| Thursday, 12th January 2023, 8:03 am

എക്‌സ്പ്ലനേഷന്‍ പറയേണ്ടത് തന്നെ തോല്‍വിയാണ്, പൗളി വല്‍സനും ശ്രിന്ദയും ഡബ്ബ് ചെയ്തതിന് കാരണമിതാണ്; വിശദീകരണവുമായി തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ല്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ മലയാള ചിത്രമാണ് സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവ എന്ന ആദ്യ ചിത്രം ഹിറ്റാക്കിയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ ചിത്രമെന്ന നിലയില്‍ സൗദി വെള്ളക്ക ശ്രദ്ധ നേടിയിരുന്നു. റിലീസിന് പിന്നാലെ വലിയ പ്രേക്ഷക പ്രശംസയും ചിത്ത്രിന് ലഭിച്ചു. കേന്ദ്രകഥാപാത്രമായ ആയിഷുമ്മയെ അവതരിപ്പിച്ച ദേവി വര്‍മ തന്നെയാണ് കയ്യടികള്‍ നേടിയത്. ദേവി വര്‍മക്കായി ഡബ്ബ് ചെയ്തത് നടി പൗളി വല്‍സനായിരുന്നു.

കഴിഞ്ഞ ജനുവരി ആറിന് സൗദി വെള്ളക്ക സോണി ലിവില്‍ റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി. റിലീസിന് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഒരു കൂട്ടം പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്തപ്പോള്‍ ഡബ്ബിങ്ങിനെതിരെ വലിയ വിമര്‍ശനം വന്നിരുന്നു. ദേവി വര്‍മക്കായി പൗളി വല്‍സനും ധന്യ അനന്യക്കായി ശ്രിന്ദയും ഡബ്ബ് ചെയ്തതിനെതിരെയാണ് വിമര്‍ശനങ്ങളുയര്‍ന്നത്. അഭിനയിച്ചവരും ഡബ്ബ് ചെയ്തവരും നന്നായി ചെയ്‌തെങ്കിലും പരസ്പരം ചേര്‍ച്ചില്ലായ്മ തോന്നിയെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഡബ്ബ് ചെയ്തവര്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചയമുള്ളതായതുകൊണ്ട് ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ഇവരെ ഓര്‍മ വരും എന്നും വിമര്‍ശനം വന്നു.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തരുണ്‍ മൂര്‍ത്തി തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സൗദി വെള്ളക്ക ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിന്റെ കമന്റിലാണ് തരുണ്‍ വിശദീകരണവുമായി എത്തിയത്. ദേവി വര്‍മക്ക് ആദ്യം തന്നെ ഡബ്ബ് ചെയ്യാന്‍ സാധിക്കില്ല എന്ന് പറഞ്ഞിരുന്നുവെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് അവര്‍ ഡബ്ബ് ചെയ്യാതിരുന്നതെന്നും തരുണ്‍ പറഞ്ഞു.

ധന്യ അനന്യ ചെയ്ത നസിമ എന്ന കഥാപാത്രം കുറച്ചുകൂടി വെറുപ്പ് ഉണ്ടാകേണ്ട കഥാപാത്രമാണെന്ന് തോന്നിയത് കൊണ്ടാണ് ശ്രിന്ദയെ കൊണ്ട് ഡബ്ബ് ചെയ്യിച്ചതെന്നും തരുണ്‍ പറഞ്ഞു.

‘ആ അമ്മ ഡബ്ബ് ചെയ്യില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നു. ഡബ്ബ് ചെയ്യാനും, എ.സി. മുറിയില്‍ ഇരിക്കാനും, സ്ലാങ് പിടിക്കാനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടെന്ന് സിനിമ കമ്മിറ്റ് ചെയ്യുമ്പോഴെ പറഞ്ഞിരുന്നു. എങ്കിലും അവസാന നിമിഷം എന്റെ നിര്‍ബദ്ധ പ്രകാരം ഡബ്ബ് ചെയ്യാന്‍ സ്റ്റുഡിയോയില്‍ വന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വേണ്ട എന്ന് തീരുമാനിച്ചു തിരിച്ചു പോയി

ധന്യ അനന്യ നന്നായി തന്നെ ചെയ്തിരുന്നു. കൊച്ചിയില്‍ പോയി ഒരുപാട് ആളുകളെ കണ്ട് ഭാഷയുടെ ശൈലി പഠിച്ചാണ് ധന്യ അനന്യ അഭിനയിച്ചത്. ഷൂട്ടിന് ശേഷം കണ്ടപ്പോള്‍ നസിമ എന്ന കഥാപാത്രം കുറച്ചു അധികം വെറുപ്പ് ഉണ്ടാകേണ്ടത് ആയി തോന്നി. ‘ചെലപ്പ്’ കുറച്ചു അധികം ഉണ്ടായാല്‍ ആ കഥാപാത്രം വളരെ ഇറിറ്റേറ്റഡ് ആകും എന്ന് തോന്നി. ധന്യയുടെ അനുവാദത്തോടെ ശ്രിന്ദ ഡബ്ബിന് എത്തി.

ആ പ്രദേശത്തെ ജീവിതങ്ങള്‍ നന്നായി അറിയുന്ന ശ്രിന്ദ നസിമയെ ചെലപ്പ് നസി ആക്കി. വളരെ കുറച്ച് സ്‌ക്രീന്‍ സ്‌പേസ് ഉള്ള സാത്താറും, മരവിച്ച ഉമ്മയും ആയിരുന്നു സൗദി വെള്ളക്കയിലെ ടേക്ക് എവേ ആയി ഞങ്ങള്‍ കണ്ടിരുന്നത്. നാസിമ അത്രയേറെ ഇറിറ്റേറ്റ് ചെയ്യുന്ന കൊണ്ട് ആണ് സത്താറും ഉമ്മയും മനസ്സില്‍ കയറുന്നത് എന്ന് ഞങ്ങള്‍ വിശ്വസിച്ചു. നസിമയേ വെറുക്കുകയും സത്താറിനെ ഇഷ്ടപ്പെടുകയും ആയിരുന്ന ലക്ഷ്യം. എക്‌സ്‌പ്ലേനേഷന്‍ പറയേണ്ടത് തന്നെ ഞങ്ങളുടെ തോല്‍വി ആണെന്ന് അറിയാം. പക്ഷെ ഇത്രയേറെ ചോദ്യങ്ങള്‍ വരുന്നത് കൊണ്ട് പറയുന്നു,’ കമന്റില്‍ തരുണ്‍ മൂര്‍ത്തി കുറിച്ചു.

Contennt Highlight: tharun moorthy answers for the criticism against saudi vellakka after ott release

We use cookies to give you the best possible experience. Learn more