|

'ഒരു മനുഷ്യനോട് ദശലക്ഷക്കണക്കിന് ആളുകള്‍ ഉവ്വ് എന്ന് പറയുന്ന ഒരു രാജ്യമായി ഇന്ത്യ മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'; നെഹ്‌റുവിനെ ഉദ്ധരിച്ച് മോദിക്ക് തരൂരിന്റെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.

മുന്‍പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ വാക്ക് ഉദ്ധരിച്ചുകൊണ്ടായിരുന്നു തരൂര്‍ മോദിയെ വിമര്‍ശിച്ചത്.

ഒരു മനുഷ്യനോട് ദശലക്ഷക്കണക്കിന് ആളുകള്‍ ഉവ്വ് എന്ന് പറയുന്ന ഒരു രാജ്യമായി ഇന്ത്യ മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ശക്തമായ ഒരു പ്രതിപക്ഷം വേണം, എന്നാണ് 1951-52 ലെ ക്യാംപെയ്‌നില്‍ നെഹ്‌റു പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ രാജ്യം എങ്ങനെ മാറിയിരിക്കുന്നൂവെന്ന് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

എഴുപത് വര്‍ഷത്തിനിപ്പുറത്ത് കോണ്‍ഗ്രസ് മുക്ത ഭാരതവും കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം മുഖം കാണാന്‍ ആഗ്രഹിക്കുന്നതുമായ പ്രധാനമന്ത്രിയാണ് ഇന്ത്യയ്ക്ക് ഉള്ളതെന്നും തരൂര്‍ പറഞ്ഞു.

ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം വയ്ക്കുന്നതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

ഇന്ത്യ നല്‍കുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ചതിനാല്‍ പ്രവാസികള്‍ വലിയതരത്തിലുള്ള പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മറ്റ് രാജ്യങ്ങളിലെ സര്‍ട്ടിഫിക്കറ്റില്‍ വാക്സിന്‍ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ഇന്ത്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ പടവും സന്ദേശവുമുണ്ട്. ഇത് കാരണം മണിക്കൂറുകളോളം യാത്രക്കാര്‍ പരിശോധനയ്ക്ക് നില്‍ക്കേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Tharoor Mocks Modi