| Monday, 19th August 2024, 11:14 am

അവരെയെല്ലാം നല്ല രീതിയില്‍ വെള്ളം കുടിപ്പിച്ച സിനിമയാണ് സൗദി വെള്ളക്ക: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ അഭിമാന ചിത്രങ്ങളില്‍ ഒന്നാണ് തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിച്ച് 2022-ല്‍ പുറത്തിറങ്ങിയ സൗദി വെള്ളക്ക CC.225/2009. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ, ബിനു പപ്പു, സുജിത് ശങ്കര്‍, ഗോകുലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സന്ദീപ് സേനനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന് ഒട്ടനവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൊച്ചിയിലെ സൗദി എന്ന സ്ഥലത്തുനടക്കുന്ന കഥയായതുകൊണ്ട് തന്നെ സിനിമയില്‍ കൊച്ചി ഭാഷക്ക് വളരെയധികം പ്രാധാന്യമാണുള്ളത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലുക്മാനും ബിനു പപ്പുവുമെല്ലാം കൊച്ചിക്കാരല്ലാത്തതുകൊണ്ട് കൊച്ചി സ്ലാങ് കൈകാര്യം ചെയ്യാന്‍ വല്ലാതെ പ്രയാസപ്പെട്ടെന്ന് പറയുകയാണ് എഫ്.ടി.ക്യു.വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

‘സൗദി വെള്ളക്ക കൊച്ചി ഭാഗത്തുള്ളൊരു സിനിമയാണ്. അതുകൊണ്ട് തന്നെ അവിടുത്തെ ഭാഷക്ക് വളരെ ശ്രദ്ധ കൊടുത്ത സിനിമയാണിത്. അവിടെയുള്ള സ്ഥലങ്ങളിലൂടെ നടക്കുമ്പോള്‍ നമ്മള്‍ കേള്‍ക്കുന്നൊരു സ്ലാങ്ങുണ്ട്, അതിനൊരു റിഥമുണ്ട്, ഒരു സ്പീഡുണ്ട്.

കൊച്ചി ഭാഷ സംസാരിക്കുന്ന സിനിമകളിലൊക്കെ ഇതൊരു കോമിക് ആയി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. എന്റെ സിനിമയില്‍ ഈ ഭാഷ ഏറ്റവും റിയല്‍ ആകണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. അഭിനയിക്കാന്‍ വരുന്നതാണെങ്കില്‍ ലുക്മാനും ബിനു പപ്പുവും. ഇവര്‍ക്കാണെങ്കില്‍ ഒരു രീതിയിലും കൊച്ചിയുടെ താളമറിയില്ല.

ഞാന്‍ വൈക്കംകാരനായതുകൊണ്ട് ആലപ്പുഴ, ചേര്‍ത്തല,കൊച്ചി ഇതൊക്കെ ചേര്‍ന്നൊരു സ്ലാങ്ങാണ്. പിന്നെ നമ്മള്‍ രണ്ടുമൂന്ന് ആളുകളെ ഒക്കെ വെച്ച് അവര്‍ക്ക് ഓക്കേ ആകുന്ന പോലെ സ്ലാങ്ങുകളൊക്കെ നോക്കിയാണ് ചെയ്തത്.ലുക്മാനും ബിനുവും നല്ല രീതിക്ക് വെള്ളം കുടിച്ച സിനിമയാണിത്.

ദേവി വര്‍മ അമ്മ ആദ്യമേ പറഞ്ഞായിരുന്നു എനിക്ക് പറ്റില്ല നിങ്ങള്‍ ഡബ്ബിങ്ങിന് ആരെയെങ്കിലും വെച്ചോളൂ എന്ന്. അതുകൊണ്ട് അവര്‍ക്ക് വേറെ ഒരാള്‍ വന്നാണ് ഡബ്ബ് ചെയ്തത്,’ തരുണ്‍ മൂര്ത്തി പറയുന്നു.

ദേവി വര്‍മക്ക് വേണ്ടി പോളി വത്സനാണ് ചിത്രത്തില്‍ ശബ്ദം നല്‍കിയത്. സൗദി വെള്ളക്കയിലെ ഡബ്ബിങ്ങിന് അവര്‍ക്ക് 2022 ലെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

Content Highlight: Tharun Moorthy talks about Saudi Vellakka movie and Lukman Avaran and Binu Pappu

We use cookies to give you the best possible experience. Learn more