|

ഓഫീസര്‍ സിനിമയിലെ ആ പര്‍ട്ടിക്കുലര്‍ കാര്യത്തെകുറിച്ച് ആ റിവ്യൂവര്‍ പറയുന്നത് കേട്ട് ഞങ്ങള്‍ക്ക് ചിരിവന്നു: ജിത്തു അഷ്റഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇരട്ട, ഇലവീഴ പൂഞ്ചിറ എന്നീ സിനിമകളിലൂടെ അഭിനയരംഗത്തും ആക്ഷന്‍ ഹീറോ ബിജു, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ അസോസിയേറ്റ് ഡയറക്റ്ററായും സിനിമാരംഗത്ത് സജീവമായ വ്യക്തിയാണ് ജിത്തു അഷ്റഫ്. ജിത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.

ഇപ്പോള്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന തന്റെ സിനിമയെകുറിച്ചുള്ള ഒരു യൂട്യൂബറുടെ റിവ്യൂവിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. ഒരു യൂട്യൂബറിന്റെ റിവ്യൂ കണ്ടിട്ട് തനിക്കു ചിരി വന്നെന്നും സിനിമയുടെ ടെക്നിക്കല്‍ സൈഡിനെ കുറിച്ച് വളരെ ആധികാരികമായി അദ്ദേഹം പറയുന്നത് കേട്ടിട്ട് താന്‍ അത്ഭുതപെട്ടുപോയെന്നും ജിത്തു അഷ്‌റഫ് പറയുന്നു.

സിനിമയെ കുറിച്ച് ആളുകള്‍ക്ക് അവരുടെ അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നും, എന്നാല്‍ സിനിമയുടെ ടെക്നിക്കല്‍ സൈഡിനെകുറിച്ച് യാതൊരു ധാരണയുമില്ലാതെ ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജിത്തു അഷ്റഫ്.

‘ചില പ്രധാനപ്പെട്ട റിവ്യൂവേഴ്സിന്റെ റിവ്യൂകള്‍ കാണാറുണ്ട്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമയെക്കുറിച്ച് ഭൂരിഭാഗവും നല്ല റിവ്യൂകളാണ് വന്നിരുന്നത്. ഒരുപാട് നെഗറ്റീവുകള്‍ വന്നിട്ടില്ലയെന്നാണ് എന്റെ അറിവ്. എന്നാല്‍ ഒരു യൂട്യൂബറിന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെക്കുറിചുള്ള റിവ്യൂ കേട്ട് ചിരിവന്നു. അത് കേട്ടിട്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടുപോയി. ഇദേഹം എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത് എന്ന് തോന്നിപോയി.

സിനിമയേക്കുറിച്ച് എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങളുണ്ടാകും. അത് നല്ലതാണോ മോശമാണോ എന്ന് കാണുന്നവര്‍ പറയുന്നതില്‍ ഒരു കുഴപ്പവുമില്ല. പക്ഷേ സിനിമയുടെ ടെക്‌നിക്കല്‍ സൈഡിനെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ ആധികാരികമായി റിവ്യൂ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല.

സിനിമയുടെ എഡിറ്റാണെങ്കിലും മ്യൂസിക്ക് ആണെങ്കിലും അതിന്റെ ഗ്രേഡിങ്ങാണെങ്കിലും കുറച്ചെങ്കിലും അറിയുന്ന ആള്‍ക്ക് മാത്രമേ അത് പറയാന്‍ സാധിക്കുകയുള്ളു. വളരെ സത്യസന്ധമായി പറയുകയാണ് എനിക്കുപോലും പല കാര്യങ്ങള്‍ അറിയില്ല.

ഓഫീസര്‍ സിനിമയിലെ ഒരു പര്‍ട്ടിക്കുലര്‍ കാര്യത്തെകുറിച്ച് ആ റിവ്യൂവര്‍ പറയുന്നത് കേട്ട് ഞങ്ങള്‍ക്ക് ചിരിവന്നു. തീര്‍ച്ചയായും എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ ചിലവരുടെ റിവ്യൂവും അവരുടെ പറച്ചിലും കേള്‍ക്കുമ്പോള്‍ ചിരിവന്നുപോകും,’ ജിത്തു അഷ്റഫ് പറഞ്ഞു.

content highlights: That particular scene in Officer made us laugh when we heard that reviewer: Jeethu Ashraf