തന്റെ രണ്ട് സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.
2022ല്‍ പുറത്തിറങ്ങിയ തരുണിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവയില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരുന്നു ഇത്. വലിയ നിരൂപക പ്രശംസകളും അവാര്‍ഡുകളും നേടാന്‍ സൗദി വെള്ളക്കക്ക് സാധിച്ചിരുന്നു.
തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കക്ക് ശേഷം വരുന്ന സിനിമക്കുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികള്‍. അപ്പോഴാണ് മലയാളികളുടെ സ്വന്തം മോഹൻലാലിനെ നായകനാക്കിയുള്ള തന്റെ അടുത്ത ചിത്രത്തെ കുറിച്ച് തരുൺ പുറത്തുവിട്ടത്.
സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ആവേശത്തോടെ ഏറ്റെടുത്ത അനൗൺസ്മെന്റ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തരുൺ മൂർത്തി.
ജീവിതത്തോട് ചേർത്തുവെക്കാൻ കഴിയുന്ന മോഹൻലാലിനെ സാധാരണക്കാരനായ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും തന്റെ സിനിമയെന്ന് തരുൺ മൂർത്തി പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.
‘നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുന്ന, ജീവിതത്തിൽ സംഭവിക്കുന്ന വിഷയമാണ് സിനിമയുടേത്. വളരെ റോ ആയിട്ട് ചിത്രീകരിക്കാൻ പറ്റുന്ന സിനിമയാണ്. വളരെയധികം വൈകാരിക തലങ്ങളുണ്ട്. ആളുകൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു വിഷയമാണ്. മോഹൻലാലിനെ വച്ച് സാധാരണക്കാരനായ മനുഷ്യന്റെ ഇമോഷൻ പറയുന്ന ഒരു പടമാണ്. സൂപ്പർസ്റ്റാറാണ് എന്നതിനപ്പുറം മോഹൻലാലിലെ നടനെയാണ് സിനിമ ഉപയോഗിക്കുന്നത്. വളരെ സത്യസന്ധമായി വരുന്ന ഒരുപാട് നിമിഷങ്ങളെല്ലാം ചേർത്തുവയ്ക്കുന്ന രൂപത്തിലാണ് സിനിമ ഒരുക്കുന്നത്.
സിനിമയ്ക്ക് വേണ്ടി കുത്തിക്കയറ്റുന്ന രംഗങ്ങൾ ഒന്നും ഉണ്ടാവില്ല. എന്നാൽ തന്നെയും ഒരു കോമേഴ്ഷ്യൽ സിനിമ തന്നെയായിരിക്കും.
ആക്ഷനും പാട്ടും തമാശയും ഇഷ്ടവും എല്ലാമുള്ള, ആളുകൾ കാണാൻ ആഗ്രഹിക്കുന്ന മോഹൻലാൽ സിനിമ. തിയേറ്ററിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ആളുകളെ വൈകാരികമായി ചേർത്ത് പിടിക്കുകയും ചെയ്യും,’തരുൺ മൂർത്തി പറയുന്നു.
Content Highlight: Tharun Moorthi Talk About His Next Mohanlal Movie