|

'അതാണ് എന്റെ ക്യാപ്റ്റന്‍സി കരിയറിലെ മികച്ച നിമിഷം, ആ താരത്തെ പോലെ തിരിച്ചു വരാനാകുമെന്ന് പ്രതീക്ഷിക്കുന്നു'; തുറന്ന് പറഞ്ഞ് ജോസ് ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനായി ടി20 ലോകകപ്പ് നേടാന്‍ കഴിഞ്ഞതാണ് തന്റെ ക്യാപ്റ്റന്‍സി കരിയറിലെ മികച്ച നിമിഷമെന്ന് ജോസ് ബട്‌ലര്‍. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ജോ റൂട്ടിനെ പോലെ തനിക്കും ടീമിനായി മികച്ച പ്രകടനങ്ങള്‍ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍സ് ട്രോഫിയില്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ബട്‌ലര്‍. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ജോസ് ബട്‌ലറുടെ അവസാന മത്സരമായിരുന്നു ഇത്.

‘ലോകകപ്പ് നേടിയ ക്യാപ്റ്റനാകാന്‍ കഴിഞ്ഞത് അതിശയകരമായിരുന്നു. അതാണ് എന്റെ ക്യാപ്റ്റന്‍സിയിലെ ഏറ്റവും മികച്ച ദിവസം. ജോ (ജോ റൂട്ട്) ഞങ്ങള്‍ക്ക് നല്ലൊരു മാതൃകയായിരുന്നു. അവന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ടീമിനായി മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിരുന്നു. എനിക്കും അവനെ പോലെ നന്നായി കളിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു,’ ബട്‌ലര്‍ പറഞ്ഞു.

2022ല്‍ ഒയാന്‍ മോര്‍ഗന്റെ പിന്‍ഗാമിയായിട്ടാണ് ബട്‌ലര്‍ ഇംഗ്ലണ്ട് ക്യാപ്റ്റനാകുന്നത്. ആ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പ് അദ്ദേഹം ഇംഗ്ലണ്ടിനായി നേടികൊടുത്തിരുന്നു. അതിന് ശേഷമെത്തിയ മൂന്ന് ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ട് അമ്പേ പരാജയമായി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി ജോസ് ബട്‌ലര്‍ അറിയിച്ചത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്നലെ നടന്ന മത്സരത്തിലും ഇംഗ്ലണ്ട് തോറ്റിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരെ കറാച്ചിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് തോല്‍വി . ഇതോടെ ഒരു ജയം പോലുമില്ലാതെയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇംഗ്ലണ്ട് മടങ്ങുന്നത്.

ഇന്നലെ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടീമിന്റെ പ്രകടനത്തില്‍ അദ്ദേഹം നിരാശ പങ്കുവെച്ചു. ബെന്‍ ഡക്കറ്റ് ടീമിനായി നല്ല തുടക്കം നല്‍കിയെങ്കിലും അത് ഉപയോഗപ്പെടുത്താന്‍ ആയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് ശരിക്കും നിരാശാജനകമായ പ്രകടനമായിരുന്നു. പ്രതീക്ഷിച്ച സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ല. ഡക്കറ്റ് (ബെന്‍ ഡക്കറ്റ്) ടീമിനായി നല്ല തുടക്കം നല്‍കി. പക്ഷേ, ഞങ്ങള്‍ക്ക് അത് ഉപയോഗപ്പെടുത്താനായില്ല,’ ബട്‌ലര്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ സമീപകാല മോശം പ്രകടനങ്ങളിലും ജോസ് ബട്‌ലര്‍ പ്രതികരിച്ചു. ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും അത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും താരം പറഞ്ഞു. ഇംഗ്ലണ്ടിന് മികച്ച കളിക്കാരുണ്ടെന്നും കോച്ച് ബ്രണ്ടന്‍ മക്കല്ലത്തിന് കീഴില്‍ ടീം തിരിച്ചുവരുമെന്നും ബട്‌ലര്‍ പ്രതീക്ഷ പങ്കുവെച്ചു.

‘മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. അത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. അത് കൊണ്ട് മാറ്റം അനിവാര്യമാണ്. തീര്‍ച്ചയായും ഞങ്ങള്‍ക്ക് മികച്ച കളിക്കാരുണ്ട്. ഇംഗ്ലണ്ട് ടീം എവിടെയാണോ എത്താന്‍ ആഗ്രഹിക്കുന്നത് അതിനായി കോച്ച് ബ്രണ്ടന്റെ ( ബ്രണ്ടന്‍ മെക്കല്ലം) കീഴില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

content highlights: ‘That was the best moment of my captaincy career, hope to come back like that star’; Jos Buttler opens up

Video Stories