| Tuesday, 10th November 2020, 10:47 am

എന്‍.ഡി.എ ഭയപ്പെട്ട ആ 17 ശതമാനം ആര്‍.ജെ.ഡി.യെ തുണച്ചില്ല; ആ നാല് സംസ്ഥാനങ്ങളിലെ ട്രെന്‍ഡ് ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തെരഞ്ഞ് ആര്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ അന്തിമ വിജയം എന്‍.ഡി.എയ്‌ക്കോ മഹാസഖ്യത്തിനോ എന്ന ഉത്തരത്തിനായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കെ മഹാസഖ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത് ബി.ജെ.പിയുടെ ചാഞ്ചാട്ട വോട്ടുകളിലേക്ക്.

വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിലെ ഫല സൂചനകള്‍ എന്‍.ഡി.എക്ക് അനുകൂലമായി മുന്നേറുന്നതിനിടയിലാണ് 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലേക്കും അവിടെ എന്‍.ഡി.എയില്‍ നിന്നും മാറിയ വോട്ടുകളിലേക്കും ചര്‍ച്ചകള്‍ നീങ്ങുന്നത്.

ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് നേരത്തെ ഉണ്ടായിരുന്ന വോട്ടില്‍ നിന്നും -16 ശതമാനത്തിന്റെ കുറവ് ഉണ്ടായിരുന്നു. ജാര്‍ഖണ്ഡില്‍ ഇത് -22 ശതമാനവും, ഹരിയാനയില്‍ ഇത് -21 ഉം, മഹാരാഷ്ട്രയില്‍ ഇത് -9 ശതമാനവുമായിരുന്നു.

വോട്ടര്‍മാരുടെ ഇടയിലുണ്ടായ ഈ വലിയ ചാഞ്ചാട്ടം ബീഹാറിലും എന്‍.ഡി.എയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഈ നാല് സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ ഇടയിലുണ്ടായ ചാഞ്ചാട്ട വോട്ടുകളുടെ ശരാശരി 17 ശതമാനമാണ്. ഇത് ബീഹാറിലും ആവര്‍ത്തിച്ചാല്‍ ഒരു പക്ഷേ മഹാസഖ്യത്തിന് സാധ്യതകള്‍ കൂടിയേക്കാം.

ഈ 17 ശതമാനം വോട്ടര്‍മാര്‍ എന്‍.ഡി.എയില്‍ നിന്ന് മാറി ചിന്തിച്ചാല്‍ എക്‌സിറ്റ് പോളുകള്‍ ശരിയാകുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍. 17 ശതമാനം വോട്ടുകള്‍ മറിഞ്ഞാല്‍ എന്‍.ഡി.എക്ക് 80 സീറ്റുകളും മഹാസഖ്യത്തിന് 150 സീറ്റുകളും മറ്റ് പാര്‍ട്ടികള്‍ക്ക് 13 സീറ്റുകളുമായിരിക്കും ലഭിക്കുക.

എന്നാല്‍ ആദ്യ രണ്ട് മണിക്കുറിലെ ഫലസൂചനകള്‍ എന്‍.ഡി.എ ഭയപ്പെട്ട, ആര്‍.ജെ.ഡി പ്രതീക്ഷവെച്ച ആ 17 ശതമാനം ചാഞ്ചാട്ട വോട്ടുകള്‍ ബീഹാറില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചില്ല എന്നതാണ്. വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളിലൂടെ 17 ശതമാനത്തെ മറികടക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു എന്ന കണക്കുകൂട്ടലിലാണ് എന്‍.ഡി.എ ക്യാമ്പ്.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിന് സാധ്യതകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ തേജസ്വിക്ക് സാധിച്ചിരുന്നില്ല.

എക്സിറ്റ് പോളിനെ തള്ളി നിതീഷ് കുമാറും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ആക്‌സിസ് സര്‍വേ പ്രകാരം മഹാസഖ്യത്തിന് ഈ മേഖലയിലെ 49 സീറ്റുകളില്‍ 33 സീറ്റുകള്‍ നേടാനാകുമെന്നാണ് പ്രവചനം. ഇത് മൊത്തം സീറ്റുകളുടെ മൂന്നില്‍ രണ്ട് ഭാഗമാണ്.

എന്‍.ഡി.എയെക്കാള്‍ 12 ശതമാനമായിരിക്കും മഹാസഖ്യത്തിന് ഈ മേഖലയില്‍ ലഭിക്കാന്‍ പോകുന്ന ലീഡ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇടതു പാര്‍ട്ടികള്‍ക്ക് 29 സീറ്റുകളാണ് ആര്‍.ജെ.ഡി നല്‍കിയത്. 19 സീറ്റുകളിലാണ് സി.പി.ഐ.എം.എല്‍ മത്സരിച്ചത്.

മഹാസഖ്യം വിജയിക്കുകയാണെങ്കില്‍ അത് സി.പി.ഐ.എം.എല്ലിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ കൂടി ഫലമായിരിക്കും എന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: That 17 percent didn’t helped Thejaswi in Bihar election 2020

We use cookies to give you the best possible experience. Learn more