കഴിഞ്ഞ ദിവസമാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘സാറാസ്’ റിലീസ് ചെയ്തത്. ചിത്രം കണ്ട ഓരോ ആളുകളും ചോദിച്ച ചോദ്യമാണ് സാറയുടെ അമ്മായിയുടെ റോള്‍ ചെയ്ത നടിയാരാണെന്ന്.
കണ്ട് പഴകാത്ത ഒരു മുഖവും കോമഡി ടൈമിംഗുമായിരുന്നു ഈ റോളിന്റെ പ്രത്യേകത. ‘ആ ഇത് മറ്റേതാ… ഫെമിനിസം’ എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എറണാകുളം തേവര സ്വദേശിയായ വിമലയായിരുന്നു ഈ റോളിലെത്തിയത്. പക്ഷേ അഭിനയിച്ച സിനിമ റിലീസ് ചെയ്തിട്ടും തന്റെ റോള്‍ ശ്രദ്ധിക്കപ്പെട്ടിട്ടും സിനിമ കാണാന്‍ വിമലയ്ക്ക് കഴിഞ്ഞിട്ടില്ല.
ഒരു സിനിമാകഥ പോലെ സങ്കടകടലില്‍ പകച്ചിരിക്കുകയാണ് വിമലയിപ്പോള്‍. തന്റെ മൂത്ത മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായുള്ള ഓട്ടത്തിലാണ് വിമല. ഗുരുതരമായ വൃക്ക രോഗം ബാധിച്ച മകള്‍ക്ക് തന്റെ വൃക്ക നല്‍കാനായി വിമല തയ്യാറാണെങ്കിലും അതിനുള്ള പണം കണ്ടെത്താനാവാതെ ഉഴലുകയാണ്.
ഒരു അഭിമുഖത്തിനായി വിളിക്കുമ്പോഴാണ് വിമല ഇപ്പോള്‍ അനുഭവിക്കുന്ന സങ്കടം ഡൂള്‍ന്യൂസ് അറിയുന്നത്.
ജീവിക്കാനുള്ള ഓട്ടം
17-ാം വയസിലാണ് വിമലയുടെ കല്യാണം കഴിയുന്നത്. രണ്ട് പെണ്‍കുഞ്ഞുങ്ങളാണ് വിമലയ്ക്ക് ഉണ്ടായത്. കുഞ്ഞുങ്ങളുടെ ചെറു പ്രായത്തില്‍ തന്നെ ഭര്‍ത്താവ് നാരായണന്‍ മരിച്ചു. പിന്നീട് പറക്കമുറ്റാത്ത കുട്ടികളെ ഒറ്റയ്ക്കാണ് വിമല വളര്‍ത്തിയത്.
കുട്ടികളെ നോക്കാനായി ഒരുപാട് ജോലികള്‍ വിമല ചെയ്തിരുന്നു, അച്ചാറുകള്‍, ഷാംപു എന്നിവ കൊണ്ടുപോയി വില്‍ക്കുക. കോയമ്പത്തൂരില്‍ നിന്ന് സാരികള്‍ വാങ്ങി വീടുകള്‍ തോറും കയറിയിറങ്ങി വില്‍ക്കുക തുടങ്ങിയ അതില്‍ ചിലത് മാത്രമാണ്.
ഇതിനിടെ താമസിച്ചിരുന്ന വീട് വില്‍ക്കേണ്ടി വന്നു. രണ്ട് പെണ്‍കുട്ടികളെയും കല്യാണം കഴിപ്പിച്ചയച്ചു. ശ്രീവിദ്യയും, വിനിതയുമാണ് മക്കള്‍. രണ്ട് പേരുടേയും വിവാഹം കഴിഞ്ഞു.
ഇതിനിടെയാണ് ഒരു സിനിമ യൂണിറ്റില്‍ ജോലി ചെയ്യാന്‍ വിമലയ്ക്ക് അവസരം ലഭിച്ചത്. അവിടെ നിന്നാണ് അഭിനയത്തിലേക്കെത്തുന്നതും. പുതിയ സിനിമകളില്‍ ചെറിയ ചെറിയ റോളുകളിലഭിനയിച്ചു. ഇതിനിടെ ചില നല്ല റോളുകളും ലഭിച്ചു. മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളിലും രണ്ട് തമിഴ് സിനിമയിലും അഭിനയിച്ചു.
ഇതിനിടെയാണ് കൊവിഡ് വില്ലനാവുന്നത്. കൃത്യമായ ഒരു തുകയൊന്നും അഭിനയിക്കുന്നതിന് വിമല ചോദിച്ച് വാങ്ങാറില്ല. ആയിരം മുതല്‍ 7000 രൂപ വരെ കൊടുക്കുന്നവരുണ്ട്. കൊവിഡ് കൂടി വന്നതോടെ വരുമാനം തീരെ നിലച്ചു. കൊവിഡ് കാലത്ത് ലഭിച്ച ഒരു ആശ്വാസമായിരുന്നു സാറാസ് എന്ന ചിത്രം.
ഇതിനിടെയാണ് മകള്‍ക്ക് വൃക്ക രോഗം സ്ഥിരീകരിക്കുന്നതും ഡയാലിസിസ് വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതും. ആദ്യം കഴുത്തിന് ഡയാലിസിസിനായി സര്‍ജറി നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് വലത് കൈയ്യിലും ചെയ്‌തെങ്കിലും ഇതും വിജയിച്ചില്ല. ഏറ്റവുമൊടുവില്‍ ഇടതു കൈകളില്‍ സര്‍ജറി ചെയ്യാനാണ് തീരുമാനം.
ദുരിതത്തിലും പറ്റിക്കുന്നവര്‍
മകള്‍ക്ക് വൃക്ക നല്‍കാന്‍ വിമല തയ്യാറാണെങ്കിലും ഇതിനുള്ള കാശ് കണ്ടെത്താന്‍ ഈ കുടുംബത്തിനായിട്ടില്ല. ഇതിനിടെയാണ് സഹായിക്കാമെന്നേറ്റ് കാസര്‍ഗോഡ് നിന്ന് ഒരു വ്യക്തിയെത്തുന്നത്. തങ്ങളെ വെച്ച് സഹായം അഭ്യര്‍ത്ഥിച്ച് ഒരു വീഡിയോ ചെയ്യാമെന്നും ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സഹായം ലഭിക്കാനും 13000 രൂപ വേണമെന്നും ഇയാള്‍ പറഞ്ഞെന്ന് വിമല പറയുന്നു. അത് വിശ്വസിച്ച് സിനിമയില്‍ നിന്ന് കിട്ടിയ പ്രതിഫലത്തില്‍ നിന്ന് ഇയാള്‍ക്ക് പണം നല്‍കിയെന്നും വിമല പറയുന്നു.
തുടര്‍ന്ന് ഒരു തവണ കൂടി വീഡിയോ പോസ്റ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഇയാള്‍ പണം വാങ്ങി. മൊത്തം ഇരുപതിനായിരത്തോളം രൂപയാണ് ഇത്തരത്തില്‍ ഇയാള്‍ വാങ്ങിയെടുത്തത്. സഹായമൊന്നും എത്താതായതോടെ ഇയാളെ വിളിച്ചു. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മുപ്പതിനായിരം രൂപ തരാനും ഇതിലൂടെ വീഡിയോ കൂടുതല്‍ ആളുകളില്‍ എത്തുമെന്നുമായിരുന്നു അയാള്‍ പറഞ്ഞത്.
ഈ തുക കയ്യിലുണ്ടായിരുന്നെങ്കില്‍ സഹായം അഭ്യര്‍ത്ഥിക്കില്ലായിരുന്നല്ലോ എന്ന് ചോദിച്ച് ഫോണ്‍ വെച്ചു-വിമല പറയുന്നു.
സംഘടനകളില്‍ പോലും ഇല്ലാത്ത നടി
ലക്ഷക്കണക്കിന് രൂപയാണ് മകളുടെ ചികിത്സയ്ക്കായി ആവശ്യം വരുന്നത്. ഈ തുക എങ്ങനെയുണ്ടാക്കണമെന്ന് വിമലയ്ക്ക് അറിയില്ല. സിനിമാ സംഘടനകളില്‍ ഒന്നും തന്നെ വിമല അംഗമല്ല. ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അധികം ആളുകളുമായി തനിക്ക് ബന്ധമൊന്നുമില്ല.
ആരെങ്കിലും സഹായവുമായി എത്തുമെന്നാണ് വിമലയുടെ പ്രതീക്ഷ. കൊവിഡ് ഇല്ലാത്ത ഒരു കാലമായിരുന്നെങ്കില്‍ സിനിമകളെങ്കിലും ഉണ്ടാകുമായിരുന്നു. പക്ഷേ ഈ കാലമായതിനാല്‍ സിനിമകള്‍ പോലും വരുന്നില്ല. സിനിമയിലെ ചില ആളുകളോട് സഹായം അഭ്യര്‍ത്ഥിച്ച് താന്‍ വിളിച്ചിരുന്നെന്നും വിമല പറയുന്നു.
വിമലയുടെ മകള്‍ക്ക് സഹായമെത്തിക്കാന്‍ പ്രിയ വായനക്കാര്‍ക്കും പങ്കാളികളാകാം
ACCOUNT NUMBER: 67255098984
IFSC CODE:SBIN0016860
SBI BANK PERUMPILLYNJARAKKAL
GOOGLE PAY: 9995299315
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
That aunt in ‘Sara’S Malayalam Movie’ is in a race for money for her daughter’s treatment