| Thursday, 16th March 2023, 7:03 pm

അതും തള്ള്; മോദിക്ക് സമാധാനത്തിനുളള നൊബേല്‍ പ്രൈസ് വാര്‍ത്ത വ്യാജം; പ്രചരിപ്പിച്ചത് ടൈംസ് നൗ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പരിഗണിക്കുന്നുവെന്ന ടൈംസ് നൗ് വാര്‍ത്ത വ്യാജമെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യ സന്ദര്‍ശിക്കുന്ന നൊബേല്‍ പ്രൈസ് കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലെ തോജ് ‘സമാധാനത്തിനുള്ള ഏറ്റവും വലിയ മത്സരാര്‍ത്ഥി നരേന്ദ്ര മോദിയാണെന്ന്’ പറഞ്ഞുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് അസ്‌ലെ തന്നെ രംഗത്തെത്തി.

‘ഈ വാര്‍ത്ത വ്യാജമാണ്. ഇതിന് ആരും ഓക്‌സിജനും ഊര്‍ജവും നല്‍കരുത്’ അദ്ദേഹം പറഞ്ഞു.

ഉക്രൈന്‍- റഷ്യ യുദ്ധത്തില്‍ നരേന്ദ്ര മോദിയുടെ ഇടപെടല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഇന്ത്യ പോലൊരു രാജ്യത്ത് നിന്ന് അത്തരം നീക്കങ്ങള്‍ വന്നത് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ലോകമെമ്പാടും സമാധാനം നിലനിര്‍ത്തുന്നതില്‍ മോദിക്ക് എത്ര റേറ്റ് നല്‍കുമെന്ന് ടൈംസ് നൗ അവതാരകന്‍ ചോദിച്ചിരുന്നു. അതിനുള്ള അസലെയുടെ മറുപടിയാണ് ടൈംസ് നൗ വളച്ചൊടിച്ചത്.

‘ ലോകമെമ്പാടുമുള്ള സമാധാനം ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. എന്നാല്‍ ഉക്രൈന്‍- റഷ്യ യുദ്ധത്തിലെ നരേന്ദ്ര മോദിയുടെ ഇടപെടല്‍ ഞാന്‍ ശ്രദ്ധിച്ചു.

ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ റഷ്യക്കെതിരെ അദ്ദേഹം നിലക്കൊണ്ടത് ഏറെ സന്തോഷമുണ്ടാക്കി. ഈയൊരു നിലപാട് ഇന്ത്യയില്‍ നിന്ന് വന്നുവെന്നത് ഏറെ പ്രധാനപ്പെട്ടതാണ്. എല്ലാ രാജ്യവും ഈ സന്ദേശം നല്‍കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

ലോകത്തിലെ മുതിര്‍ന്ന രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളാണ് മോദിയെന്നും അദ്ദേഹം കുറെ നാളായി പ്രധാനമന്ത്രിയായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ ഇന്ത്യ ഒരു വികസ്വര രാജ്യമെന്ന നിലയില്‍ നിന്ന് ഈ ലോകത്തിലെ പ്രാഥമിക സമ്പദ് വ്യവസ്ഥയിലൊന്നായി റെക്കോര്‍ഡ് സമയത്തിനുള്ളില്‍ മാറിയിരിക്കുന്നു,’ എന്ന് അദ്ദേഹം എ.എന്‍.ഐയോടും പറഞ്ഞിരുന്നു.

ഈ പ്രസ്താനവനകളെയാണ് ടൈംസ് നൗ, നരേന്ദ്ര മോദിയെ നൊബേല്‍ പ്രൈസിന് വേണ്ടി പരിഗണിക്കുന്നതെന്ന് വളച്ചൊടിച്ചത്.

വ്യാഴാഴ്ച ടൈംസ് നൗ എഡിറ്റര്‍ രാഹുല്‍ ശിവശങ്കറായിരുന്നു ആദ്യമായി ഈ വാര്‍ത്ത് ട്വീറ്റ് ചെയ്തത്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് പ്രചരിച്ചതിനെ തുടര്‍ന്ന് ട്വീറ്റ് അപ്രത്യക്ഷമായിട്ടുണ്ട്.

പിന്നീട് എകണോമിക് ടൈംസ്, എ.ബി.പി, മിന്റ് തുടങ്ങിയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

content highlight: That too, push it; News of Modi’s Nobel Peace Prize is fake; Published by Times Now

We use cookies to give you the best possible experience. Learn more