|

ലാലേട്ടന് ആദ്യമായി അഭിനയം പറഞ്ഞു കൊടുത്തയാള്‍; ആശാനും ശിഷ്യനുമെന്നാണ് പറഞ്ഞത്: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ആരാധകര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ സാധാരണക്കാരനായി പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയാണ് തുടരും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ്.

വലിയ ഇടവേളക്ക് ശേഷം ശോഭന – മോഹന്‍ലാല്‍ ജോഡി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ഈയിടെയായിരുന്നു മോഹന്‍ലാലും മണിയന്‍പിള്ള രാജുവും ഒന്നിച്ചുള്ള ചിത്രത്തിലെ പോസ്റ്റര്‍ പുറത്തിറങ്ങിയത്.

ഇപ്പോള്‍ തുടരും സിനിമയിലേക്ക് മണിയന്‍പിള്ള രാജു എത്തിയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടരും എന്ന സിനിമയില്‍ മണിയന്‍പിള്ള രാജുവേട്ടനുമുണ്ട്. രാജു ചേട്ടന്‍ എത്രയോ സിനിമകളില്‍ ലാലേട്ടന്റെ ഒപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അഭിനയം ആദ്യമായി പറഞ്ഞു കൊടുത്ത ആളാണ് രാജു ചേട്ടന്‍.

അത്രയും അടുത്തറിയാവുന്ന ആളാണ്. കഴിഞ്ഞ ദിവസം സിനിമയിലെ അവരൊന്നിച്ചുള്ള പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അന്ന് ഞാന്‍ പറഞ്ഞത് ‘ആശാനും ശിഷ്യനുമാണ്’ എന്നായിരുന്നു. എന്നോട് രഞ്ജിത്തേട്ടനാണ് കുട്ടിച്ചന്‍ എന്ന കഥാപാത്രത്തിലേക്ക് മണിയന്‍പിള്ള രാജുവേട്ടന്‍ നന്നായിരിക്കുമെന്ന് പറയുന്നത്. ആദ്യം എനിക്ക് അതിലേക്ക് കണക്ട് ചെയ്യാന്‍ പറ്റിയിരുന്നില്ല.

രാജു ചേട്ടന്‍ എങ്ങനെയാണ് അങ്ങനെയൊരു കഥാപാത്രമാകുന്നതെന്ന് ഞാന്‍ ചിന്തിച്ചു. സത്യത്തില്‍ അത് വിജയരാഘവന്‍ സാറൊക്കെ മുമ്പ് ചെയ്തിട്ടുള്ളത് പോലെയുള്ള കഥാപാത്രമായിരുന്നു. പിന്നെ ഞാന്‍ ഗൂഗിളില്‍ മണിയന്‍പിള്ള രാജുവേട്ടന്റെ പല ലുക്കുകളും തപ്പി. ഛോട്ടാ മുംബൈ സിനിമയില്‍ താടിവെച്ചിട്ടുള്ള ലുക്ക് കണ്ടു. അത് വളരെ ഫ്രഷായിരുന്നു.

അപ്പോള്‍ ഞാന്‍ രഞ്ജിത്തേട്ടനെ വിളിച്ചിട്ട് ‘ചേട്ടാ എനിക്ക് താടി വെച്ചിട്ടുള്ള മണിയന്‍പിള്ള രാജുവേട്ടനെ കിട്ടുമോ’യെന്ന് ചോദിച്ചു. 15 ദിവസമേ ഷൂട്ട് തുടങ്ങാന്‍ സമയം ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അദ്ദേഹത്തിന്റെ സീനുകള്‍ ഒരു പത്ത് ദിവസം കൂടെ നീട്ടിവെക്കാമെന്ന് പറഞ്ഞു.

അപ്പോള്‍ മൊത്തം 25 ദിവസം ആകുമല്ലോ. ഉടനെ തന്നെ അദ്ദേഹത്തിന്റെ കോള്‍ വന്നു. ‘ഞാന്‍ എന്തും ചെയ്യും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.


Content Highlight: Tharun Moorthy Talks About How He Cast Maniyanpilla Raju In Mohanlal’s Thudarum Movie