പരസ്യചിത്രങ്ങളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് തരുണ്‍ മൂര്‍ത്തി. ലുക്ക്മാന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ ഓപ്പറേഷന്‍ ജാവയാണ് തരുണ്‍ മൂര്‍ത്തിയുടെ ആദ്യ ചിത്രം. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച വിജയം സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചു. രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്കയും തിയേറ്റര്‍ വിജയത്തോടൊപ്പം നിരവധി അവാര്‍ഡുകളും സ്വന്തമാക്കി.
ഇത്രയും കാലത്തെ ലൈഫില്‍ അച്ഛന് കൊടുക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ട്രിബ്യൂട്ടാണ് ആ സീന്‍. ആ സീന്‍ ഡബ്ബ് ചെയ്യുന്ന സമയത്ത് അച്ഛന്‍ ലാലേട്ടന്റെ കൂടെ നില്‍ക്കുന്നത് വല്ലാതെ എന്‍ജോയ് ചെയ്യുന്നുണ്ടായിരുന്നു- തരുണ്‍ മൂര്‍ത്തി
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനെ നായകനാക്കിയാണ് തരുണ്‍ തന്റെ മൂന്നാമത്തെ ചിത്രമായ തുടരും അണിയിച്ചൊരുക്കുന്നത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിനെ സാധാരണക്കാരനായി കാണാന്‍ പോകുന്ന ചിത്രം കൂടിയാണ് തുടരും. വളരെ സിമ്പിളായിട്ടുള്ള കൊച്ചു ചിത്രം എന്നാണ് ചിത്രത്തെപ്പറ്റി തരുണ്‍ എല്ലായിടത്തും സംസാരിക്കുന്നത്.
ചിത്രത്തില്‍ തരുണിന്റെ പിതാവും ചെറിയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അച്ഛനെ ക്യാമറക്ക് മുന്നില്‍ കൊണ്ടുവന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. ചിത്രത്തിന്റെ ഷൂട്ടിന് മുമ്പ് താന്‍ അച്ഛനോട് ഒരു വേഷം ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. എന്നാല്‍ അത്രയും ആര്‍ട്ടിസ്റ്റുകളുള്ള സിനിമയില്‍ താന്‍ അഭിനയിക്കില്ലെന്നും അത് എല്ലാവര്‍ക്കും ബാധ്യതയാകുമെന്ന് പറഞ്ഞ് ഒഴിവാകാന്‍ നോക്കിയെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് തന്റെ അസിസ്റ്റന്റുകളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചെന്നും ഒടുവില്‍ ചെയ്യാമെന്ന് അച്ഛന്‍ സമ്മതിച്ചെന്നും തരുണ്‍ പറയുന്നു. ഫര്‍ഹാന്‍ ഫാസിലിന്റെ അച്ഛന്റെ വേഷമാണ് ചെയ്തതെന്നും മോഹന്‍ലാലിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്ന സീന്‍ അദ്ദേഹത്തിന് ഉണ്ടെന്നും തരുണ്‍ പറഞ്ഞു. അച്ഛന് കൊടുക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ട്രിബ്യൂട്ടാണ് ആ സീനെന്നും ഡബ്ബിങ്ങിന്റെ സമയത്ത് അച്ഛന്‍ ആ സീന്‍ കണ്ട് എന്‍ജോയ് ചെയ്യുന്നത് കണ്ടെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മയുമായി സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘തുടരും എന്ന സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ആ സിനിമയില്‍ ഒരു വേഷമുണ്ട്, ചെയ്യാമോ എന്ന് ചോദിച്ചു. ‘എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല’ എന്നായിരുന്നു അച്ഛന്റെ മറുപടി. കാരണം, അത്രയും ആര്‍ട്ടിസ്റ്റുകളുള്ള സിനിമയില്‍ താന്‍ ഒരു ബാധ്യതയൊകുമോ എന്നായിരുന്നു അച്ഛന്‍ ചിന്തിച്ചത്. ഞാന്‍ വിടാന്‍ കൂട്ടാക്കിയില്ല. അസിസ്റ്റന്റ്‌സിനോട് അച്ഛനെ നിര്‍ബന്ധിക്കാന്‍ പറഞ്ഞു. ഒടുവില്‍ പുള്ളി സമ്മതിച്ചു.
ഫര്‍ഹാന്റെ അച്ഛനായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ലാലേട്ടന്റെ കൂടെ ഒരു സീനില്‍ അച്ഛന്‍ അഭിനയിച്ചിട്ടുമുണ്ട്. ഇത്രയും കാലത്തെ ലൈഫില്‍ അച്ഛന് കൊടുക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ട്രിബ്യൂട്ടാണ് ആ സീന്‍. ആ സീന്‍ ഡബ്ബ് ചെയ്യുന്ന സമയത്ത് അച്ഛന്‍ ലാലേട്ടന്റെ കൂടെ നില്‍ക്കുന്നത് വല്ലാതെ എന്‍ജോയ് ചെയ്യുന്നുണ്ടായിരുന്നു. പുള്ളി ഭയങ്കര ഹാപ്പിയായി,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight: Tharun Moorthy about his father’s character in Thudarum movie