ് പങ്കാളി മാര്‍ക്ക് വോയായിരുന്നു. 1998 മുതല്‍ 2002 വരെയുള്ള നാല് വര്‍ഷം മാത്രം നീണ്ടു നിന്ന കരിയറില്‍ ഇരുവരും 3853 റണ്‍സാണ് അടിച്ചെടുത്തത്. 93 മത്സരങ്ങളില്‍ നിന്നാണ് ഇത്.

എട്ട് സെഞ്ച്വറി കൂട്ടുകെട്ടും 20 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും ഇരുവരുടേയും പേരിലുണ്ട്.

ആരോണ്‍ ഫിഞ്ച്- ഡേവിഡ് വാര്‍ണര്‍

സമകാലിക ക്രിക്കറ്റിലെ ഏറ്റവും ആക്രമണാത്മകമായ ഓപ്പണിംഗ് ജോഡികളാണ് ഫിഞ്ച്-വാര്‍ണര്‍ സഖ്യം. 2014 മുതല്‍ 2020 വരെയുള്ള കാലങ്ങളില്‍ 70 ഏകദിനങ്ങളിലാണ് ഇരുവരും ഓപ്പണര്‍മാരായി ഇറങ്ങിയത്.

3638 റണ്‍സാണ് ഇരുവരുടേയും സമ്പാദ്യം. 12 സെഞ്ച്വറി കൂട്ടുകെട്ടും 14 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും ഇരുവരുടേയും പേരിലുണ്ട്. 2020 ല്‍ ഇന്ത്യയ്‌ക്കെതിരെ പുറത്താകാതെ നേടിയ 258 റണ്‍സാണ് ഉയര്‍ന്ന ടോട്ടല്‍.

ബൂണ്‍-ജെഫ് മാര്‍ഷ്

ഓസ്‌ട്രേലിയയുടെ ഓപ്പണിംഗ് ജോഡികളായി ബൂണ്‍-മാര്‍ഷ് സഖ്യം 1986 മുതല്‍ 1992 വരെയായിരുന്നു കളിച്ചിരുന്നത്. 88 മത്സരങ്ങളില്‍ നിന്നായി 3523 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്.

ഏഴ് സെഞ്ച്വറി കൂട്ടുകെട്ടും 25 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും ഇരുവരുടേയും പേരിലുണ്ട്. 212 ആണ് ഉയര്‍ന്ന കൂട്ടുകെട്ട്.

മര്‍വന്‍ അട്ടപ്പട്ടു-സനത് ജയസൂര്യ

ശ്രീലങ്കന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓപ്പണിംഗ് ജോഡികളായാണ് അട്ടപ്പട്ടു-ജയസൂര്യ സഖ്യം അറിയപ്പെടുന്നത്. 79 മത്സരങ്ങളില്‍ നിന്ന് 3382 റണ്‍സാണ് ഇരുവരും നേടിയത്.

1997 മുതല്‍ 2007 വരെയുള്ള കാലയളവിലാണ് ഇരുവരും ഒന്നിച്ച് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. എട്ട് സെഞ്ച്വറി കൂട്ടുകെട്ടും 19 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും ഇരുവരുടേതുമായുണ്ട്.

2003 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 237 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: The 10 Best Opening Pairs In The History Of ODI Cricket Sachin Tendulkar Sourav Ganguly Virendar Sewag Adam Gilchirst Mathew Hayden Rohit Sharma Shikhar Dhawan Hashim Amla

We use cookies to give you the best possible experience. Learn more