Advertisement
Entertainment
വെറുതെ ടെൻഷനാക്കരുത്, ഇദ്ദേഹം എൽ.360യുടെ ഭാഗമല്ല; തമിഴ് സൂപ്പർ സ്റ്റാറിനൊപ്പമുള്ള ഫോട്ടോയുമായി തരുൺ മൂർത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 23, 11:04 am
Tuesday, 23rd July 2024, 4:34 pm

മോഹൻലാൽ ആരാധകരും സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം.

മോഹൻലാൽ 360 സിനിമകൾ പൂർത്തിയാക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 20 വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നുവെന്നതും പ്രേക്ഷകർക്ക് ചിത്രത്തിന് പ്രതീക്ഷകൾ നൽകുന്നുണ്ട്.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ഓരോ ലൊക്കേഷൻ സ്റ്റിലുകൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നടിപ്പിൽ നായകൻ സൂര്യയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് തരുൺ മൂർത്തി പങ്കുവെച്ച ഫേസ് ബുക്ക്‌ പോസ്റ്റാണ് ഇപ്പോൾ സൂര്യ ആരാധകരും എൽ 360ന് കാത്തിരിക്കുന്ന പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്. സൂര്യയോടൊപ്പമുള്ള ഒരു ഫോട്ടോയാണ് തരുൺ മൂർത്തി പോസ്റ്റ്‌ ചെയ്തത്.

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ താൻ സൂര്യയുടെ വലിയ ആരാധകൻ ആയിരുന്നുവെന്നും ഇങ്ങനെ ഒരു കൂടി കാഴ്ച്ച ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും തരുൺ മൂർത്തി പറയുന്നു. എന്നാൽ ഈ ഫോട്ടോ കണ്ട്, എൽ.360യിൽ സൂര്യയുണ്ടെന്നൊന്നും അടിച്ചിറക്കരുതെന്നും തരുൺ പറയുന്നു.

‘ഹാപ്പി ബർത്ത്ഡേ സൂര്യ സാർ, സ്കൂളിലും കോളേജിലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാക്കുമ്പോൾ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടി കാഴ്ച. ഇത് ഇദ്ദേഹം എൽ 360യിൽ പാർട്ട്‌ അല്ല, വെറുതെ അടിച്ചിറക്കി വെറുതെ ടെൻഷൻ തരരുത്,’തരുൺ മൂർത്തിയുടെ പോസ്റ്റ്‌.

തരുൺ മൂർത്തി പോസ്റ്റിന് താഴെ മുന്നറിയിപ്പ്‌ തന്നിട്ടുണ്ടെങ്കിലും ചില ആരാധകർ പോസ്റ്റിന് താഴെ പ്രതീക്ഷയോടെ കമന്റ്‌ ഇടുന്നുണ്ട്. മുമ്പ് കാപ്പാൻ എന്ന ചിത്രത്തിൽ മോഹൻലാലും സൂര്യയും ഒന്നിച്ചിരുന്നു.

 

Content Highlight: Tharun Moorthy’s F.B Post About Surya And L360