| Saturday, 3rd December 2022, 10:17 pm

ആയിഷാമ്മയാവാന്‍ റഫറന്‍സ് കൊടുത്തത് മമ്മൂട്ടിയുടെ മാസ് കഥാപാത്രത്തെ; തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തിയത്. ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്റെ രണ്ടാമത്തെ ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തിന് മേലുണ്ടായിരുന്നത്. പ്രേക്ഷകരുടെ വിശ്വാസം തരുണ്‍ കാത്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് റിലീസ് ദിനം മുതല്‍ ലഭിക്കുന്നത്.

ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് ആയിഷ റാവുത്തര്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദേവി വര്‍മയാണ്. ചിത്രത്തില്‍ ആയിഷാമ്മയുടെ സ്ഥായി ഭാവത്തിനായി താന്‍ റഫറന്‍സ് കൊടുത്തത് മമ്മൂട്ടിയുടെ മാസ് കഥാപാത്രത്തെയാണ് എന്ന് പറയുകയാണ് തരുണ്‍ മൂര്‍ത്തി. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തരുണ്‍ സൗദി വെള്ളക്കയെ പറ്റി മനസ് തുറന്നത്.

‘ആയിഷാമ്മയുടെ മുഖത്ത് എപ്പോഴും ഒരു മരവിപ്പ് വേണമെന്ന് അമ്മയോട് ഞാന്‍ പറഞ്ഞിരുന്നു. അതിനു ഞാന്‍ റഫറന്‍സ് കൊടുത്തത് ബിഗ് ബിയിലെ മമ്മൂട്ടിയുടെ കഥാപാത്രമായിരുന്നു. ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും പറ്റാതെ ഒരു മരവിപ്പില്‍ ജീവിക്കുന്ന കഥാപാത്രത്തെയാണ് വേണ്ടതെന്നു അമ്മയ്ക്ക് കൃത്യമായി മനസിലാക്കി കൊടുത്തു.

മറ്റു കഥാപാത്രങ്ങളെ പലയിടങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കണ്ടെത്തി. നാട്ടിന്‍ പുറത്തെ ചായക്കടകളിലും നാടക സംഘങ്ങളിലും വീടുകളിലുമൊക്കെ ചെന്നെത്തി കഥാപാത്രങ്ങള്‍ക്ക് ആവശ്യമായവരെ തിരഞ്ഞു. ആ സഞ്ചാരത്തിലാണ് സൗദി എന്ന പ്രദേശം ഞാന്‍ കണ്ടെത്തുന്നത്. പേരും പ്രദേശവും അവിടുത്തെ ആളുകളുടെ ജീവിതവും എന്നെ ആകര്‍ഷിച്ചു. അങ്ങനെയാണ് മനസിലുണ്ടായിരുന്ന കഥയെ അവിടേക്ക് പ്രതിഷ്ഠിച്ചത്.

കൊച്ചിയുടെ പശ്ചാത്തലം എന്നു പറയുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ തെളിയുന്നത് മറ്റൊരു മുഖമാണ്. എന്നാല്‍ അതേ ഭൂമികയില്‍ തന്നെ ഹൃദ്യമായ ഒരു കഥ പറയുന്നതില്‍ വെല്ലുവിളിയും കൗതുകവുമുണ്ടായിരുന്നു.

ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ നിരൂപക പ്രശംസ ലഭിച്ചത് വളരെ സന്തോഷം നല്‍കി. എങ്കിലും സാധാരണക്കാരായ പ്രേക്ഷകര്‍ തിയേറ്ററിലെത്തി കയ്യടിക്കുന്നതാണ് നമ്മള്‍ ഏറെ ആഗ്രഹിച്ചത്. റിലീസ് ദിവസം ആറ് തിയേറ്ററില്‍ ഞാന്‍ പോയിരുന്നു. അവിടെയെല്ലാം ആളുകള്‍ ചിത്രം അവസാനിച്ചപ്പോള്‍ നല്‍കിയ കയ്യടി അഭിമാനവും ആനന്ദവും നല്‍കി.

ബിസിനസിനും കലയ്ക്കും അവസരം നല്‍കിയപ്പോള്‍ അത്തരത്തിലൊരു പ്രേക്ഷക സ്വീകാര്യത ഏറെ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. കളക്ഷനും ബോക്‌സോഫീസ് റെക്കോര്‍ഡുകളും സംവിധായകന്റെ പ്രതിഭയുടെ അളവുകോലാകുന്ന ഇക്കാലത്ത് എന്നെ സംബന്ധിച്ച് പ്രേക്ഷകരുടെ കയ്യടി വളരെ സ്‌പെഷ്യലാണ്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Tharun Moorthy says that he gave reference to Mammootty’s Mass character for the character of aishamma in saudi vellakka 

We use cookies to give you the best possible experience. Learn more