| Wednesday, 30th October 2019, 3:19 pm

'കീഴടങ്ങാന്‍ എത്തുന്നവര്‍ എന്തിന് മാരകായുധങ്ങള്‍ കൊണ്ടുവരണം'; അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് എസ്.പി ശിവവിക്രം. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും മാവോയിസ്റ്റുകള്‍ വെടിവെച്ചതുകൊണ്ടാണ് തങ്ങള്‍ തിരിച്ചുവെടിവെച്ചതെന്നും എസ്.പി പറഞ്ഞു.

ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂര്‍ നീണ്ടെന്നും മണിവാസകം, അരവിന്ദ്, രമ, കാര്‍ത്തി എന്നിവരാണ് മരിച്ചതെന്നും എസ്.പി പറഞ്ഞു.

മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായതായി അറിയില്ല. കീഴടങ്ങാന്‍ എത്തുന്നവര്‍ എന്തിന് മാരകായുധങ്ങള്‍ കൊണ്ടുവരണം. എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ അവരുടെ കൈയിലുണ്ടായിരുന്നെന്നും എസ്.പി ശിവവിക്രം പറഞ്ഞു.

ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയില്‍ പറഞ്ഞിരുന്നു. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ മുഖേന പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ കീഴടങ്ങല്‍ ധാരണ തെറ്റിച്ചത് പൊലീസാണെന്നുമായിരുന്നു ആദിവാസി പ്രവര്‍ത്തകയും മധ്യസ്ഥയുമായ ശിവാനി പറഞ്ഞത്.

മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെങ്കില്‍ പൊലീസിനും പരിക്കേല്‍ക്കേണ്ടതല്ലേയെയും ശിവാനി ചോദിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഏറ്റുമുട്ടലിനൊന്നും അവര്‍ക്ക് കഴിയില്ലായിരുന്നു. കൊല്ലപ്പെട്ട മണിവാസവം തീരെ സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. നേരത്തെ തന്നെ മണിവാസവം സറണ്ടര്‍ ആവാന്‍ തങ്ങള്‍ തയ്യാറാണെന്ന നിലപാട് എടുത്തിരുന്നു. മാത്രമല്ല പൊലീസും അവരോട് പറഞ്ഞത് സറണ്ടര്‍ ആവുകയാണെങ്കില്‍ പുനരധിവാസം ഏര്‍പ്പെടുത്താമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരെ വെടിവെച്ചുകൊന്ന നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ ആവില്ല.

അവര്‍ അറ്റാക്ക് ചെയ്യുന്ന ആള്‍ക്കാരല്ല. അറ്റാക്ക് ചെയ്തിട്ടുമില്ല. പൊലീസുമായി നേരിട്ട് സംസാരിക്കാന്‍ അവര്‍ സന്നദ്ധരായിരുന്നു. അതിനുള്ള സൗകര്യം പൊലീസ് ഒരുക്കിയിയില്ല. അതാണ് ഏറ്റവും വലിയ വീഴ്ച.’- ശിവാനി പറഞ്ഞു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന വെളിപ്പെടുത്തലുമായി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകനും രംഗത്തെത്തിയിരുന്നു.

ആദിവാസികളെ ദൂതന്മാരാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അഗളി മുന്‍ എ.എസ്.പിയാണു ചര്‍ച്ചകള്‍ നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more