ആദ്യചിത്രമായ ഓപ്പറേഷന്‍ ജാവയിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ജാവക്ക് ശേഷമുള്ള തരുണിന്റെ രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക റിലീസിന് ഒരുങ്ങുകയാണ്. ലുക്മാന്‍, ബിനു പപ്പു, സജീദ് പട്ടാളം, ഗോകുലന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സൗദി വെള്ളക്കയുടെ ഷൂട്ടിനിടക്കുള്ള അനുഭവങ്ങള്‍ വിവരിക്കുകയാണ് ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
‘ഓരോ ആക്ടര്‍ വരുമ്പോഴും എന്നെ തന്നെയാണ് അവരില്‍ കാണുന്നത്. ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തൊപ്പി വെച്ച് പ്രായമായ ഒരാള്‍ അടുത്ത് വന്നു. പുള്ളി സിനിമയിലെ ഒരു ക്യാരക്ടറാണ്. സാറേ വര്‍ഷങ്ങളായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. എന്തുകൊണ്ട് ഇദ്ദേഹം ഇതിന് മുമ്പ് എന്റെ മുമ്പില്‍ വന്നില്ല എന്നാണ് ഞാന്‍ ആലോചിച്ചത്.
പുള്ളിക്ക് ഡയലോഗ് കൊടുക്കുമ്പോള്‍ ഭയങ്കര ടെന്‍ഷനാണ്. ഡയലോഗ് പേപ്പറില്‍ എഴുതി കൊടുക്കും. രണ്ട് ഡയലോഗാണെങ്കിലും അദ്ദേഹം അത് കാണാതെ പഠിക്കും. ചെയ്തുകഴിയുമ്പോള്‍ സാറേ ഞാന്‍ ചെയ്തത് എങ്ങനെയുണ്ട് എന്നൊക്കെ ചോദിക്കും. അവരുടെ ഒരു സന്തോഷമുണ്ട്. നമ്മള്‍ കാരണം അവര്‍ക്കൊരു സന്തോഷം കിട്ടുകയാണ്.
അദ്ദേഹത്തിന് 65 വയസുണ്ട്. ഇന്ന് രാവിലെയും പുള്ളി വാട്ട്‌സാപ്പില്‍ ഒരു സെല്‍ഫി വീഡിയോ എടുത്തയച്ചു. എന്റെ സിനിമ സൗദി വെള്ളക്ക ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുകയാണ്, എല്ലാവരും കാണണം എന്നാണ് വീഡിയോയില്‍ പറയുന്നത്. സാറേ ഞാന്‍ ഇത് എന്റെ കൂട്ടുകാര്‍ക്ക് അയച്ചോട്ടെ എന്ന് ചോദിച്ചു. അങ്ങനെയൊക്കെ നമ്മളോട് ആര് പറയും.
അങ്ങനെയുള്ള കുറെ മൊമന്റ് കൊണ്ട് സൗദി വെള്ളക്ക ഞങ്ങള്‍ക്ക് ഭയങ്കര പ്രഷ്യസ് ആണ്. ഇതുപോലെ ഒരുപാട് ചേച്ചിമാരും ചേട്ടന്മാരും ഈ സിനിമക്ക് വേണ്ടി സംസാരിക്കുന്നുണ്ട്. ഇറങ്ങിനടന്ന് ആളുകള്‍ക്കിടയില്‍ ഈ സിനിമക്ക് വേണ്ടി സംസാരിക്കുകയാണ്. അത്രയും പ്രായമുള്ള മനുഷ്യനാണ്. സിനിമ സ്വപ്‌നം കാണുന്ന മനുഷ്യര്‍ എങ്ങനെയാണ് അതിന്റെ പുറകെ നടക്കുന്നത് എന്ന് നമുക്ക് അറിയാം,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
ജാവയുടെ സംവിധായകന്റെ രണ്ടാമത്തെ ചിത്രം എന്ന നിലയില്‍ ഇതിനോടകം തന്നെ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2022 ഐ.എഫ്.എഫ്.ഐയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിനാണ് സൗദി വെള്ളക്ക തിയേറ്ററുകളിലെത്തുന്നത്.
Content Highlight: tharun moorthy shares the experience of shooting saudi vellakka