| Thursday, 25th April 2024, 8:25 pm

പ്രേക്ഷകർക്കും എനിക്കും കാണാൻ ഇഷ്ടമുള്ള ലാലേട്ടനെ കാണാം; പുതിയ ചിത്രത്തെ കുറിച്ച് തരുൺ മൂർത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ രണ്ട് സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.

2022ല്‍ പുറത്തിറങ്ങിയ തരുണിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവയില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരുന്നു ഇത്. വലിയ നിരൂപക പ്രശംസകളും അവാര്‍ഡുകളും നേടാന്‍ സൗദി വെള്ളക്കക്ക് സാധിച്ചിരുന്നു.

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കക്ക് ശേഷം വരുന്ന സിനിമക്കുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികള്‍. അപ്പോഴാണ് മലയാളികളുടെ സ്വന്തം മോഹൻലാലിനെ നായകനാക്കിയുള്ള തന്റെ അടുത്ത ചിത്രത്തെ കുറിച്ച് തരുൺ പുറത്തുവിട്ടത്. ചിത്രം നടക്കുമോ ഇല്ലയോ എന്നത് സംശയമായിരുന്നുവെന്ന് തരുൺ പറയുന്നു. അപ്രതീക്ഷിതമായാണ് മോഹൻലാലിന്റെ കോൾ തനിക്ക് വന്നതെന്നും തരുൺ പറഞ്ഞു.

‘പ്രൊജക്ട് നടക്കുമോ ഇല്ലയോ എന്നൊരു കൺഫ്യൂഷനിൽ ഇങ്ങനെ നിൽക്കുകയായിരുന്നു. അപ്പോഴാണ് നമുക്കിത് ചെയ്യാം തരുണേ എന്ന് പറഞ്ഞു പെട്ടെന്ന് കാൾ വന്നത്. പിന്നെ അത് ഏറ്റെടുത്ത് വൃത്തിയായി ചെയ്യാൻ ശ്രമിക്കുക എന്നതല്ലേ കാര്യം. അതിന് തയ്യാറാവുക എന്നതല്ലേ കാര്യം,’തരുൺ പറയുന്നു.

പ്രേക്ഷകർക്ക് കാണാൻ ഇഷ്ടമുള്ള ഒരു ഡ്രൈവർ കഥാപാത്രമാണ് മോഹൻലാലിന്റെതെന്നും തരുൺ പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു തരുൺ.

‘അതിന് ഞങ്ങൾക്ക് സമയം കിട്ടി. പിന്നീട് അഹോരാത്രം ഞാനും എന്റെ പ്രൊഡക്ഷനിലെ പിള്ളേരും ഓടിനടന്ന് പണിയെടുത്തു. ഇപ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്. ആക്ഷൻ പറയാൻ കാത്തിരിക്കുകയാണ്. നമുക്ക് കാണാൻ ഇഷ്ടമുള്ള ഒരു ഡ്രൈവർ കഥാപാത്രമാണ് ലാലേട്ടന്റെത്,’തരുൺ മൂർത്തി പറയുന്നു.

Content Highlight: Tharun Moorthy Talk About His New Movie  With Mohanlal

Latest Stories

We use cookies to give you the best possible experience. Learn more