| Monday, 29th April 2024, 12:36 pm

കോടികള്‍ മുടക്കുന്ന സിനിമയില്‍ നിന്റെ മുഖം കാണാനാണോ ജനങ്ങള്‍ വരുന്നതെന്ന് ആ സംവിധായകന്‍ ചോദിച്ചു: സിജു വില്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമയിലെത്തിയ നടനാണ് സിജു വില്‍സണ്‍. ആദ്യ സിനിമ മലര്‍വാടിയാണെങ്കിലും പ്രേമത്തിലൂടെയാണ് സിജുവിനെ ഒരു നടനെന്ന നിലയില്‍ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. എന്നാലിപ്പോള്‍ താന്‍ അവസരങ്ങള്‍ ചോദിച്ചു നടന്ന കാലത്തെ ദുരനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. സിജുവിന്റെ പുതിയ സിനിമയായ പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം അവസരങ്ങള്‍ ചോദിച്ചു നടന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.

അവസരം ചോദിച്ചു വിളിച്ചപ്പോള്‍ ഒരു സംവിധായകന്‍ ചീത്ത വിളിച്ചിരുന്നു എന്ന് സിജു വില്‍സണ്‍ അഭിമുഖത്തില്‍ പറയുന്നു. കോടികള്‍ മുടക്കുന്ന സിനിമയില്‍ തന്റെ മുഖം കാണാനാണോ ജനങ്ങള്‍ വരുന്നതെന്ന് ആ സംവിധായകന്‍ ചോദിച്ചു എന്നും സിജു പറയുന്നു. ആ മറുപടി തന്നെ വേദനിപ്പിച്ചെന്നും എന്നാല്‍ സിനിമയില്‍ മുന്നോട്ട് പോകാനുള്ള ഊര്‍ജമായിരുന്നു അതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്റെ പേര് സിജു പറഞ്ഞിട്ടില്ല. ജോഷി ഉള്‍പ്പടെയുള്ള നിരവധി സംവിധായകരുടെ അടുത്ത് താന്‍ അവസരങ്ങള്‍ ചോദിച്ചിട്ടുണ്ട് എന്നും സിജു പറയുന്നു.

‘സെവന്‍സിന്റെ സമയത്ത് ജോഷി സാറിന്റെ അടുത്ത് ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്. ചാന്‍സ് തെണ്ടി നടക്കുന്ന സമയമായിരുന്നു അത്. അന്ന് പക്ഷെ അവസരം കിട്ടിയില്ല. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ലോഞ്ചിന് ജോഷി സാറിന്റെ അടുത്താണ് ഞാന്‍ ഇരുന്നത്. ഞാന്‍ ചാന്‍സ് ചോദിച്ചു വന്നിരുന്ന കാര്യം അന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. പക്ഷെ സാര്‍ അത് ഓര്‍ക്കുന്നുണ്ടായിരുന്നില്ല. പണ്ട് നടന്ന കാര്യമല്ലേ. വിനയന്‍ സാറിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയൊക്കെ ചെയ്തിരുന്നു. കണ്ടിട്ടെങ്കിലും എടുക്കട്ടെ എന്നു കരുതി. നമ്മള്‍ വിചാരിക്കുന്നത് ഒടുക്കത്തെ ലുക്ക് ആണന്നല്ലേ.

ഇങ്ങനെ ഒരുപാട് പേരുടെ അടുത്ത് അവസരം ചോദിച്ചിട്ടുണ്ട്. ഒരാള്‍ ചീത്ത വിളിച്ചിട്ടുമുണ്ട്. ആരാണെന്ന് ഞാന്‍ പറയുന്നില്ല. അറിയപ്പെടുന്ന സംവിധായകനാണ്. ഒരു സുഹൃത്തിന്റെ റഫറന്‍സിലാണ് അദ്ദേഹത്തെ പോയി കണ്ടത്. കുറെ നേരം കാത്തുനിന്നിട്ടാണ് അദ്ദേഹത്തെ കണ്ടത്. ഞാന്‍ ഫോട്ടോകളും മറ്റുമെല്ലാം കൊടുത്തു. അദ്ദേഹം വിളിക്കാമെന്ന് പറഞ്ഞു. ഞാന്‍ തിരിച്ചു പോന്നു.

കുറെ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വിളിയൊന്നുമില്ലാതിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചു. ഞാന്‍ കാര്യങ്ങള്‍ എന്തായി എന്നറിയാന്‍ വേണ്ടി വിളിച്ചതാണെന്ന് പറഞ്ഞു. അദ്ദേഹം തിരിച്ച് താന്‍ ആരാണെന്നാണ് തന്റെ വിചാരം എന്ന രീതിയില്‍ ഇങ്ങോട് ചീത്ത വിളിച്ചു തുടങ്ങി. ഞാന്‍ കുറച്ചു നേരം കേട്ടുനിന്നു. കോടികള്‍ മുടക്കി നിര്‍മിക്കുന്ന സിനിമയില്‍ നിന്റെ മുഖം കാണാനാണോ ആളുകള്‍ വരുന്നത് എന്ന് അദ്ദേഹം ചോദിച്ചു.

അന്ന് ചെറിയ സങ്കടമൊക്കെ തോന്നിയിരുന്നു. വേറൊന്നും പ്രതീക്ഷിച്ചല്ല, ഓഡീഷന്‍ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാന്‍ വിളിച്ചിരുന്നത്. പുള്ളി ചിലപ്പോള്‍ വേറെന്തെങ്കിലും സിറ്റുവേഷനില്‍ ഇരിക്കുകയായിരിക്കും ആ സമയത്തായിരിക്കും എന്റെ കോള്‍ വന്നിട്ടുണ്ടാകുക. പക്ഷെ, അതൊക്കെ സിനിമയുമായി മുന്നോട്ട് പോകാനുള്ള ഊര്‍ജമായിരുന്നു,’ സിജു വില്‍സണ്‍ പറഞ്ഞു.

conent highlights: That director asked if people are coming to see your face in a movie costing crores: Siju Wilson

We use cookies to give you the best possible experience. Learn more