|

ജാവയില്‍ ലാലു അലക്‌സും വിജയരാഘവനുമുള്ള വിന്റേജ് ഗ്യാങ്ങായിരുന്നു മനസില്‍, വിനായകന്റെ വേഷത്തിലേക്ക് സംസാരിച്ചു വെച്ചത് ഈ നടനെ: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗദി വെള്ളക്ക എന്ന പുതിയ ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി മലയാളി പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ആദ്യ ചിത്രമായ ഓപ്പറേഷന്‍ ജാവയിലേത് പോലെ കഥാപാത്രസൃഷ്ടിയിലും കാസ്റ്റിങ്ങിലും മനോഹരമായ ശ്രദ്ധയാണ് തരുണ്‍ സൗദി വെള്ളക്കയിലും പുലര്‍ത്തിയിരിക്കുന്നത്.

ഓപ്പറേഷന്‍ ജാവയില്‍ ഏറെ ശ്രദ്ധ നേടിയ വേഷങ്ങളായിരുന്നു ബിനു പപ്പുവിന്റെ ജോയ് സാറും ഇര്‍ഷാദിന്റെ എസ്.ഐ. പ്രതാപനും ബാലു വര്‍ഗീസിന്റെ ആന്റണി ജോര്‍ജും ലുക്മാന്‍ അവറാന്റെ വിനയ ദാസനുമെല്ലാം. ഈ പ്രധാന കഥാപാത്രങ്ങളെ കൂടാതെ വളരെ കുറച്ച് സീനുകളിലൂടെ മാത്രമെത്തി ഹൃദയങ്ങളില്‍ നോവായി പടര്‍ന്ന കഥാപാത്രമായിരുന്നു വിനായകന്‍ അവതരിപ്പിച്ച രാമാനാഥന്‍.

ഈ അഭിനേതാക്കളെയെല്ലാം അധികം പരിചയമില്ലാത്ത രൂപത്തിലും ഭാവത്തിലുമായിരുന്നു ഓപ്പറേഷന്‍ ജാവയില്‍ പ്രേക്ഷകര്‍ കണ്ടത്. പക്ഷെ, പെര്‍ഫെക്ട് കാസ്റ്റിങ് എന്ന വിശേഷണമായിരുന്നു ചിത്രത്തിന് ഏറ്റവും കൂടുതല്‍ ലഭിച്ചത്.

എന്നാല്‍ ഓപ്പറേഷന്‍ ജാവയിലെ ഈ ഹിറ്റ് വേഷങ്ങളിലേക്ക് താന്‍ ആദ്യം പരിഗണിച്ചത് ഈ അഭിനേതാക്കളെയല്ലായിരുന്നു എന്നാണ് തരുണ്‍ മൂര്‍ത്തി പറയുന്നത്. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ആദ്യം മനസില്‍ കരുതിയിരുന്ന അഭിനേതാക്കളെ കുറിച്ച് തരുണ്‍ സംസാരിച്ചത്.

സൗദി വെള്ളക്കയില്‍ ഗോകുലനായി തകര്‍ത്തഭിനയിച്ച നടന്‍ ഗോകുലനെയായിരുന്നു ആദ്യം വിനായകന്റെ വേഷത്തിലേക്ക് ക്ഷണിച്ചിരുന്നതെന്നാണ് തരുണ്‍ പറയുന്നത്.

‘ജാവയിലെ വിനായകന്‍ ചേട്ടന്റെ വേഷം ചെയ്യാന്‍ വേണ്ടി ആദ്യം കാസ്റ്റ് ചെയ്തത് ഗോകുലന്‍ ചേട്ടനെയായിരുന്നു. സത്യത്തില്‍ സിനിമയിലുള്ള ആരുമല്ലായിരുന്നു ആദ്യം ജാവയിലുണ്ടായിരുന്നത്.

എന്റെ മനസില്‍ അന്ന് ലാലു അലക്‌സ്, ഷമ്മി തിലകന്‍, വിജയരാഘവന്‍ എന്ന് ഗ്യാങ്ങായിരുന്നു. ലാലു ചേട്ടനെയായിരുന്നു ഇര്‍ഷാദിക്കയുടെ വേഷത്തിലേക്ക് പ്ലാന്‍ ചെയ്തത്. വിജയരാഘവന്‍ ചേട്ടനെയായിരുന്നു ബിനു ചേട്ടന്റെ വേഷത്തിലേക്ക് പ്ലാന്‍ ചെയ്തത്.

ഷമ്മി ചേട്ടനെയായിരുന്നു വേറൊരു വേഷത്തിലേക്ക് നോക്കിയത്. പ്രശാന്ത് ചേട്ടന്‍ അന്നുമുണ്ടായിരുന്നു. ഈ പറയുന്നൊരു വിന്റേജ് ഗ്യാങ്ങായിരുന്നു എന്റെ മനസില്‍. ലുക്മാന്‍ ആദ്യം മുതലേ ഉണ്ടായിരുന്നു. ബാലു ഏറ്റവും അവസാനം വന്നതാണ്,’ തരുണ്‍ പറഞ്ഞു.

Content Highlight: Tharun Moorthy about Operation Java