കാന്‍ബെറെ: അന്തരിച്ച ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി നാണം കെട്ട വംശീയവാദിയായിരുന്നെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ബോബ് കര്‍. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് വിരമക്കുന്ന സമയത്ത് താച്ചര്‍ വംശീയവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ബോബ് കര്‍ പറഞ്ഞു.[]
വിരമിക്കുന്ന സമയത്ത് നടത്തിയ സംഭാഷണത്തില്‍ ഏഷ്യന്‍ കുടിയേറ്റത്തെ കുറിച്ച് താച്ചര്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുത്തായിരുന്നു ബോബിന്റെ പരാമര്‍ശം. ഏഷ്യന്‍ കുടിയേറ്റക്കാര്‍ കൂടുതലായി വന്ന സ്വദേശവാസികള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുമെന്നായിരുന്നു താച്ചറുടെ പരാമര്‍ശം.
താച്ചറുടെ പരാമര്‍ശം തന്നെ അത്ഭുതപ്പെടുത്തിയെന്നും ബോബ് പറഞ്ഞു. തന്റെ മലേഷ്യന്‍ വംശജയായ ഭാര്യ അടുത്തിരിക്കുമ്പോഴായിരുന്നു ഏഷ്യന്‍ കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള താച്ചറുടെ പരാമര്‍ശമെന്നും ബോബ് പറയുന്നു.
താച്ചര്‍ മികച്ച രാഷ്ട്രീയ നേതാവാണ്. രാഷ്ട്രീയത്തില്‍ അസാമാന്യ ധീരതയാണ് അവര്‍ കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വംശീയതയെ കുറിച്ച് അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ ശരിക്കും അമ്പരപ്പിച്ചു. അവര്‍ തന്നോട് പറഞ്ഞു,
” നിങ്ങള്‍ കുടിയേറ്റം അനുവദിക്കുന്നത് അവസാനിപ്പിക്കണം. ഞാന്‍ സിഡ്‌നിയെ ഇഷ്ടപ്പെടുന്നു. പക്ഷേ, കുടിയേറ്റത്തെ നിങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. അതല്ലെങ്കില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ നിങ്ങളുടെ രാജ്യം മുഴുവനായും പിടിച്ചെടുക്കും.” ഒരു മലേഷ്യന്‍ വംശജയെ ഭാര്യയായി സ്വീകരിച്ച തനിക്ക് താച്ചറുടെ പ്രസ്താവന ഏറെ ആശ്ചര്യമുണ്ടാക്കിയെന്നും ബോബ് പറയുന്നു.
അതേസമയം, താച്ചറുടെ മരണത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിളിച്ച് ചേര്‍ത്ത അനുശോചന യോഗത്തില്‍ നിന്ന് മുന്‍ മന്ത്രി ജോണ്‍ ഹീലി അടക്കമുള്ളവര്‍ വിട്ട് നിന്നു.