ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ സ്വപ്ന തുല്യമായ കുതിപ്പ് തുടരുകയാണ് ആഴ്സണൽ. ആരാധക പിന്തുണകൊണ്ടും ചരിത്രം കൊണ്ടും സമ്പന്നമായ ക്ലബ്ബിന് ട്രോഫികളുടെ എണ്ണത്തിലുള്ള കുറവ് നികത്താൻ കച്ചകെട്ടിയാണ് ക്ലബ്ബ് ഇത്തവണയിറങ്ങിയിരിക്കുന്നത്.
പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ക്ലബ്ബിന് ഇത്തവണ ലീഗ് കിരീടത്തിൽ മുത്തമിടാൻ സാധിക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.
എന്നാൽ തങ്ങൾ ലീഗ് ടോപ്പേഴ്സാകാനുള്ള കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ആഴ്സണൽ സൂപ്പർ താരമായ ഗബ്രിയേൽ ജിസ്യൂസ്.
ഗണ്ണേഴ്സിന്റെ മികച്ച താരങ്ങളിലൊരാളാണ് ബ്രസീലിയൻ ഫോർവേഡായ ജിസ്യൂസ്.
ദ ഇൻഡിപെൻഡൻഡിന് നൽകിയ അഭിമുഖത്തിലാണ് ആഴ്സണലിന്റെ മികവിനെക്കുറിച്ച് ഗബ്രിയേൽ ജിസ്യൂസ് തുറന്ന് പറഞ്ഞത്.
“ഞങ്ങളുടെ ടീം ഏറ്റവും നന്നായിട്ടാണ് കളിക്കുന്നത്. ഇവിടെ ഒരു പ്രധാനപ്പെട്ട പ്ലെയറും ഇല്ല. എല്ലാവർക്കും തുല്യ പ്രാധാന്യമാണ്.
എനിക്ക് പരിക്ക് പറ്റിയാൽ മറ്റൊരു താരം എന്റെ സ്ഥാനത്ത് കളിക്കാനായിട്ടിറങ്ങും. അയാൾക്കും പരിക്കേറ്റാൽ അടുത്ത താരം ഞങ്ങൾക്ക് ബാക്ക്അപ്പായിട്ടുണ്ട്. ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ്.
വലിയ ടൂർണമെന്റുകളിൽ ഞങ്ങൾ വെറും 11 പേരല്ല, ഒരു ടീമാണ്,’ ഗബ്രിയേൽ ജിസ്യൂസ് പറഞ്ഞു.
“ഞങ്ങൾ ടീമിലുള്ളവർ തമ്മിൽ വളരെ നല്ല ബന്ധത്തിലാണുള്ളത്. മൈതാനത്ത് ഞങ്ങൾ ആസൂത്രണം ചെയ്തതെല്ലാം കൃത്യമായി നടപ്പിലാക്കാൻ സാധിക്കുന്നുണ്ട്.
അത്കൊണ്ടാണ് ലീഗ് ടേബിളിൽ ഒന്നാമൻമാരായി നിൽക്കാൻ ഞങ്ങൾക്ക് സാധിക്കുന്നത്. ഞങ്ങൾ നല്ല ഫുട്ബോൾ കളിക്കുന്നുണ്ട്. നന്നായി പരസ്പരം മനസിലാക്കുന്നുണ്ട്.,’ ജിസ്യൂസ് കൂട്ടിച്ചേർത്തു.
അതേസമയം നിലവിൽ പ്രീമിയർ ലീഗിലെ 28 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളുമായി 69 പോയിന്റുമായാണ് ഗണ്ണേഴ്സ് ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്നത്.