| Sunday, 4th December 2022, 6:01 pm

ആദ്യം കണ്ടത് സുഹൃത്തിന്റെ ഫോണില്‍, 'ഞാന്‍ പൊന്നു പോലെ നോക്കിക്കോളാം,' എന്ന് പറഞ്ഞ് കൊണ്ടുവന്നതാണ്; ദേവി വര്‍മയെ കണ്ടെത്തിയതിനെ പറ്റി തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ തുടരുകയാണ്. കേന്ദ്രകഥാപാത്രമായ ആയിഷ റാവുത്തറിനെ അവതരിപ്പിച്ച ദേവി വര്‍മ തന്നെയാണ് പ്രേക്ഷകഹൃദയങ്ങളെ ഏറ്റവുമധികം സ്പര്‍ശിച്ചത്. ചിത്രത്തിലേക്ക് ദേവി വര്‍മയെ തെരഞ്ഞെടുത്തതിനെ പറ്റി പറയുകയാണ് തരുണ്‍ മൂര്‍ത്തി. താരമൂല്യമുള്ള ഒരാളെ മേക്ക് അപ്പ് ചെയ്ത് അവതരിപ്പിച്ചാലും ഈ സിനിമ സംഭവിക്കുമെന്നും എന്നാല്‍ പ്രേക്ഷകരുടെ മുന്‍ധാരണകളെ തിരുത്താനാണ് അധികം പരിചയമില്ലാത്ത ഒരാളെ തന്നെ കാസ്റ്റ് ചെയ്തതെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ പറഞ്ഞു.

‘ഒരു സുഹൃത്തിന്റെ വാട്‌സ് ആപ് സ്റ്റാറ്റസില്‍ നിന്നുമാണ് ആയിഷ റാവുത്തര്‍ എന്ന അമ്മ കഥാപാത്രത്തിലേക്ക് ദേവി വര്‍മയെ കണ്ടെത്തുന്നത്. പിന്നീട് വീട്ടിലെത്തി നേരിട്ടു കണ്ടപ്പോള്‍ തന്നെ ഉറപ്പിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങളൊക്കെയുള്ള 87 കാരിയാണ് അമ്മ. എങ്കിലും ‘നമുക്കൊരു സിനിമ ചെയ്യാം, അമ്മ വെറുതെ വന്നാല്‍ മതി, ഞാന്‍ പൊന്നു പോലെ നോക്കിക്കോളാം’ എന്നു പറഞ്ഞ് സൗദി വെള്ളക്കയുടെ ഭാഗമാക്കി മാറ്റി.

കൊവിഡിന്റെ പ്രശ്‌നം രൂക്ഷമായി നില്‍ക്കുന്ന സമയത്താണ് അമ്മ സിനിമയില്‍ അഭിനയിക്കാനെത്തുന്നത്. ശരിക്കും നമ്മുടെ സിനിമയുടെ ‘ഷീറോ’ ആയി അമ്മ മാറി. ആളുകളെ മുന്‍ ധാരണകളെ തിരുത്തിക്കുറിക്കുന്നതിന് ആ തെരഞ്ഞെടുപ്പ് വളരെ സഹായിച്ചു. കഥാഗതിയും അടുത്ത സീനില്‍ എന്തെന്നുള്ള ധാരണ പ്രേക്ഷകര്‍ക്ക് ലഭിക്കാതിരിക്കാനും അത് വളരെ സഹായിച്ചു.

ഒരുപക്ഷേ, താരമൂല്യമുള്ള ഒരാളെ മേക്ക് അപ്പ് ചെയ്ത് അവതരിപ്പിച്ചാലും ഈ സിനിമ സംഭവിക്കും. പക്ഷേ, കഥയുടെ അവസാനം എന്താകുമെന്നു പ്രേക്ഷകര്‍ ആദ്യം തന്നെ ചിന്തിക്കും. അതിനെ ബ്രേക്ക് ചെയ്യാനാണ് ശ്രമിച്ചത്. പ്രേക്ഷകര്‍ക്ക് ഞാന്‍ കാത്തുവെച്ച സര്‍പ്രൈസ് എലമെന്റായിരുന്നു ആയിഷാമ്മയുടെ കഥാപാത്രവും മകന്‍ സത്താറായ സുജിത്ത് ശങ്കറും. തിയേറ്ററില്‍ പ്രേക്ഷകര്‍ അതു നേരിട്ടു കാണണമെന്നാണ് ആഗ്രഹിച്ചത്. സുജിത്ത് ശങ്കര്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. ഏതു വേര്‍ഷനിലേക്കു മാറ്റിയെടുക്കാനും പണിതെടുക്കാനുമാകുന്ന യഥാര്‍ത്ഥ കലാകാരനാണ് അദ്ദേഹം.

സൗദി വെള്ളക്കയുടെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ സമയം മുതല്‍ എല്ലായിടത്തു നിന്നും മികച്ച പ്രതികരണം ലഭിക്കുന്നത് വളരെ സന്തോഷം നല്‍കുന്നു. ഇത്തരത്തിലുള്ള പ്രതികരണം ലഭിക്കണമെന്ന് ഏറെ കൊതിച്ചിരുന്നു ഞാനും. സൗദി വെള്ളക്ക പ്രേക്ഷകരുടെ നെഞ്ചില്‍ കൊണ്ടു, അവര്‍ ചിരിച്ചു, അവര്‍ സന്തോഷിച്ചു, അവന്‍ കരഞ്ഞു എന്നൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം കൊണ്ട് എന്റെ മനസും നിറയുകയാണ്. നമ്മുടെ പ്രേക്ഷകര്‍ എന്നും നല്ല സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ്.

ഓപ്പറേഷന്‍ ജാവ ഒരുക്കുമ്പോള്‍ എന്നെ പ്രേക്ഷകര്‍ക്ക് ഒട്ടും പരിചയമില്ല. അതില്‍ അഭിനയിച്ച ലുക്ക്മാനും ബാലു വര്‍ഗീസും നായക പരിവേഷമുള്ളവരല്ല. അന്ന് നല്ല കാഴ്ചയും അനുഭവവും പകര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞു. ജാവ ഒരു ത്രില്ലറായിരുന്നെങ്കില്‍ തീര്‍ത്തും വിഭിന്നമായി ഇമോഷണല്‍ പശ്ചാത്തലമാണ് സൗദി വെള്ളക്ക ഒരുക്കിയത്. പ്രേക്ഷകര്‍ക്ക് ഉള്ളിന്റെയുള്ളില്‍ ചിരിയും നൊമ്പരവും ക്ലൈമാക്‌സില്‍ ഒരു സന്തോഷാനുഭവവും നല്‍കി രസച്ചരടില്‍ കോര്‍ത്തിണക്കുകയായിരുന്നു ചിത്രത്തിലൂടെ,’ തരുണ്‍ പറഞ്ഞു.

Content Highlight: Tharun Moorthy talks about finding Devi Verma for saudi vellakka

We use cookies to give you the best possible experience. Learn more