നടനായും നിര്‍മാതാവായും മലയാള സിനിമ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് മണിയന്‍ പിള്ളരാജു. 49 വര്‍ഷമായി മലയാള സിനിമാ രംഗത്തുള്ള അദ്ദേഹം ഇതിനോടകം 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എല്ലാ തരം ഓഡിയന്‍സിനും ഇഷ്ടപ്പെട്ട ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍ പിള്ള രാജു.
മമ്മൂട്ടിയെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യമാണ് മണിയന്‍ പിള്ള രാജുവിന്റെ അഭിപ്രായത്തില്‍ എല്ലാ തരം ഓഡിയന്‍സിനും ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രങ്ങളിലൊന്ന്. തന്റെ നിര്‍മാണത്തില്‍ പുതിയതായി പുറത്തിറങ്ങുന്ന ഗു എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുട്ടികളെയും യുവാക്കളെയും പ്രായമായവരെയും സ്ത്രീകളെയും തുടങ്ങി എല്ലാതരം ഓഡിയന്‍സിനെയും ആകര്‍ഷിച്ച ഒരു സിനിമയായിരുന്നു മമ്മൂട്ടിയുടെ രാജമാണിക്യം. അത് മലയാളത്തില്‍ വലിയ ഹിറ്റുമായിരുന്നു. സിനിമയുടെ കഥയും മറ്റുകാര്യങ്ങളൊന്നുമല്ല പറയുന്നത്.
പക്ഷെ, ഓഡിയന്‍സിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു എന്റര്‍ടൈനറായിരുന്നു അത്. നമ്മുടെ മനസിലുള്ളത്, എല്ലാ തരം ആളുകള്‍ക്കും ഒരുമിനിട്ട് പോലും ബോറടിക്കാതെ ഇരുന്ന് കാണാന്‍ പറ്റുന്ന സിനിമയായിരിക്കണം ഇത് (ഗു) എന്നാണ്.
സ്‌ക്രിപ്റ്റ് വായിക്കുമ്പോഴേ കാശ്‌പോകും, മോശമാണ് എന്ന് അഭിപ്രയാമുണ്ടായാല്‍ അതിനകത്ത് പണം മുടക്കില്ല. എന്റെ പടങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും അതിനകത്ത് എല്ലാം ഹിറ്റാണ്. ഒന്നോ രണ്ടോ പടങ്ങള്‍ മാത്രമാണ് മോശമായിട്ടുള്ളൂ. അതിന്റെ കാരണമെന്താണെന്നുവെച്ചാല്‍ സ്‌ക്രിപ്റ്റ് വായിക്കുമ്പോഴുള്ള ജഡ്ജ്‌മെന്റാണ്.
ഞാന്‍ എടുത്തുചാടി തീരുമാനങ്ങളെടുക്കാറില്ല. എന്റെ മക്കളെയും ഭാര്യയെയും പലപ്രായത്തിലുള്ള സുഹൃത്തുക്കളെയും ഇത് കേള്‍പ്പിച്ചിട്ടുണ്ട്. പിന്നെ മനുവിന് (സംവിധായകന്‍) സ്‌ക്രിപ്റ്റ് നോക്കേണ്ടതില്ല. കാണാതെ തന്നെ കൃത്യമായി പറയാനാകും. ഡയറക്ടര്‍ തന്നെ റൈറ്ററാകുന്നത് ഒരു നല്ല കാര്യമാണ്,’ മണിയന്‍പിള്ള രാജു പറഞ്ഞു.
2024 മെയ് 17നാണ് ഗു എന്ന സിനിമ തിയേറ്ററുകളിലെത്തുന്നത്. മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ദേവനന്ദയാണ് ഈ സിനിമയിലെ പ്രധാനകഥാപത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദേവനന്ദക്ക് പുറമെ സൈജുകുറുപ്പ്, അശ്വതി മനോഹരന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മനുരാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറര്‍ ഫാന്റസി സിനിമയാണ്. വടക്കന്‍ മലബാറിലെ ഗുളികന്‍ തെയ്യത്തെ ആസ്പദമാക്കിയുള്ള കഥാപശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
content highlights: That Mammootty film was a favorite of all audiences : Maniyanpilla Raju