|

ആ സിനിമ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതം ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമെന്ന് പൃഥ്വിരാജ് പറയുന്നു. മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവേയാണ് പൃഥിരാജ് ഇക്കാര്യം പറഞ്ഞത്.

മൂന്നാമത്തെ പ്രാവശ്യമാണ് സംസ്ഥാന സർക്കാരിൻ്റെ മികച്ച നടനുള്ള പുരസ്കാരം നേടാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായതെന്നും ഇതിന് മുമ്പ് തനിക്ക് അവാർഡ് കിട്ടിയ സിനിമയായ സെല്ലുലോയിഡിൽ ജെ. സി ഡാനിയേലായിട്ടാണ് അഭിനയിച്ചതെന്നും ജെ. സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി. എൻ. കരുണിന് സമ്മാനിച്ച ദിവസം തന്നെ പുരസ്കാരം ലഭിച്ചത് കൗതുകമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ആടുജീവിതം എന്ന സിനിമ തന്നെ സംബന്ധിച്ചിടത്തോളം വളരെ വളരെ സ്പെഷ്യലാണെന്നും ഒരു നടൻ്റെ ജീവിതത്തിൽ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമായിട്ടാണ് അത്തരം സിനിമയെ കാണുന്നതെന്നും പൃഥ്വിരാജ് പറയുന്നു.

സിനിമയ്ക്ക് വലിയ തോതിലുള്ള ജനപ്രീതിയും അംഗീകാരങ്ങളും ഒരുമിച്ചു ലഭിക്കുന്നത് വിരളമായി സംഭവിക്കുന്നതാണെന്നും ആദ്യം നന്ദി പറയുന്നത് സംവിധായകൻ ബ്ലെസിയോടാണെന്നും പൃഥ്വിരാജ് പറഞ്ഞു.

സിനിമ ജനങ്ങളിലേക്ക് എത്തിക്കാൻ ബ്ലെസി കാണിച്ച ത്വര എല്ലാവർക്കും പാഠമാകട്ടെയെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. തന്നെ അവാർഡിന് അർഹനാക്കിയ എല്ലാവരോടും പൃഥ്വിരാജ് നന്ദിയും പറഞ്ഞു.

‘മൂന്നാമത്തെ പ്രാവശ്യമാണ് സംസ്ഥാന സർക്കാരിൻ്റെ മികച്ച നടനുള്ള പുരസ്കാരം നേടാനുള്ള ഭാഗ്യം ഉണ്ടായിരിക്കുന്നത്. ഒരു കൗതുകം എന്തെന്നാൽ ശ്രീ ജെ.സി. ഡാനിയേലിൻ്റെ പേരിലുള്ള ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഷാജി സാറിന് കൊടുക്കുന്ന ഈ വേദിയിൽ തന്നെ പുരസ്കാരം ലഭിച്ചു. ഇതിൻ്റെ മുമ്പ് എനിക്ക് അവാർഡ് കിട്ടിയ സിനിമയിൽ ജെ.സി ഡാനിയേലായിട്ടാണ് ഞാൻ അഭിനയിച്ചത്.

ആടുജീവിതം എന്ന സിനിമ എന്നെ സംബന്ധിച്ചിടത്തോളം വളരെ വളരെ സ്പെഷ്യലാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമായിട്ടാണ് ഞാൻ അത്തരം ഒരു സിനിമയെ കാണുന്നത്.

ഒരു സിനിമയ്ക്ക് വലിയ തോതിലുള്ള ജനപ്രീതിയും അതുപോലെതന്നെ അംഗീകാരങ്ങളും ഒരുമിച്ചു ലഭിക്കുക എന്ന് പറയുന്നത് വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അതിന് ഞാൻ ആദ്യം നന്ദി പറയുന്നത് ആ സിനിമയുടെ എല്ലാമെല്ലാമായ ബ്ലെസി ചേട്ടനോടാണ്.

ഈ സിനിമ പൂർത്തീകരിച്ച് അവസാനം ജനങ്ങളിലെ മുന്നിലേക്ക് എത്തിക്കാൻ അദ്ദേഹം കാണിച്ച ത്വര അത് വരും തലമുറകൾക്ക് സിനിമയിലും അല്ലാതെയും ഒരു പാഠമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ആഗ്രഹിച്ചുകൊണ്ട് എന്നെ ഈ പുരസ്കാരത്തിന് അർഹനാക്കിയ ജൂറി മെമ്പേഴ്സിനും സിനിമാപ്രേക്ഷകർക്കും മലയാള സിനിമയ്ക്കും നന്ദി പറയുന്നു,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: That movie is a once-in-a-lifetime miracle says Prithviraj