| Wednesday, 7th December 2022, 10:14 pm

പാട്ട് കൊണ്ടും ടീസര്‍ കൊണ്ടുമൊന്നും കിട്ടാത്ത റീച്ചാണ് അര്‍ജന്റീന തോറ്റപ്പോള്‍ സൗദി വെള്ളക്കക്ക് കിട്ടിയത്: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്ത് വന്ന സൗദി വെള്ളക്ക മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫുട്‌ബോള്‍ ലോകകപ്പില്‍ സൗദിയോട് അര്‍ജന്റീന തോറ്റപ്പോള്‍ തരുണ്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പറയാമോ എന്നറിയില്ല, സൗദി വെള്ളക്ക ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും എന്നായിരുന്നു തരുണിന്റെ പോസ്റ്റ്.

ടീസര്‍ കൊണ്ടും പാട്ട് കൊണ്ടും കിട്ടാത്ത റീച്ചാണ് ഈ പോസ്റ്റ് കൊണ്ട് സിനിമക്ക് ലഭിച്ചതെന്ന് പറയുകയാണ് തരുണ്‍ മൂര്‍ത്തി. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജന്റീനയുമായി ബന്ധപ്പെട്ട പോസ്റ്റിനെ പറ്റി തരുണ്‍ സംസാരിച്ചത്.

‘ഈ സിനിമയെ ആളുകളിലേക്ക് എത്തിക്കാന്‍ പല പല ശ്രമങ്ങള്‍ നടത്തി. ഒരു ടീസര്‍ വിട്ടു, പാട്ട് വിട്ടു, പോസ്റ്ററുകള്‍ വിട്ടു. എന്നിട്ടൊന്നും എത്താത്തതാണ് ആ സംഭവം കൊണ്ട് എത്തിയത്. സത്യം പറഞ്ഞാല്‍ അറ്റന്‍ഷന്‍ സീക്കിങ്ങാണ്.

ഞാനും ബിനു ചേട്ടനും ഇരിക്കുമ്പോഴാണ് അന്ന് അര്‍ജന്റീന തോല്‍ക്കുന്നത്. ചേട്ടാ ഞാന്‍ പൊട്ടിക്കട്ടെയെന്ന് ചോദിച്ചു. മിണ്ടാതിരി, എല്ലാവരും വന്ന് പൊങ്കാല ഇടുന്നുണ്ടെന്ന് ബിനു ചേട്ടന്‍ പറഞ്ഞു.

പക്ഷേ അടുത്ത ദിവസം രാവിലെ ആയപ്പോള്‍ ഞാന്‍ ഒന്ന് ന്യൂട്രലായിട്ട് ഈ സാഹചര്യത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല, എന്ന് പറഞ്ഞ് ഇട്ടതാണ്. പക്ഷേ ഒരുപാട് ആളുകള്‍ അത് ഷെയര്‍ ചെയ്തു, ഒരുപാട് റീച്ച് കിട്ടി. എങ്ങനെയെങ്കിലും സിനിമ കാണാന്‍ ആളുകളെ ക്ഷണിക്കുക എന്നതാണല്ലോ നമ്മുടെയൊക്കെ ജോലി. അതിനൊരു പ്ലാറ്റ്‌ഫോം യൂസ് ചെയ്തന്നെയുള്ളൂ,’ തരുണ്‍ പറഞ്ഞു.

സിനിമ മോഹങ്ങളുമായി നടക്കുന്ന സമയത്ത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനുള്ള ആഗ്രഹം വീട്ടില്‍ പറഞ്ഞതിനെ കുറിച്ചും തരുണ്‍ സംസാരിച്ചു. ‘ ഞാന്‍ വളര്‍ന്നത് വൈക്കത്താണ്. വൈക്കം അങ്ങനെ ഒരു നഗരപ്രദേശമല്ല, ഗ്രാമമാണ്. ഞങ്ങളുടെ ചുറ്റുമുള്ള കുറെ ജീവിതങ്ങളുണ്ട്.

എന്റെ അച്ഛനും അമ്മയും സത്യന്‍ അന്തിക്കാട് സാറിന്റേയും പ്രിയന്‍ സാറിന്റേയുമൊക്കെ ഫാനാണ്. തിയേറ്ററിലും ഇവരുടെ സിനിമകളാണ് കാണിച്ചുകൊണ്ടിരുന്നത്. ഇതാണ് സിനിമ, ഇങ്ങനെയാണ് സിനിമ പറയേണ്ടതെന്നാണ് എന്റെ തലയിലും കയറിയിട്ടുള്ളത്. ടീനേജിലേക്ക് എത്തുമ്പോഴാണല്ലോ വിദേശ സിനിമകള്‍ കാണാന്‍ തുടങ്ങുന്നത്.

ഒരു സാഹചര്യത്തില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ജീവിച്ച് അനുഭവമുണ്ടാക്ക്, അനുഭവമാണ് ആദ്യം വേണ്ടതെന്നാണ് അച്ഛന്‍ പറഞ്ഞത്. ജീവിതത്തിലെ നിരാശയും പ്രണയവും വിരഹവും അനുഭവിക്കുക, അത് സിനിമയില്‍ ഉപയോഗിക്കുക,’ തരുണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: tharun moorthy about the failure of argentina’s failure and his facebook post

We use cookies to give you the best possible experience. Learn more