| Saturday, 16th July 2022, 8:26 am

ഞങ്ങള്‍ക്ക് ആരേയും പറ്റിക്കണ്ട, അങ്ങനെ ഒരു ചിത്രമാവില്ല; സൗദി വെളളക്കയുടെ റിലീസ് വൈകുന്നതില്‍ തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓപ്പറേഷന്‍ ജാവക്ക് ശേഷം താന്‍ സംവിധാനം ചെയ്യുന്ന സൗദി വെള്ളക്കയുടെ തിയേറ്റര്‍ റിലീസ് വൈകുന്നതിലുള്ള കാരണം വ്യക്തമാക്കി തരുണ്‍ മൂര്‍ത്തി. ചിത്രം നിറഞ്ഞ സദസ്സില്‍ എല്ലാവരും ഒന്നിച്ചിരുന്ന് കാണണമെന്നാണ് താനും നിര്‍മാതാക്കളും ആഗ്രഹിച്ചക്കുന്നതെന്നും ആ ആഗ്രഹം സാധ്യമാകാന്‍ ഇനിയും കൂടുതല്‍ ജനങ്ങളിലേക്ക് സിനിമ എത്തണമെന്നും കുറിപ്പില്‍ തരുണ്‍ പറയുന്നു. അതുകൊണ്ട് നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്ത് മാത്രമേ ചിത്രം റിലീസ് ചെയ്യൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

നേരത്തെ മലയാള സിനിമകള്‍ കാണാന്‍ തിയേറ്ററുകളില്‍ ജനം കുറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ച് തരുണ്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു.

തരുണ്‍ മൂര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

‘സൗദി വെള്ളക്കയുടെ റിലീസ് മെയ് ഇരുപതില്‍ നിന്നും മാറ്റിയ അന്ന് മുതല്‍ പുതിയ റിലീസ് തീയതി സംബന്ധിച്ച ഒരുപാട് ചോദ്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്. സൗദി വെള്ളക്ക എന്ന സിനിമ നിറഞ്ഞ സദസില്‍ എല്ലാവരും ഒന്നിച്ചിരുന്ന് കാണണമെന്നാണ് ഞാനും ഇതിന്റെ നിര്‍മാതാക്കളും ആഗ്രഹിച്ചത്, ഞങ്ങളുടെ ആ ആഗ്രഹം പൂര്‍ത്തിയാക്കണമെങ്കില്‍ സിനിമ ഇനിയും കൂടുതല്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

ഓപ്പറേഷന്‍ ജാവ വലിയ വിജയം അല്ലേ. അതിന്റെ സംവിധായകന്റെ സിനിമ കാണാന്‍ ജനം വരില്ലേ എന്ന ചോദ്യം ഒരു പാട് സ്ഥലങ്ങളില്‍ നിന്നും ഇതിനോടകം കേട്ട് കഴിഞ്ഞതാണ്, പക്ഷേ ആ ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല എന്നാണ് എന്റെ വിശ്വാസം. കാരണം. ഇന്നത്തേക്കാലത്ത് ഓരോ സിനിമയും പ്രേഷകന് പുതിയതാണ്, അതങ്ങനെ തന്നെയാവുകയും വേണം. ഓപ്പറേഷന്‍ ജാവയുടേയോ, തൊണ്ടിമുതലിന്റേയോ അംശങ്ങളില്ലാത്ത തീര്‍ത്തും പുതുമയാര്‍ന്ന സൃഷ്ടിയാണ് സൗദി വെള്ളക്കയും.

തിയേറ്ററുകളില്‍ ആളുകള്‍ കുറയുന്നതിനെപ്പറ്റി ഒരു കുറിപ്പ് ഇട്ടതിന്റെ പേരില്‍ വലിയ ചര്‍ച്ചകള്‍ ഉണ്ടായപ്പോള്‍. അതിന് കീഴില്‍ വന്ന കമന്റുകള്‍ ഒരു സംവിധായകനെന്ന നിലയില്‍ വിഷമിച്ച് മാറിയിരിക്കാനുള്ള ഒന്നായല്ല എനിക്ക് തോന്നിയത്, മറിച്ച് ഒരു വലിയ ചിന്തയാണ് എന്നില്‍ ഉണ്ടാക്കിയത്. സിനിമയില്‍ നിന്നും പ്രേക്ഷകരല്ല അകന്നത്, ലാഭം മാത്രം നോക്കിയുള്ള സിനിമകള്‍ ഉണ്ടായപ്പോള്‍ സിനിമയാണ് പ്രേഷകരില്‍ നിന്നും അകന്നു പോയത് എന്ന വലിയ ചിന്ത.

അങ്ങനെ തിരസ്‌കരിക്കപ്പെട്ട സിനിമകളുടെ ഗണത്തില്‍പ്പെട്ടു പോകേണ്ട ഒന്നാവരുത് സൗദി വെള്ളക്ക എന്ന് ഞങ്ങള്‍ ആഗ്രഹമുണ്ട്. കാരണം ഞങ്ങള്‍ക്ക് ആരേയും പറ്റിക്കണ്ട. പ്രേക്ഷകനെ പറ്റിച്ചു തീയേറ്ററില്‍ കയറ്റുന്ന ഒരു ചിത്രമാവില്ല സൗദി വെളളക്ക എന്ന് നിങ്ങളെ വിശ്വസിപ്പിക്കാന്‍ എത്രത്തോളം സമയം എടുക്കുന്നുവോ അത്രത്തോളം സമയമെടുത്ത് മാര്‍ക്കറ്റ് ചെയ്ത് സിനിമ നിങ്ങളിലേക്ക് എത്തിക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം.

തീയേറ്ററില്‍ ജനം നിറയണമെങ്കില്‍ സിനിമയില്‍ കഥ നിറയണം, കാഴ്ചകള്‍ നിറയണം, അനുഭവങ്ങള്‍ നിറയണം. ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും വേണ്ടി എടുത്തതാണ് ഈ സിനിമ, അത് കാണാന്‍ എല്ലാ മനുഷ്യരും തീയേറ്ററിലുണ്ടാകും എന്ന് ഉറപ്പോടെ. ആത്മവിശ്വാസത്തോടെയാണ് ഇന്നേവരെയുള്ള യാത്ര, ഇനിയങ്ങോട്ടും അതിനു മാറ്റമുണ്ടാകില്ല. ഇത്രയുമൊക്കെ പറയാന്‍ കാരണങ്ങള്‍ ഉണ്ട്. അത്രമേല്‍ സ്നേഹിച്ച്, സമര്‍പ്പിച്ച് പഠിച്ച്, പണിയെടുത്ത് ഞങ്ങള്‍ നെയ്തു കൂട്ടിയതാണ് സൗദി വെള്ളക്ക. സിനിമ കാണുന്ന പ്രേഷകന്റെ കണ്ണും,കാതും,അതിലുപരി മനസും നിറയുന്ന തിയേറ്റര്‍ കാഴ്ചയൊരുക്കിയാണ് ഞങ്ങള്‍ വിളിക്കുന്നത് വരണം, കാണണം ഇത് നമ്മുടെ സിനിമയാണ്.’; തരുണ്‍ പറയുന്നു.

ഓപ്പറേഷന്‍ ജാവയിലെ താരങ്ങള്‍ തന്നെയാണ് സൗദി വെള്ളക്കയിലും പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നേരത്തെ മേയ് 20നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ലുക്ക്മാന്‍ അവറാന്‍, ബിനു പപ്പു, സുധി കോപ്പ, ദേവി വര്‍മ്മ, ശ്രിന്ദ, ഗോകുലന്‍, ധന്യ അനന്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരണ്‍ വേലായുധനാണ് ക്യാമറ. പാലി ഫ്രാന്‍സിസാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. നിഷാദ് യൂസഫ് എഡിറ്റിങും വാബു വിതുര ചിത്രത്തിന്റെ ആര്‍ട്ടും കൈകാര്യം ചെയ്യുന്നു.

Content Highlight : Tharun Moorthy about the theater releasing delaying of his new movie Saudi Vellakka

We use cookies to give you the best possible experience. Learn more