| Friday, 11th February 2022, 3:40 pm

പണ്ടെനിക്ക് മെസേജയച്ച ഏതോ ഒരുത്തന്‍ നാളെ സിനിമയെടുക്കുമെന്നും സൂപ്പര്‍ഹിറ്റ് സംവിധായകനാകുമെന്നും ഞാന്‍ വിചാരിച്ചോ?: ജൂഡ് ആന്തണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരന്തരം പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ട ഒരു മേഖലയാണ് മലയാള സിനിമ. സിനിമയില്‍ വിജയിച്ചു നില്‍ക്കുന്നു എന്ന് വിചാരിക്കപ്പെടുന്നവര്‍ പോലും നിരന്തരം സംവിധായകരോട് ചാന്‍സ് ചോദിക്കാറുണ്ടെന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ അമ്പരക്കാറുണ്ട്.

അങ്ങനെ നിരന്തരം ചാന്‍സ് ചോദിച്ച് നീണ്ട പരിശ്രമത്തിലൂടെ സിനിമയിലെത്തിയതിനെ പറ്റിയും ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നതിനെ പറ്റിയും പറയുകയാണ് യുവ സംവിധായകരായ ജൂഡ് ആന്തണിയും തരുണ്‍ മൂര്‍ത്തിയും.

ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളിലായിരുന്നു ഇരുവരും സംസാരിച്ചത്. മാത്തുക്കുട്ടി, ടിനു പാപ്പച്ചന്‍, അഹമ്മദ് കബീര്‍ എന്നിവരും ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ ഉണ്ടായിരുന്നു.

‘ഓപ്പറേഷന്‍ ജാവ’ കണ്ടിട്ട് തരുണ്‍ മൂര്‍ത്തിക്ക് മെസേജയച്ച കഥ ജൂഡ് പങ്കുവെച്ചു.

‘ഓപ്പറേഷന്‍ ജാവ കണ്ടിട്ട് തരുണിന്റെ ഫേസ്ബുക്കിലെ പേര് കണ്ടുപിടിച്ച് മെസേജയക്കാന്‍ നോക്കുമ്പോള്‍ ഇവന്‍ എനിക്ക് നേരത്തെ അയച്ച മെസേജുകള്‍ ഒക്കെ അവിടെ കിടക്കുന്നു. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ലായിരുന്നു.

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തരുണ്‍ മൂര്‍ത്തി എനിക്ക് മെസേജ് അയക്കുമ്പോള്‍ അവന്‍ നാളെ ഒപ്പറേഷന്‍ ജാവ ചെയ്യുമെന്നും സൂപ്പര്‍ ഹിറ്റ് സംവിധായകനാകുമെന്നും എനിക്കറിയില്ലല്ലോ. ഏതോ ഒരു തരുണ്‍ മൂര്‍ത്തി മെസേജയക്കുന്നു എന്നാണ് അന്ന് വിചാരിക്കുന്നത്,’ ജൂഡ് പറഞ്ഞു.

തുടര്‍ന്ന് ഓപ്പറേഷന്‍ ജാവ സംവിധാനം ചെയ്യുന്നതിന് മുമ്പ് ചാന്‍സ് ചോദിച്ച് സംവിധായകരെ വിളിച്ച അനുഭവങ്ങള്‍ തരുണും പങ്കുവെച്ചു.

‘ടിനു ചേട്ടന്‍ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയി’ല്‍ ചെയ്യുന്ന സമയത്ത് ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. അങ്ങനെ ഞാന്‍ ടിനു ചേട്ടനെ വിളിച്ചു. ‘എടാ മോനേ നിനക്ക് ഓഡീഷന് ഫോട്ടോ അയക്കാന്‍ പാടില്ലേ. അതിലയക്ക്, ഉണ്ടെങ്കില്‍ വിളിക്കാം’ എന്നാണ് ചേട്ടന്‍ പറഞ്ഞത്. ഒകെ ചേട്ടാ എന്ന് പറഞ്ഞ് ഞാന്‍ വെച്ചു,’ തരുണ്‍ പറഞ്ഞു. ‘ജൂണി’ന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഇതുപോലെ അഹമ്മദ് കബീറിനെ വിളിച്ചിട്ടുണ്ടെന്നും തരുണ്‍ പറഞ്ഞു.

താനിപ്പോഴും ആ പരിപാടി ചെയ്യാറുണ്ടെന്നും സംവിധായകരെ കാണുമ്പോള്‍ ഞാനില്ലേ എന്ന് ചോദിക്കാറുണ്ടെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.


Content Highlight: tharun moorthy and jude anthony shares their experiences

We use cookies to give you the best possible experience. Learn more