പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവാണ് വയലാർ ശരത്ചന്ദ്രവർമ. കവി വയലാർ രാമവർമയുടെ മകനാണ് ഇദ്ദേഹം. 1992ൽ റിലീസായ എൻ്റെ പൊന്നു തമ്പുരാൻ എന്ന സിനിമയിലെ ‘മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ’ എന്ന ഗാനം രചിച്ച് ചലച്ചിത്ര പിന്നണി രംഗത്തേക്കെത്തി. 2003ൽ റിലീസായ മിഴി രണ്ടിലും എന്ന സിനിമയിലെ ‘എന്തിനായ് നിൻ ഇടംകണ്ണിൻ തടം തുടിച്ചു’ എന്ന ഗാനത്തോടെയാണ് ശരത് പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
അദ്ദേഹം വരികളെഴുതിയ മിഴിരണ്ടിലും, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ മലയാളത്തിൽ സൂപ്പർഹിറ്റുകളാണ്. നിരവധി സിനിമകൾക്കും ഭക്തിഗാനങ്ങൾക്കും ശരത് വരികളെഴുതിയിട്ടുണ്ട്.
ഇപ്പോൾ സംവിധായകൻ ലോഹിതദാസ് തന്നോട് ദേഷ്യപ്പെട്ടതിനെക്കുറിച്ച് ശരത് പറയുന്നു. താൻ ഒരു പടത്തിൽ പാട്ട് എഴുതാൻ പോയിട്ട് എഴുതാതെ വന്നിട്ടുണ്ടെന്നും ശരത് പറഞ്ഞു. പെട്ടെന്ന് പാട്ടെഴുതാൻ പറഞ്ഞാൽ തനിക്ക് പറ്റില്ലെന്നും എന്നാൽ ക്ലാസ്മേറ്റ്സിലെ മൂന്നു പാട്ടുകൾ ഒറ്റ ദിവസം കൊണ്ടാണ് എഴുതിയതെന്നും ശരത് പറയുന്നു.
ചില സമയത്ത് മാത്രമാണ് അങ്ങനെ എഴുതാൻ പറ്റുന്നതെന്നും അത് തൻ്റെ കഴിവാണെന്ന് പറയില്ലെന്നും ശരത് പറഞ്ഞു. തന്നെക്കുറിച്ച് നല്ലത് പറയുമ്പോഴും ഇതിന് വേണ്ടി അനുഭവിച്ച വേദന പലർക്കും അറിയില്ലെന്നും ശരത് കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു വയലാർ ശരത്ചന്ദ്രവർമ.
‘ലോഹിതദാസ് എന്നോട് ദേഷ്യപ്പെട്ടിട്ടുണ്ട്. ഞാൻ ഒരു പടത്തിൽ പാട്ട് എഴുതാൻ പോയിട്ട് എഴുതാതെ വന്നിട്ടുണ്ട്. വേറെയൊന്നും കൊണ്ടല്ല പെട്ടെന്ന് എടുത്തുതാടാ എന്ന് പറഞ്ഞാൽ എടുത്ത് കൊടുക്കാൻ എനിക്ക് പറ്റില്ല.
ക്ലാസ്മേറ്റ്സിലെ മൂന്നു പാട്ടുകൾ ഒറ്റ ദിവസം കൊണ്ടാണ് എഴുതിയത്. അത് ചില സമയത്ത് മാത്രമാണ് എഴുതാൻ പറ്റുന്നത്. എൻ്റെ കഴിവ് എന്നൊന്നും ഇപ്പോഴും പറയില്ല കേട്ടോ. ഓരോരുത്തരും നമ്മളെക്കുറിച്ച് നല്ലത് പറയുമ്പോഴും ഇതിന് വേണ്ടി നമ്മൾ അനുഭവിച്ച ഒരു വേദന എന്താണെന്ന് പലർക്കും അറിയില്ല,’ വയലാർ ശരത്ചന്ദ്രവർമ പറഞ്ഞു.
Content Highlight: That director was angry with me said Vayalar Sarath Chandra Varma