എ.സി.സി മെന്‍സ് എമര്‍ജിങ് ടീംസ് ഏഷ്യ കപ്പ് 2023ന്റെ ഫൈനലില്‍ ഇന്ത്യന്‍ പ്രതീക്ഷകളെയാകെ തല്ലിക്കെടുത്തുന്ന തകര്‍പ്പന്‍ സെഞ്ച്വറിയാണ് പാകിസ്ഥാന്‍ എ ടീമിന്റെ 29കാരനായ മധ്യനിര താരം തയ്യബ് താഹിര്‍ (108) പുറത്തെടുത്തത്.
ലിസ്റ്റ് എ മാച്ചുകളിലെ നാലാമത്തെ സെഞ്ച്വറിയാണ് താരം ഇന്ന് ഇന്ത്യക്കെതിരെ സ്വന്തമാക്കിയത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കായി ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്തൊരു കാഴ്ചവിരുന്ന് തന്നെയാണ് തയ്യബ് ഒരുക്കിയത്.
ഫൈനല്‍ വേദിയില്‍ പാകിസ്ഥാന്‍ എ ടീമിനായി 152.11 സ്‌ട്രൈക്ക് റേറ്റിലാണ് താഹിര്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. ഹംഗാര്‍ഗേക്കറാണ് ഒടുവില്‍ തയ്യബ് താഹിറിനെ അഭിഷേക് ശര്‍മയുടെ കൈകളിലെത്തിച്ചത്. അപ്പോഴേക്കും 12 ഫോറുകളും നാല് സിക്‌സറുകളും സഹിതം 71 പന്തില്‍ നിന്ന് 108 റണ്‍സാണ് താഹിര്‍ നേടിയത്.
അതേസമയം, ഇന്ത്യയുടെ ശരാശരി 20 വയസിനോട് അടുത്ത് മാത്രം പ്രായമുള്ള ടീമിന്റെ അടുത്താണ് മുപ്പതിനോടടുത്ത് പ്രായമുള്ള ‘അങ്കിളി’ന്റെ ഈ സെഞ്ച്വറി പ്രകടനമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. ക്രിക് അഡിക്ടര്‍ എന്ന ട്വിറ്റര്‍ പേജാണ് താരത്തെ അങ്കിള്‍ എന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
ടൂര്‍ണമെന്റിലുടനീളം മികച്ച അച്ചടക്കത്തോടെ കനത്ത പ്രഹരശേഷിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം കണക്കിന് പ്രഹരിച്ചാണ് വെറും 66 പന്തില്‍ നിന്നും തയ്യബ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ ടീമിനെതിരെ നടക്കുന്നൊരു സ്വപ്ന ഫൈനലില്‍ അവസരത്തിനൊത്ത് ഉയരുകയെന്നത് ഏതൊരു പാക് താരത്തിന്റേയും സ്വപ്‌നമാണെന്നിരിക്കെയാണ് തയ്യബിന്റെ ഈ സെഞ്ച്വറി പിറന്നിരിക്കുന്നത്.
പാക് ഓപ്പണര്‍മാരായ സായിം അയൂബും (59), സാഹിബ്‌സാദ ഫര്‍ഹാനും (65) അര്‍ധസെഞ്ച്വറി പ്രകടനങ്ങളുമായി ഗംഭീര തുടക്കമാണ് പാകിസ്ഥാന് സമ്മാനിച്ചത്. നിര്‍ണായക ഫൈനലില്‍ 17.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 121 റണ്‍സെന്ന ശക്തമായ നിലയിലേക്ക് ഇരുവരും ടീമിനെ എത്തിച്ചിരുന്നു. തുടര്‍ന്നാണ് മധ്യനിര താരം തയ്യബ് താഹിര്‍ ഈ അവസരം മുതലെടുത്ത് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
അതേസമയം, 353 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ എ ടീം 10 ഓവറില്‍ 69/1 എന്ന നിലയിലാണ്. ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. 28 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ഓപ്പണര്‍ സായ് സുദര്‍ശനാണ് പുറത്തായത്. അര്‍ഷാദ് ഇക്ബാലിന്റെ പന്തില്‍ മുഹമ്മദ് ഹാരിസാണ് ക്യാച്ചെടുത്തത്. അഭിഷേക് ശര്‍മയും (27 പന്തില്‍ 30 റണ്‍സ്) നികിന്‍ ജോസുമാണ് (3) ക്രീസില്‍.
Content Highlights: thayyab thahir centuary gets both acclaims and criticism