സൗദി വെള്ളക്കയെ പറ്റി മരണത്തിന് മുമ്പേയുള്ള സജീദ് പട്ടാളത്തിന്റെ പോസ്റ്റ്; ഒമ്പത് മാസത്തിന് ശേഷം കമന്റ് ചെയ്ത തരുണ്‍ മൂര്‍ത്തി
Film News
സൗദി വെള്ളക്കയെ പറ്റി മരണത്തിന് മുമ്പേയുള്ള സജീദ് പട്ടാളത്തിന്റെ പോസ്റ്റ്; ഒമ്പത് മാസത്തിന് ശേഷം കമന്റ് ചെയ്ത തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd December 2022, 11:44 pm

തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കൊച്ചിയിലെ സൗദിയില്‍ നടക്കുന്ന ഒരു വെള്ളക്ക കേസിനെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്. പ്രേക്ഷകര്‍ക്ക് അധികം അറിയാത്ത അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ചിത്രത്തിനെ പറ്റി പ്രേക്ഷകര്‍ എടുത്ത് പറയുന്ന പ്രധാന ഘടകം.

ബ്രോക്കറായെത്തിയ സജീദ് പട്ടാളം ചിത്രത്തില്‍ ശ്രദ്ധ നേടിയിരുന്നു. സൗദി വെള്ളക്കക്ക് കയ്യടി ഉയരുമ്പോഴും അത് കാണാന്‍ സജീദ് പട്ടാളം ഇന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് 27നായിരുന്നു സജീദ് പട്ടാളം ഈ ലോകത്തോട് വിട പറഞ്ഞത്. സിനിമ റിലീസ് ചെയ്തപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഏറ്റവും വലിയ നഷ്ടമായിരിക്കുന്നതും ഇദ്ദേഹത്തിന്റെ വിയോഗമാണ്.

സൗദി വെള്ളക്ക റിലീസ് ചെയ്ത രണ്ടാം ദിവസം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സജീദ് പട്ടാളത്തിന്റെ പഴയ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുകയാണ്. മാര്‍ച്ച് മൂന്നിന് സിനിഫൈല്‍ ഗ്രൂപ്പിലാണ് സൗദി വെള്ളക്കയുള്‍പ്പെടെയുള്ള സിനിമകളെ പറ്റി സജീദ് കുറുപ്പ് പങ്കുവെച്ചിരുന്നത്.

‘നമസ്‌ക്കാരം ,
ഞാന്‍ സജീദ്, ഫോര്‍ട്ട് കൊച്ചി അമരാവതിയാണ് സ്വദേശം. തൊട്ടടുത്ത സ്ഥലമായ ‘പട്ടാളം’ ചേര്‍ത്താണ് എന്റെ Screen Name സജീദ് പട്ടാളം എന്നാക്കിയത്.
മൃദുല്‍ നായര്‍ ( ബീ ടെക്ക് ) സംവിധാനം നിര്‍വഹിച്ച ഇന്‍സ്റ്റാഗ്രാമം സീരീസിലെ കഥാപാത്രം ചെയ്ത് തുടക്കം. കളയിലെ വാറ്റുകാരന്‍, കനകം കാമിനി കലഹത്തിലെ ആക്ടിങ്ങ് പഠിക്കുന്ന പപ്പേട്ടന്‍, ജാന്‍ എ മനിലെ മാക്സിമം ജോലിക്കാരന്‍ ഗോപി.

ഇനി ഉടനെ റിലീസ് ആകാനിരിക്കുന്നത് തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിച്ച ‘സൗദി വെള്ളക്ക’, ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നത് കനക രാജ്യം,’ എന്നാണ് സജീദ് ഫേസ്ബുക്കില്‍ കുറിച്ചത്. ഡിസംബര്‍ മൂന്നിന് ‘ഇക്ക ജീവിക്കും ഇനിയും,’ എന്നാണ് പോസ്റ്റിന് തരുണ്‍ മൂര്‍ത്തി കമന്റ് ചെയ്തത്. സജീദ് പട്ടാളത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

‘സജീദിക്കാ, നിങ്ങളിത് കാണുന്നുണ്ടോ, നിങ്ങളെ സ്‌ക്രീനില്‍ കണ്ട് ജനം കയ്യടിക്കുന്നത്, ചിരിക്കുന്നത്, നമ്മുടെ സിനിമ ജനഹൃദയങ്ങളിലേക്ക് ഓടിക്കയറുന്നത്, എന്തിനാണ് ഞങ്ങളെയൊക്കെവിട്ട് നേരത്തെ പോയത്,’ എന്നാണ് പോസ്റ്റിന് വന്ന ഒരു കമന്റ്.

ബിനു പപ്പു, ലുക്മാന്‍ എന്നിവര്‍ക്കൊപ്പം ദേവി വര്‍മ, ധന്യ അനന്യ, ഗോകുലന്‍, സുജിത്ത് ശങ്കര്‍, രമ്യ സുരേഷ്, കുര്യന്‍ ചാക്കോ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. തിരക്കഥയും സംവിധാനവും തരുണ്‍ മൂര്‍ത്തിയാണ്. ചിത്രത്തിന്റെ സഹ സംവിധായകന്‍ കൂടെയാണ് ബിനു പപ്പു.

Content Highlight: Tharun Moorthy commented after nine months for Sajeed Pattalam’s post