|

ഡി.വൈ.എഫ്.ഐ പരിപാടിയിലേക്ക് തരൂരിന് ക്ഷണം; ആശംസ അറിയിച്ച് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തിരുവനന്തപുരത്ത് നടക്കുന്ന മവാസോ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിലേക്ക് ശശി തരൂര്‍ എം.പിയെ ക്ഷണിച്ച് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിലേക്കാണ് തരൂരിനെ എ.എ റഹീമടക്കമുള്ള പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ക്ഷണിച്ചത്.

ഡി.വൈ.എഫ്.ഐ നടത്തുന്ന പരിപാടിക്ക് ശശി തരൂര്‍ ആശംസയും അറിയിച്ചിട്ടുണ്ട്. ഫെസ്റ്റിലിലേക്ക് ഒരു സെഷനില്‍ പങ്കെടുക്കാനാണ് തരൂരിന് ക്ഷണം ലഭിച്ചത്.

എന്നാല്‍ അതേദിവസം താന്‍ കേരളത്തില്‍ ഉണ്ടാവില്ലെന്നും സൂറത്തില്‍ മറ്റൊരു പരിപാടിയുണ്ടെന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ശ്രമിക്കാമെന്നും പറഞ്ഞതായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട ശശി തരൂരിന്റെ നിലപാട് സ്വാഗതം ചെയ്തുകൊണ്ടാണ് ഡി.വൈ.എഫ്.ഐ അദ്ദേഹത്തെ ക്ഷണിച്ചതെന്നും സനോജ് പറഞ്ഞു.

മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലായി തിരുവനന്തപുരത്ത് വച്ചാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മവാസോ യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ നടക്കുന്നത്. ശശി തരൂര്‍ എം.പിയെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം എം.പി, സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജര്‍ എന്നിവര്‍ ദല്‍ഹിയിലെ വസതിയിലെത്തിയാണ് ക്ഷണിച്ചത്.

അടുത്തിടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെയും വികസനത്തെയും പ്രകീര്‍ത്തിച്ച് ശശി തരൂര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം ചര്‍ച്ചാ വിഷയമായിരുന്നു. പിന്നാലെ നിരവധി നേതാക്കള്‍ തരൂരിനെ പിന്തുണച്ചും തള്ളിയും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ പല നേതാക്കളും അദ്ദേഹത്തിന്റെ ലേഖനത്തെയും പരാമര്‍ശത്തെയും തള്ളിയിരുന്നു.

Content Highlight: Tharoor invited to DYFI event; Greetings from Tharoor