| Monday, 20th December 2021, 11:12 am

'മുഖ്യമന്ത്രിയെ പുകഴ്ത്തി തരൂര്‍ എന്ന് വളച്ചൊടിച്ചു, അന്നത്തെ പ്രസംഗത്തെ കെ-റെയില്‍ വിഷയത്തിലെ എന്റെ നിലപാടുമായി കൂട്ടിക്കുഴച്ചു' :ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്റെ പ്രസംഗത്തെ കെ റെയിലുമായുള്ള നിലപാടുകളുമായി കൂട്ടികുഴച്ചതാണെന്ന് ശശി തരൂര്‍ എം.പി. ലുലു മാളിന്റെ ഉദ്ഘാടന വേളയില്‍ താന്‍ കെ റെയിലിനെ എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ പുകഴ്ത്തി വീണ്ടും തരൂര്‍ എന്നതരത്തില്‍ വളച്ചൊടിക്കപ്പെടുകയായിരുന്നെന്നും തരൂര്‍ പറഞ്ഞു. മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം പറയുന്നത്.

ലുലുവിന്റെ ഉദ്ഘാടനവേളയില്‍ രണ്ട് കാര്യങ്ങളാണ് തന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്. ആദ്യത്തേത് തിരുവനന്തപുരത്ത് ഷോപ്പിങ്ങിനും ഭക്ഷണത്തിനും വിനോദത്തിനുമെല്ലാം കൂടുതല്‍ ഇടങ്ങള്‍ വേണമെന്നത്. മറ്റൊന്ന് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ യുവാക്കള്‍ക്ക് വേണമെന്നുമായിരുന്നു, തരൂര്‍ പറയുന്നു. എന്നാല്‍ താന്‍ പറഞ്ഞത് മറ്റൊരു തരത്തില്‍ വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന് തരൂര്‍ പറഞ്ഞു.

‘വ്യവസായത്തിന് പറ്റിയ സ്ഥലമാണ് കേരളം എന്ന സന്ദേശം ലോകത്താകമാനം പരക്കേണ്ടതുണ്ട്. മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലൂടെ ഈ സന്ദേശം അവതരിപ്പിച്ചതിനാണ് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചത്. ഇക്കാര്യം ഞാന്‍ പറഞ്ഞവസാനിക്കുമ്പോള്‍ സദസ്സിസുണ്ടായിരുന്നവര്‍ കൈയടിച്ചെങ്കിലും എന്റെ കാഴ്ചപ്പാടിനോട് ആശയപരമായ ചില എതിര്‍പ്പുകളുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍, മുഖ്യമന്ത്രിയെ പുകഴ്ത്തി വീണ്ടും തരൂര്‍ എന്ന വളച്ചൊടിച്ചുള്ള തലക്കെട്ടുകളും കെ റെയിലിനെകുറിച്ച് എവിടെയും പരാമര്‍ശിച്ചിരുന്നില്ലെങ്കിലും അന്നത്തെ എന്റെ പ്രസംഗത്തെ കെ റെയില്‍ വിഷയത്തിലെ എന്റെ നിലപാടുമായി കൂട്ടിക്കുഴച്ചതും എന്നെ സംബന്ധിച്ചിടത്തോളം നൂറുശതമാനം അപ്രതീക്ഷിതമായിരുന്നു.

ശത്രവിന് സഹായവും ആശ്വാസവുമേകുന്നുവെന്ന് എന്റെ സഹപ്രവര്‍ത്തകര്‍പോലും ആക്ഷേപിച്ചു. ആദ്യമായിട്ടല്ലെങ്കിലും. തിരുവനന്തപുരം വിമാനത്താവളത്തിലെ മുഖ്യമന്ത്രിയുടെ നിലപാടടക്കം സി.പി.ഐ.എമ്മിന്റെ പിന്തിരിപ്പന്‍ നയങ്ങളെ എതിര്‍ത്ത് എല്ലായ്‌പ്പോഴും ഞാന്‍ വികസനത്തെ പിന്തുണച്ചിരുന്നവെന്നത് മറന്ന് സി.പി.ഐ.എമ്മിന്റെ പല വക്താക്കളും എനിക്ക് കപടമായ അഭിനന്ദനം നേര്‍ന്നു.

എന്റെ പരാമര്‍ശങ്ങളുടെ അന്തസത്ത ഇരുഭാഗങ്ങളും ഉള്‍കൊള്ളാതെ പോയി. തീര്‍ത്തും സുതാര്യമായ എന്റെ വാദങ്ങളാണ് മുഖ്യമന്ത്രിയെ പരസ്യമായി പിന്തുണച്ചുവെന്ന രീതിയില്‍ ചുരുങ്ങിപ്പോയത്,’ തരൂര്‍ പറയുന്നു.

കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും സാങ്കേതിക ഭരണമേധാവികളും പ്രാദേശിക ജനപ്രതിനിധികളും തുറന്നരീതിയില്‍ ചര്‍ച്ച നടത്തണം. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാന്‍ കെല്‍പ്പുള്ള ഒരു പദ്ധതിയെകുറിച്ച് യോജ്യമായ നിഗമനത്തിലെത്താന്‍ ഇത്തരം സമീപനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും. സര്‍ക്കാര്‍ പറയുന്നത് ഒരുപക്ഷെ നമുക്ക് ബോധ്യപ്പെട്ടേക്കില്ല. എന്നാല്‍ അവര്‍ക്കു പറയാനുള്ളത് കേള്‍ക്കുന്നതിനുമുമ്പേ സര്‍ക്കാരിന്റെ നിലാപടുകളെ തള്ളികളയരുതെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം- കാസര്‍കോട് സെമി ഹൈ- സ്പീഡ് റെയില്‍ പദ്ധതിയുമായും അതുണ്ടാക്കുന്ന പ്രത്യാഘാതഘൃങ്ങളും പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് തോന്നിയതിനാലാണ് നിവേദനത്തില്‍ ഒപ്പുവെക്കാതിരുന്നതെന്നും തരൂര്‍ പറഞ്ഞു.

‘നിവേദനത്തില്‍ ഒപ്പിട്ടില്ല എന്നതിനര്‍ഥം ഞാന്‍ ആ പദ്ധതിയെ സ്വാഗതം ചെയ്യുന്നു എന്നല്ല. മറിച്ച് ആ നിലപാട് പരസ്യമാക്കുന്നതിനുമുമ്പ് അതേകുറിച്ച് പഠിക്കാന്‍ സമയമാവശ്യപ്പെടുന്നു എന്ന് മാത്രമാണ്,’ തരൂര്‍ കൂട്ടിചേര്‍ത്തു.

അതേസമയം, കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും പിന്തുണച്ച ശശി തരൂര്‍ എം.പിക്ക് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടിക്കകത്തുള്ളവരാണെങ്കില്‍ പാര്‍ട്ടിക്ക് അനുസരിച്ച് പെരുമാറേണ്ടി വരുമെന്നും ശശി തരൂരിനോട് അതുമാത്രമാണ് പാര്‍ട്ടിക്ക് പറയാനുള്ളതെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നത്.

കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശശി തരൂര്‍ വ്യത്യസ്ത നിലപാടെടുക്കുന്നതില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തൃപ്തിയറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ തരൂര്‍ പുകഴ്ത്തി സംസാരിച്ചതിലും നേതൃത്വത്തിന് എതിര്‍പ്പുണ്ട്.

വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നത്. ഇത് നല്ലകാര്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Tharoor explaining what he said in his speech

We use cookies to give you the best possible experience. Learn more