സൗദി വെള്ളക്ക സിനിമയുടെ ഒരു ഭാഗത്ത് തങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. സജീദ് പട്ടാളമുള്‍പ്പെടെ സിനിമയുടെ ഭാഗമായ പലരേയും നഷ്ടപ്പെട്ടെന്നും സൗദി വെള്ളക്ക ചര്‍ച്ച ചെയ്യപ്പെടുന്നതുവരെ ഇവരെപറ്റിയും സംസാരിക്കട്ടെയെന്നും തരുണ്‍ പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ സജീദ് പട്ടാളം ഉള്‍പ്പെടെയുള്ളവരെ ഓര്‍മിച്ചത്.
‘രാധാകൃഷ്ണനായി അഭിനയിച്ച ജോസഫേട്ടന്‍ പോയി. ആ കഥാപാത്രമാണ് ആയിഷുമ്മയുടെ വീട്ടിലേക്ക് ചവറ് ഇടുന്നത്. സജീദിക്ക പോയി. അമ്പലകമ്മിറ്റിക്കാരുടെ കൂടെ വരുന്ന ജയശങ്കര്‍ പോയി. അദ്ദേഹം എന്നെ വിളിക്കുമ്പോള്‍ പറഞ്ഞത് മോനേ ഒരു സിനിമയില്‍ അഭിനയിച്ചിട്ട് മരിച്ചാല്‍ മതിയെന്നാണ്. സിനിമയില്‍ അഭിനയിച്ച ശേഷം അദ്ദേഹവും പോയി. അതുപോലെ ഉമ്മയുടെ ആങ്ങളയായി അഭിനയിച്ച ആളും സിനിമയുടെ റിലീസിന് മുന്നേ മരണപ്പെട്ടു. അത്തരത്തില്‍ വലിയ നഷ്ടങ്ങളും ഒരു ഭാഗത്തുണ്ട്.
സജീദിക്കയുടെ നഷ്ടം ഒരിക്കലും നികത്താനാവില്ല, കാരണം ഞങ്ങള്‍ താമസിക്കുന്ന തേവര വീട്ടില്‍ എന്നും വന്ന് ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന, തമാശകള്‍ പറയുന്ന, കഥകള്‍ പറയുന്ന ഒരു മനുഷ്യനായിരുന്നു.
സിനിമയില്‍, ‘അല്ല മോളേ, അല്ല’ സിസ്റ്ററേ എന്ന ഡയലോഗ് പുള്ളി കയ്യില്‍ നിന്നും ഇട്ട് സംസാരിച്ചതാണ്. അത് സ്‌ക്രിപ്റ്റിലില്ല. ഇങ്ങനെ ഒരു പരിപാടി ചെയ്യട്ടെ എന്ന് എന്നോട് ചോദിച്ചു. കൊള്ളാം നല്ല പരിപാടി, ചെയ്‌തോളാനാണ് ഞാന്‍ പറഞ്ഞത്. പുള്ളിയൊക്കെ വന്‍ ആക്ടറാണ്. അനുഭവങ്ങളുള്ള ആക്ടറാണ്.
ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ പല്ല് വെച്ചും പല്ല് വെക്കാതെയുമൊക്കെയാണ് ഡബ്ബ് ചെയ്തത്. സത്യത്തില്‍ പുള്ളിക്ക് പല്ലില്ല. സിനിമയില്‍ രണ്ടാമത് ജയിലില്‍ നിന്നും വരുമ്പോള്‍ പല്ലില്ല. ആദ്യത്തെ കാലം കാണിക്കുന്നത് 2005ലാണ്. അപ്പോള്‍ വെപ്പുപല്ല് വെച്ചിട്ടുണ്ട്. ഇതൊന്ന് ഒഴിവാക്കി തരാന്‍ പറ്റുമോ എനിക്ക് ഡയലോഗ് പറയാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞു. കാരണം പല്ലില്ലാതെ കുറെ കാലം ജീവിച്ചതല്ലേ.
പക്ഷേ ചെറുപ്പകാലം പുള്ളി പല്ല് വെച്ച് തന്നെ ഡബ്ബ് ചെയ്തു. ചെറുപ്പമല്ലാത്തത് പല്ല് ഊരി ഡബ്ബ് ചെയ്തു. പല്ല് വെക്കുമ്പോള്‍ ചോര വീഴുമല്ലോ. ഞാന്‍ ചോര വീഴ്ത്തി അഭിനയിച്ച സിനിമയാണെന്ന് പറയും. ഈ സിനിമ എത്ര നാള്‍ ഓടിയാലും എവിടെയൊക്കെ ഡിസ്‌കസ് ചെയ്യപ്പെട്ടാലും അവരെപ്പറ്റി സംസാരിക്കപ്പെടട്ടെ. അതാണ് അവര്‍ക്ക് കൊടുക്കാനുള്ള ട്രിബ്യൂട്ട്,’ ഡ്യൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ പറഞ്ഞു.
ഡിസംബര്‍ രണ്ടിനാണ് സൗദി വെള്ളക്ക റിലീസ് ചെയ്തത്. ദേവി വര്‍മ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍, ധന്യ അനന്യ, നില്‍ജ, വിന്‍സി അലോഷ്യസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: tharun moorthy talks about sajeed pattalam