| Thursday, 30th July 2020, 7:08 pm

ഉദാത്തമായ സാമൂഹിക ബോധമാണ് ആ കൊച്ചുകുട്ടി പകര്‍ന്നത് ; മുഹമ്മദ് ഫായിസിനെയും രക്ഷിതാക്കളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയില്‍ വൈറലായ മുഹമ്മദ് ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാജയത്തിന് മുന്നില്‍ കാലിടറാതെ മുന്നോട്ട് പോകാന്‍ ഓര്‍മ്മിപ്പിക്കുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹത്തിന് ഊര്‍ജ്ജമായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എത്ര വലിയ പ്രശ്‌നത്തിന് നടുവിലും തളരാതെ മുന്നോട്ട് പോകാന്‍ സമൂഹത്തിന് ശുഭാപ്തി വിശ്വാസം ഇന്ധനമാകണം. പ്രതീക്ഷ ഉയര്‍ത്തിപ്പിടിച്ച് നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ അതിജീവിക്കണം. ഈ ഉത്തരവാദിത്തം കുഞ്ഞുങ്ങള്‍ ഏറ്റെടുക്കുന്നു. അതിലെ സന്തോഷം അനിര്‍വചനീയം. മുഹമ്മദ് ഫായിസ് എന്ന കൊച്ചുമിടുക്കന്റെ വാക്കുകള്‍ നമ്മള്‍ സ്വീകരിച്ച് ഹൃദയത്തോട് ചേര്‍ത്തില്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫായിസ് ഒരു മാതൃകയാണ് മുന്നോട്ടുവച്ചത്. ഫായിസിന് മില്‍മ നല്‍കിയ സമ്മാനത്തുകയിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മലപ്പുറം കളക്ടര്‍ അതേറ്റു വാങ്ങി. ബാക്കി തുക ഒരു നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിന് നല്‍കി. ഉദാത്തമായ സാമൂഹിക ബോധമാണ് ആ കൊച്ചുകുട്ടി പകര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതീക്ഷയും ദയാവായ്പുമാണ് നമ്മളെ നയിക്കേണ്ടത്. ഫയാസിനെയും കുഞ്ഞിനെ പിന്തുണച്ച രക്ഷിതാക്കളെയും ഹൃദയംഗമമായി അഭിനന്ദിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ഫായിസിന്റെ വീഡിയോ വൈറലായിരുന്നു. ‘ചെലോല്‍ത് റെഡി ആകും, ചെലോല്‍ത് റെഡി ആകൂല, റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’ എന്ന ഫായിസിന്റെ വാക്കുകളും വീഡിയോയുടെ കൂടെ ശ്രദ്ധേയമായിരുന്നു.

തുടര്‍ന്ന് ഫായിസിന്റെ വാക്കുകള്‍ മില്‍മ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെ ഫായസിന്റെ വീട്ടിലെത്തി പതിനായിരം രൂപയും 14000 രൂപ വിലവരുന്ന ടി.വി യും മില്‍മ ഉല്‍പ്പന്നങ്ങളും മില്‍മ ഉദ്യോഗസ്ഥര്‍ ഫായിസിന് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more