കോഴിക്കോട്: മുസ്‌ലിം മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് സ്വന്തം രാജ്യമായ ബംഗ്ലാദേശ് ഉപേക്ഷിക്കേണ്ടി വന്ന ബംഗാളി എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ ഫെബ്രുവരി അഞ്ചിന് കോഴിക്കോട്ടെത്തുന്നു. ഹിന്ദു വര്‍ഗീയവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുംബൈയിലെയും ദല്‍ഹിയിലെയും സംഗീത പരിപാടികള്‍ ഉപേക്ഷിക്കേണ്ടി വന്ന ഗുലാം അലിക്ക് പിന്നാലെയാണ് എഴുത്തുകാരി തസ്‌ലീമ നസ്‌റിനും കോഴിക്കോട്ടെത്തുന്നത്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി “പെണ്ണെഴുത്തിന്റെ ഇന്ത്യന്‍ അവസ്ഥകള്‍” എന്ന സെഷനില്‍ പങ്കെടുക്കുവാനാണ് തസ്‌ലീമ നസ്‌റിന്‍ വരുന്നത്. “ലജ്ജ” എന്ന നോവലെഴുതിയതിനെ തുടര്‍ന്ന് വലിയ ആക്രമണമായിരുന്നു തസ്‌ലീമക്കെതിരെ ബംഗ്ലാദശേില്‍ ഉണ്ടായത്. തുടര്‍ന്ന് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുകയും കൊല്‍ക്കത്തയില്‍ പ്രവാസ ജീവിതം നയിക്കുകയും ചെയ്തു. എന്നാല്‍ മുസ്‌ലിം മതമൗലികവാദികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തസ്‌ലീമക്ക് ഇന്ത്യയിലെ ജീവിതവും മതിയാക്കേണ്ടി വന്നു.
സച്ചിദാനന്ദന്‍, ജയശ്രീ മിശ്ര, അനിതാ നായര്‍, കെ.ആര്‍ മീര എന്നിവരും ഈ സെഷനില്‍ തസ്‌ലീമക്കൊപ്പം പങ്കെടുക്കുന്നുണ്ട്. അതേദിവസം തന്നെ സക്കറിയ, സച്ചിദാനന്ദന്‍ എന്നിവരുമായുള്ള തസ്‌ലീമയുടെ മുഖാമുഖവും നടക്കുന്നുണ്ട്. ഫെബ്രുവരി 4 മുതല്‍ ഏഴു വരെ കോഴിക്കോട് ബീച്ചില്‍ തയ്യാറാക്കിയ നാലു വേദികളിലായാണ് ലിറ്റററി ഫെസ്റ്റ് നടക്കുന്നത്.
ഡി.സി കിഴക്കേമുറിയാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പബ്ലിക് റിലേഷന്‍സ് വകുപ്പ്, വനം വകുപ്പ്, ഭാരത് ഭവന്‍, കോഴിക്കോട് കോര്‍പറേഷന്‍, ബിനാലെ ഫൗണ്ടേഷന്‍, ചലചിത്ര അക്കാദമി, റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ജര്‍മന്‍ ബുക് ഓഫീസ് തുടങ്ങിയവയും ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ട്.
നാല് ദിവസത്തോളം നീളുന്ന പരിപാടിക്ക് സൗജന്യ രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ട്.പ്രീമിയം പാസുകള്‍ക്ക് അഞ്ഞൂറ് രൂപയാണ് ഈടാക്കുന്നത്.