ശശി തരൂര്‍ തന്റെ സുഹൃത്തായ ഡോ. രാജീവ് ഭാസിനയച്ച മെയിലിലാണ് എയിംസ് മേധാവിക്ക് മെയില്‍ അയച്ച കാര്യം തരൂര്‍ പറയുന്നത്. ഈ മെയിലാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. തങ്ങളുടെ പൊതു സുഹൃത്തായ അനില്‍ ഗുപ്ത വഴിയാണ് ഡോക്ടറെ ഇക്കാര്യങ്ങള്‍ അറിയിച്ചതെന്നും തരൂര്‍ അനിലിന് അയച്ച മെയിലില്‍ വ്യക്തമാക്കുന്നു.
ഫോറന്‍സിക് മേധാവി സുധീര്‍ ഗുപ്ത ഇതേ ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്നു. സുനന്ദയുടെ മുറിയില്‍ കണ്ടെത്തിയ ആല്‍പ്രാക്‌സ് ഗുളികകള്‍ സുനന്ദയുടെ മകന്‍ ഉപയോഗിച്ചതാണെന്ന് ചിത്രീകരിക്കാനും ശശി തരൂര്‍ ശ്രമിച്ചു. സുനന്ദയുടെ ശരീരത്തില്‍ അല്‍പ്രാക്‌സ് ഗുളികയുടെ സാന്നിധ്യം ഇല്ലാത്ത സാഹചര്യത്തില്‍ റൂമില്‍ ഗുളികകള്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പോലീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു.
ആരാണ് ഈ ഗുളികകള്‍ റൂമില്‍ കൊണ്ടുവന്നത്, സുനന്ദയുടെ കൂടുംബത്തിലോ സുഹൃത്ത് വലയത്തിലോ പെട്ട ആരെങ്കിലും ഗുളികകള്‍ ഉപയോഗിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിച്ചിരുന്നു. ദുബൈയില്‍ നടത്തി എന്നു പറയുന്ന പരിശോധനയില്‍ ശിവ് മേനോനില്‍ കഞ്ചാവിന്റെ സ്വാധീനം കണ്ടെത്തിയിരുന്നുവെന്നും മെയിലില്‍ പറയുന്നു.
സുനന്ദ പുഷ്‌കര്‍ മരിച്ചതിന്റെ ഒന്‍പതാം ദിവസമാണ് തരൂര്‍ എയിംസ് മേധാവിക്ക് കത്തയച്ചിരിക്കുന്നത്. ലൂപസ് രോഗവും അതോടൊപ്പം അല്‍പ്രാക്‌സ് ഗുളികകളുടെ ഉപയോഗവുമാണ് സുനന്ദയുടെ മരണത്തിലേക്ക് നയിച്ചത് എന്ന് സ്ഥാപിക്കാനാണ് തരൂര്‍ എയിംസ് മേധാവിക്ക് അയച്ച മെയിലില്‍ ഉടനീളം ശ്രമിച്ചിരിക്കുന്നത്.
തരൂരിന്റെ സുഹൃത്തായ രണ്ട് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുനന്ദയുടെ മരണം സ്വാഭാവികമാണെന്ന് എയിംസ് മേധാവിയെ ധരിപ്പിക്കാന്‍ തരൂര്‍ ശ്രമിച്ചിരിക്കുന്നത്. തനിക്ക് 9 വര്‍ഷമായി സുനന്ദയെ അറിയാമയിരുന്നുന്നെന്നും അവര്‍ക്ക് ലൂപസ് രോഗമുണ്ടായിരുന്നുവെന്നുമാണ് തരൂറിന്റെ സുഹൃത്തായ ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചികിത്സയ്ക്ക് അവര്‍ കൂട്ടാക്കിയിരുന്നില്ലെന്നും പെട്ടെന്ന് തന്നെ മുറിവുകളുണ്ടാകുന്ന ശരീരമാണ് സുനന്ദയുടേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.