| Monday, 23rd December 2013, 3:42 pm

തെഹല്‍ക്ക കേസ്: തേജ്പാലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 12 ദിവസത്തേക്ക് കൂടി നീട്ടി.

പനാജിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സരിക ഫല്‍ദേശായിയാണ് തേജ്പാലിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.

ആദ്യ 12 ദിവസത്തെ കസ്റ്റഡിയില്‍ വക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും 12 ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.

വാസ്‌കോ ടൗണിനടുത്തുള്ള സാഡാ സബ് ജയിലില്‍ ആണ് തേജ്പാലിനെ താമസിപ്പിച്ചിരിക്കുന്നത്. അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് ശേഷം പോലീസ് തേജ്പാലിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് കാണിച്ച് തേജ്പാലിന്റെ അഭിഭാഷകന്‍ ജില്ലാ കോടതിക്ക് മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

പോലീസ് ലോക്കപ്പിലായിരുന്നപ്പോള്‍ മാത്രമാണ് തേജ്പാലിനെ ചോദ്യം ചെയ്തതെന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് ശേഷം ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഡിസംബര്‍ 26ലേക്ക് മാറ്റി.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ 30നാണ് ഗോവ പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 354-എ,376, 376(2)കെ എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more