തേഞ്ഞിപ്പാലം: ഭാഷാസമരത്തില്‍ പങ്കെടുത്തുവെന്ന മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയായ എ.പി. ഉണ്ണികൃഷ്ണന്റെ പ്രസംഗം കളവാണെന്ന ആരോപണവുമായി കര്‍മ ഫൗണ്ടേഷനിലെ എഴുത്തുകാരനും പ്രവര്‍ത്തകനുമായ കെ.എം. ശാഫി. 1989 ല്‍ ലീഗിലേക്ക് വന്ന മനുഷ്യന്‍ 1980 ലെ ഭാഷാ സമരത്തില്‍ പങ്കെടുത്തെന്നോ എങ്ങനെ പങ്കെടുക്കുമെന്നും എ.പി. ഉണ്ണികൃഷ്ണന്റെ പരാമര്‍ശങ്ങള്‍ കളവാണെന്നും അദ്ദേഹം ഫെയ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.
അദ്ദേഹത്തോടൊപ്പം പഠിച്ച സഹപാഠികളെ വിളിച്ച് ഉറപ്പിച്ചാണ് ഈ കുറിപ്പ് എഴുതുന്നതെന്നും ശാഫി പറഞ്ഞു.
‘1979 ല്‍ വേങ്ങരയിലെ കുറ്റൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സി.എച്ചും, തങ്ങളും വരുന്നു. അന്നത്തെ പ്രാദേശിക കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരം ലീഗ് നേതാക്കളെ കൂവി വിളിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ ഇയാളുണ്ടായിരുന്നു, ദൃക്‌സാക്ഷികള്‍ ഇന്നും ജീവിച്ചിരിക്കുന്നു.
1989 ലാണ് ഈ മാന്യന്‍ മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പെടുക്കുന്നത്. 1990 ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ തൊട്ട് മുമ്പ്. യശശരീരനായ കെ.പി രാമന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ലീഗ് നേതാക്കളാണ് അതിന് മുന്‍കയ്യെടുത്തത്.
അത് വരേയ്ക്കും ഇയാള്‍ കോണ്‍ഗ്രസുകാരനായിരുന്നു.1980 ല്‍ കുറ്റൂര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇദ്ദേഹം കെ.എസ്.യുക്കാരനായിരുന്നു എന്നതിന് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരുപാട് സഹപാഠികള്‍ സാക്ഷി. എന്റെ നാട്ടില്‍ തന്നെയുള്ള ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ കൂടെ അയാളുടെ ശിഷ്യനായി നടന്നുനടന്ന് മൂപ്പര് ഇയാളെ അന്നത്തെ വേങ്ങര പഞ്ചായത്ത് അധഃകൃത വര്‍ഗ ലീഗിന്റെ (അന്ന് കോണ്‍ഗ്രസിന്റെ ദളിത് കൂട്ടായ്മ)പഞ്ചായത്ത് പ്രസിഡന്റാക്കുന്നു.
അത് കഴിഞ്ഞ് അന്നത്തെ മലപ്പുറം മണ്ഡലം പ്രസിഡന്റാക്കുന്നു. ആയിടക്കാണ് കോണ്‍ഗ്രസ് നേതാവായ കെ. പി. കുഞ്ഞിമൊയ്തു സാഹിബിനെതിരെ ഇയാളുടെ അവഹേളനപ്രസംഗം. അതില്‍ നടപടി എടുക്കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞപ്പോള്‍ അധഃകൃത വര്‍ഗ ലീഗിന്റെ ജില്ലാ പ്രസിഡന്റ് എന്റെ നാട്ടുകാരന്‍ തന്നെയായ നേതാവ് 1987ല്‍ ഈ പ്രഭാഷകനെ അതിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയാക്കി,’ അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പും എ.പി ഇത്തരത്തിലുള്ള പല നുണകളും പറഞ്ഞിട്ടുണ്ടെന്നും ഒരുവട്ടം താന്‍ തന്നെ അതിനെതിരെ വേദിയില്‍ വെച്ച് പ്രതികരിച്ചുവെന്നും ഷാഫി പറഞ്ഞു. കൂടാതെ താന്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാന്‍ അന്ന് എ.പിയുടെ കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും അദ്ദേഹം കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.
എ.പി.ഉണ്ണികൃഷ്ണന്‍ ഭാഷാസമര അനുസ്മരണത്തില്‍ പങ്കെടുത്ത ചന്ദ്രിക പത്രവാര്‍ത്തയോട് കൂടിയാണ് ശാഫി ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവെച്ചത.
കഴിഞ്ഞ ദിവസം തേഞ്ഞിപ്പാലത്ത് നടന്ന ഭാഷാസമര അനുസ്മരണ സംഗമത്തില്‍ എ.പി. ഉണ്ണികൃഷ്ണന്‍ നടത്തിയ പ്രസംഗത്തില്‍ കുട്ടിക്കാലത്ത് ഭാഷാ സമരത്തില്‍ പങ്കെടുത്തെന്ന പേരില്‍ പ്രസംഗിച്ചിരുന്നു. തന്റെ പത്താം ക്ലാസ് പഠന സമയത്താണ് മലപ്പുറം കലക്റ്ററേറ്റില്‍ എ.പി. ഭാഷാസമരം നടത്തിയെന്നതാണ് പത്രവാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്.
‘അന്ന് സ്‌കൂളില്‍ നിന്നാണ് സമരത്തിന് പോയത്. ഭാഷാ സമരത്തിന് പോയതിന്റെ പേരില്‍ സമരത്തില്‍ പങ്കെടുത്ത് തിരിച്ച് വന്നപ്പോള്‍ പ്രധാനാധ്യാപകരില്‍ നിന്ന് പരിഹാസം നേരിടേണ്ടി വന്നു.
നീ എം.എസ്.എഫിലേക്ക് പോയല്ലേയെന്ന് ചോദിച്ച പ്രധാനാധ്യാപകന്റെ മുന്നില്‍ ഞാന്‍ എം.എസ്.എഫുകാരനാണെന്ന് മുഖത്ത് നോക്കി പറഞ്ഞു.
ഹൈന്ദവവേദ ഭാഷയായ സംസ്‌കൃതം, ഭാഷയെപ്പോലെ നിലനിര്‍ത്തണമെന്ന് ചരിത്രത്തില്‍ ആദ്യമായി ആവശ്യപ്പെട്ട പ്രസ്ഥാനമാണ് മുസ്‌ലിം യൂത്ത് ലീഗ്,’ എ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
തുടര്‍ന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഭാഷാസമര രക്തസാക്ഷി റഹ്‌മാന്റെ ഖബറിടത്തില്‍ സിയാറത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘കളവ് പറഞ്ഞ് ചരിത്രത്തിന്റെ പങ്ക് പറ്റരുത്……!
1989 ല്‍ ലീഗിലേക്ക് വന്ന മനുഷ്യന്‍ 1980 ലെ ഭാഷാ സമരത്തില്‍ പങ്കെടുത്തെന്നോ….
അതിരാവിലെ പത്രം വായിച്ചപ്പോള്‍ ഒരുപാടാലോചിച്ചു എഴുതണോ, വേണ്ടയോന്ന്.മുമ്പൊരിക്കല്‍ ഇങ്ങനെ പ്രസംഗിച്ച വേദിയില്‍നിന്ന് തന്നെ ഈ പ്രഭാഷകനോട് ഞാന്‍ നേരിട്ട് പറഞ്ഞതാണ് ഇനിയിത്തരം കളവുകള്‍ പ്രസംഗിക്കരുതെന്ന്.
ഇന്ന് വീണ്ടും ഇത് വായിച്ചപ്പോള്‍ അയാളുടെ കൂടെ കുറ്റൂര്‍ സ്‌കൂളില്‍ പഠിച്ച, അതേ പോലെ അയാളുടെ സഹപ്രവര്‍ത്തകരായ ഒരുപാട് പേരെ ഫോണില്‍ വിളിച്ചു. എന്തിനാന്നല്ലേ, ഞാന്‍ പറയുന്നതല്ല കളവെന്ന് സ്ഥാപിക്കാന്‍ കുറച്ച് തെളിവുകള്‍ വേണമല്ലോ……
ഇനി കാര്യം പറയാം,1979 ല്‍ വേങ്ങരയിലെ കുറ്റൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സി.എച്ചും, തങ്ങളും വരുന്നു, അന്നത്തെ പ്രാദേശിക കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരം ലീഗ് നേതാക്കളെ കൂവി വിളിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ ഇയാളുണ്ടായിരുന്നു, ദൃസാക്ഷികള്‍ ഇന്നും ജീവിച്ചിരിക്കുന്നു.
1989 ലാണ് ഈ മാന്യന്‍ മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പെടുക്കുന്നത്,1990 ലെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ തൊട്ട് മുമ്പ്.യശശരീരനായ കെ.പി രാമന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ലീഗ് നേതാക്കളാണ് അതിന് മുന്‍കയ്യെടുത്തത്.
അത് വരേയ്ക്കും ഇയാള്‍ കോണ്‍ഗ്രസുകാരനായിരുന്നു.1980 ല്‍ കുറ്റൂര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇദ്ദേഹം കെ.എസ്.യുക്കാരനായിരുന്നു എന്നതിന് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരുപാട് സഹപാഠികള്‍ സാക്ഷി. എന്റെ നാട്ടില്‍ തന്നെയുള്ള ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ കൂടെ അയാളുടെ ശിഷ്യനായി നടന്നുനടന്ന് മൂപ്പര് ഇയാളെ അന്നത്തെ വേങ്ങര പഞ്ചായത്ത് അധഃകൃത വര്‍ഗ ലീഗിന്റെ (അന്ന് കോണ്‍ഗ്രസിന്റെ ദളിത് കൂട്ടായ്മ)പഞ്ചായത്ത് പ്രസിഡന്റാക്കുന്നു.
അത് കഴിഞ്ഞ് അന്നത്തെ മലപ്പുറം മണ്ഡലം പ്രസിഡന്റാക്കുന്നു. ആയിടക്കാണ് കോണ്‍ഗ്രസ് നേതാവായ കെ. പി. കുഞ്ഞിമൊയ്തു സാഹിബിനെതിരെ ഇയാളുടെ അവഹേളനപ്രസംഗം. അതില്‍ നടപടി എടുക്കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞപ്പോള്‍ അധഃകൃത വര്‍ഗ ലീഗിന്റെ ജില്ലാ പ്രസിഡന്റ് എന്റെ നാട്ടുകാരന്‍ തന്നെയായ നേതാവ് 1987ല്‍ ഈ പ്രഭാഷകനെ അതിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയാക്കി.
ഇങ്ങനേ പോവുന്നു ചരിത്രം……..
എന്നിട്ട് ലീഗ് വേദികളില്‍ ഉത്തരാവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്ന് കളവ് പ്രചരിപ്പിക്കുന്നത് ചരിത്രത്തില്‍ ഐതിഹാസികമായ ഒരു സമരത്തില്‍ രക്തസാക്ഷികളായവരെയും, അതിലെ സമരാളികളെയും അപമാനിക്കുന്നതിന് തുല്യമാണ്.
ഇനിയും ഞാന്‍ കേട്ട ഒരുപാട് കളവുകളുണ്ട്. അതിലൊന്ന് പതിനഞ്ചാം വയസ്സില്‍ പാണക്കാട് പൊക്കോയ തങ്ങളെ അടുത്തേക്ക് കുഞ്ഞാപ്പ കൊണ്ടോയി പരിചയപ്പെടുത്തിയെന്നാണ്, ഇങ്ങനെ പലരേയും കളവിലേക്ക് വിളിച്ചിഴക്കുന്നു.
ഞാന്‍ ഇതെഴുതുമ്പോള്‍ എന്റെ ഒരുപാട് സംഘടനാ സൗഹൃദങ്ങള്‍ക്ക് എന്നോട്, ദേഷ്യവും, വെറുപ്പുമൊക്കെ വരാന്‍ സാധ്യതയുണ്ട്. പക്ഷെ ഇങ്ങനെ ചരിത്രത്തെ അഭിസരിക്കുന്നത് നോക്കി നില്‍ക്കാനാവില്ല അത് കൊണ്ട് ക്ഷമിക്കണം.
ഞാന്‍ ഈ പറഞ്ഞതൊക്കെ തെളിയിക്കാന്‍ എന്റെ അടുത്ത് ജീവിച്ചിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്, അവരുടെ പക്കലേക്ക് നിങ്ങള്‍ക്കാര്‍ക്കും ധൈര്യമായി കടന്നു ചെല്ലാം, സംശയങ്ങള്‍ തീര്‍ക്കാം…..
കുറ്റൂര്‍ സ്‌കൂളില്‍ നിന്നും ഭാഷാസമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍
1) ടി. വി. സമദ്
2) എടയത്ത് അസൈനാര്‍
പിന്നെ നമ്മുടെ കെ.പി യാണ്, സൗദിനാഷണല്‍ കമ്മിറ്റി കെ.എം.സി.സി പ്രസിഡന്റ്, കെ.പി അന്ന് കുറ്റൂര്‍ സ്‌കൂളിലെ അധ്യാപകനാണ്
നല്ലത് വരട്ടെ
കെ.എം. ശാഫി
content highlight: ‘That the man who came to the League in 1989 participated in the language struggle of 1980!’ Allegation that Muslim League Malappuram Secretary’s statement published by Chandrika is false