കേരളത്തിലുള്ളവരുടെ ലൈംഗിക ദാരിദ്ര്യം എത്ര മാത്രമാണെന്ന് പുതിയ ആല്‍ബത്തിലെ ലിപ് ലോക്ക് സീന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് മനസിലായതെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.
ഏറെ വൈറലും മോശം കമന്റുകള്‍ വന്നതുമായ പോസ്റ്റ് പങ്കുവെക്കാനുള്ള കാരണവും ഗോപി സുന്ദര്‍ വ്യക്തമാകുന്നുണ്ട്. അമൃത സുരേഷും ഗോപി സുന്ദറും ആദ്യമായി ഒരുമിച്ച് ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്.
മ്യൂസിക്ക് ആല്‍ബത്തിന്റെ നല്ല ഭംഗിയുള്ള ഒരു പോസ്റ്റര്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ യാതൊരു തരത്തിലും അത് ആളുകളിലേക്ക് എത്തിയില്ലെന്നും അതിന് ശേഷം എന്തായാലും വീഡിയോ ഇറങ്ങുമ്പോള്‍ ആളുകള്‍ കാണുന്ന ചുംബന രംഗം പോസ്റ്റ് ചെയ്യാം എന്ന് കരുതിയത് അത്‌കൊണ്ടാണെന്നുമാണ് ഗോപി സുന്ദര്‍ പറയുന്നത്.
‘ നല്ല ഭംഗിയുള്ള ആല്‍ബത്തിന്റെ പോസ്റ്റര്‍ ഇട്ടപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടില്ല, രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോഴും അതിന് കുറച്ച് കമന്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ ആ മ്യൂസിക്ക് ആല്‍ബം ഇറക്കിയാല്‍ ആരും കാണില്ല എന്ന് തോന്നി.
അപ്പോഴാണ് ആല്‍ബത്തിലെ കിസ്സിങ് സീന്‍ റിലീസ് ചെയ്യാം എന്ന് തിരുമാനിച്ചത്. ആ പോസ്റ്റ് ഇട്ട് കഴിഞ്ഞപ്പോഴാണ് കേരളത്തിലെ ലൈംഗിക ദാരിദ്ര്യം എത്ര മാത്രം ഉണ്ടെന്ന് എനിക്ക് മനസിലായത്,’ ഗോപി സുന്ദര്‍ പറയുന്നു.
ഒരു സാരി വില്‍ക്കണമെങ്കില്‍ തെങ്ങില്‍ സാരി ചുറ്റിയാല്‍ മതി എന്നാണ് കിസ്സിങ് പോസ്റ്റ് വൈറലായപ്പോള്‍ തോന്നിയതെന്നും ഗോപി സുന്ദര്‍ പറയുന്നു.
‘ആ പോസ്റ്റ് കണ്ട് സന്തോഷിക്കുന്നവരുണ്ട്, കപടമായി ആസ്വദിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവരൊക്കെയുണ്ട്. എന്തയാലും എന്റെ ഉദ്ദേശം നടന്നു. ആ പാട്ട് നല്ല രീതിയില്‍ റീച്ച് ആകണം എന്നെ ഉണ്ടായിരുന്നുള്ളു.
ഇത് തന്നെയാണ് എല്ലാവരും ചെയ്യുന്നത്. ഒരു ഷര്‍ട്ട് വെറുതെ ഇട്ടാല്‍ ആരും വാങ്ങിക്കില്ല, അത് ഒരു മോഡല്‍ ഇട്ടാല്‍ അല്ലെ എല്ലാവരും വാങ്ങുന്നത്, ഒരു ഉടുപ്പ് ആയാലും മുടി ഒക്കെ അഴിച്ചിട്ട് ഒരു ‘ചരക്കിനെ’ കൊണ്ട് നിര്‍ത്തിയാല്‍ അല്ലെ എല്ലാവരും വാങ്ങിക്കുക,’ ഗോപി സുന്ദര്‍ പറയുന്നു.
ഇതെല്ലാം മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആണെന്നും ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇരുവര്‍ക്കുമെതിരെ സ്ഥിരമായി മുമ്പും സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകളും അധിക്ഷേപങ്ങളും ഉണ്ടാവാറുണ്ട്.
പ്രണയം തുറന്നു പറഞ്ഞുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ നെഗറ്റീവ് കമന്റുകള്‍ വരുമെന്ന് അറിയാമായിരുന്നു എന്നും ഇരുവരും പറയുന്നുണ്ട്.
യൂട്യുബ് നോക്കിയാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് നോക്കുന്നതെന്നും ഇരുവരും അഭിമുഖത്തില്‍ പറയുന്നു.