ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി ജോമോള്‍. അഭിനയരംഗത്തില്ലെങ്കിലും അണിയറയിലൂടെ സിനിമയിലേക്ക് വീണ്ടും രംഗ പ്രവേശം നടത്തിയിരിക്കുകയാണ് താരം.
സിനിമയില്‍ സബ് ടൈറ്റില്‍ തയ്യാറാക്കുന്ന ജോലിയാണ് ഇപ്പോള്‍ ജോമോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ജാനകി ജാനേ എന്ന സിനിമയിലെ ഇംഗ്ലീഷ് സബ് ടൈറ്റിലിലൂടെയാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് മാറി നിന്നതിനെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍. പണ്ട് കാലത്തെ ട്രെന്റായിരുന്നു ഇതെന്നും സിനിമയില്‍ ഇല്ലായിരുന്നെങ്കിലും സിനിമക്കാരുമായി അടുപ്പമുണ്ടായിരുന്നുവെന്നും ജോമോള്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ആ സമയത്തുള്ള ട്രെന്‍ഡ് അതായിരുന്നു. കല്യാണം കഴിഞ്ഞ് അഭിനയം നിര്‍ത്തുക എന്നത്. കല്യാണം കഴിഞ്ഞു, അമേരിക്കയില്‍ പോവുക, അതായിരുന്നു അന്നത്തെ ട്രെന്‍ഡ്. ഞാനും അമേരിക്കയിലായിരുന്നു എന്നായിരുന്നു എല്ലാവരുടെയും ധാരണ.
ഞാന്‍ ഹോം മേക്കറാണെങ്കിലും നല്ല തിരക്കായിരുന്നു. അഭിനയ ജീവിതം മിസ് ചെയ്തില്ലെങ്കിലും ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. ഇതുവരെ തിരിച്ചുവരണമെന്ന ആഗ്രഹം ഇല്ലായിരുന്നു. കാരണം മക്കളും വീടുമൊക്കെയായി ഞാന്‍ തിരക്കിലായിരുന്നു.
പക്ഷേ ഈ ഫീല്‍ഡിലെ ആളുകളുമായി ഞാന്‍ ടച്ചിലുണ്ട്. ഇടക്കിടക്ക് ഓരോ ഫങ്ഷനുണ്ടാകും, അമ്മ അസോസിയേഷന്റെ മീറ്റിങ് ഉണ്ടാകും. അങ്ങനെ എല്ലാവരുമായി ടച്ചിലുണ്ടായിരുന്നു,’ ജോമോള്‍ പറഞ്ഞു.
താന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ജാനകിക്കുട്ടി ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ചെയ്തതില്‍ ഏറ്റവും ഇഷ്ടം ജാനകിക്കുട്ടി എന്ന കഥാപാത്രമാണ്. അതുകഴിഞ്ഞ് നിറത്തിലെ വര്‍ഷ. ജാനകിക്കുട്ടി ചെയ്യുന്ന സമയത്ത് ഡയറക്ടര്‍ എന്ത് പറയുന്നു അത് പോലെ അഭിനയിക്കുന്നു അത്രേയുള്ളൂ.
അഞ്ച്, ആറ് ദിവസമെടുത്തു അതിലേക്ക് വീഴാന്‍. പിന്നെ അതങ്ങ് ഓക്കെയായി. ചെയ്ത സിനിമകള്‍ ഞാന്‍ കാണാറില്ല. വീട്ടുകാരെ കാണിച്ചിട്ടുമില്ല,’ ജോമോള്‍ പറഞ്ഞു.
അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയാണ് ജാനകി ജാനേ. കോട്ടയം നസീര്‍, ജോണി ആന്റണി, ജോര്‍ജ് കോര, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
content highlight: That was the trend at the time; Everyone understands that I was also in America: Jomol